കൊച്ചി: നിപ വൈറസിന്റെ ഉറവിടം കണ്ടത്തുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്നു. കേന്ദ്രസംഘത്തിലെ ഡോ. രുചി ജയിനിന്റെ നേതൃത്വത്തില്‍ എയിംസ്, എന്‍സിഡിസി, നിംഹാന്‍സ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധ സംഘം രോഗം ബാധിച്ച വ്യക്തി മുന്‍പ് ചികിത്സ തേടിയ ആശുപത്രി, മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും.
നിപ ബാധിതനായ യുവാവിന്റെ താമസസ്ഥലത്തിനടുത്ത് മൂന്നിടത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ഉണ്ടെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് വവ്വാലുകളെ പിടികൂടി ശ്രവങ്ങള്‍ ശേഖരിച്ച് പരിശോധനയ്‌ക്ക് അയയ്‌ക്കും. അസുഖബാധിതനായ സമയത്ത് യുവാവ് താമസിച്ചിരുന്ന തൃശൂര്‍, തൊടുപുഴ ഭാഗങ്ങളിലും പരിശോധന പുരോഗമിക്കുന്നു.
എന്‍ഡമോളജിസ്റ്റ്, ഫീല്‍ഡ് ബയോളിസ്റ്റ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട പൂനെയില്‍ നിന്നുള്ള വിദഗ്ധ സംഘം വവ്വാലുകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്. വവ്വാലുകളെക്കുറിച്ച് പഠിക്കുന്നതിനായി ഡോ. സുദീപ്, ഡോ. ഗോഖ്റേ, ഡോ. ബാലസുബ്രമണ്യം എന്നവരടങ്ങിയ മൂന്നംഗ വിദഗ്ധ സംഘവും വിവിധയിടങ്ങള്‍ കേന്രീകരിച്ച് നിരീക്ഷണം തുടരുന്നു.
അതേസമയം, ഉറവിടം കണ്ടെത്തുക പ്രയാസകരമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ തവണ കോഴിക്കോട് നിപ ബാധ ഉണ്ടായപ്പോള്‍ ഉറവിടം കൃത്യമായി കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. രണ്ട് തവണ വവ്വാലുകളെ പരിശോധിച്ചെങ്കിലും വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല. മൂന്നാമത് നടത്തിയ പരിസോധനയിലാണ് ചില വവ്വാലുകളില്‍ വൈറസ് കണ്ടെത്തിയത്. എന്നാല്‍, ആദ്യം രോഗബാധിതനായ ആളില്‍ എങ്ങനെയാണ് വൈറസ് എത്തിയതെന്ന് കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.
















