ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ മൂന്ന് വയസ്സുകാരിയെ ക്രൂരമായി കൊന്ന സംഭവത്തില്‍ ഉത്തരേന്ത്യയില്‍ പ്രതിഷേധം വ്യാപിക്കുന്നു. അറസ്റ്റിലായ സഹീദ് (27), അസ്ലം (42) എന്നിവര്‍ക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്തി പോലീസ് കേസെടുത്തു. പ്രത്യേക അന്വേഷണ സംഘവും സര്‍ക്കാര്‍ രൂപീകരിച്ചു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് സിഐ ഉള്‍പ്പെടെ അഞ്ച് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.
പെണ്‍കുട്ടിയുടെ മുത്തച്ഛനില്‍ നിന്ന് പ്രതികള്‍ പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനു ശേഷമാണ് ക്രൂരമായ കൊല. മെയ് 30നാണ് പെണ്‍കുട്ടിയെ കാണാതായത്. തൊട്ടടുത്ത ദിവസം വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഞായറാഴ്ച കുട്ടിയുടെ ശരീരാവശിഷ്ടങ്ങള്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തി.
മാലിന്യക്കൂമ്പാരത്തില്‍ ശരീരാവശിഷ്ടങ്ങള്‍ തെരുവുനായ വലിച്ചിഴയ്‌ക്കുന്നത് ഒരു സ്ത്രീ കണ്ടതോടെയാണ് കുട്ടിയുടെ മരണം പുറംലോകമറിയുന്നത്. ശ്വാസംമുട്ടി മരിച്ചെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നുവെന്നാണ് നിഗമനം. കുട്ടിയുടെ ശരീരഭാഗങ്ങള്‍ അറ്റ നിലയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കുട്ടിയുടെ മുത്തച്ഛനില്‍ നിന്ന് 50,000 രൂപ സഹീദ് കടം വാങ്ങിയിരുന്നു. തിരികെ നല്‍കാനുണ്ടായിരുന്ന 10,000 രൂപ ചോദിച്ചതാണ് പ്രതികളുടെ വൈരാഗ്യത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഇതിന് അനുഭവിക്കേണ്ടി വരുമെന്ന് സഹീദ് ഭീഷണിപ്പെടുത്തി. രണ്ടു ദിവസത്തിനു ശേഷം കുട്ടിയെ കാണാതായി. സഹീദിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് അസ്ലമിന്റെ പങ്ക് വെളിപ്പെട്ടത്.
പ്രതികളുടെ കുടുംബാംഗങ്ങള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നും കുട്ടിയുടെ അച്ഛന്‍ ആവശ്യപ്പെട്ടു. പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. സമൂഹമാധ്യമങ്ങളിലും ജനരോഷം പടരുന്നു. കത്വയില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ വിഷയം വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിച്ചവര്‍ അലിഗഡിലെ പ്രതികളുടെ മതം മറക്കുകയാണോയെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം.
















