ന്യൂദല്‍ഹി : മുന്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സര്‍ക്കാര്‍ വസതി ഒഴിഞ്ഞു. ഇതോടൊപ്പം ഔദ്യോഗിക കാറുകളും പേഴ്‌സണ്‍ സ്റ്റാഫിനേയും തിരിച്ചേല്‍പ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണവും കുറച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയുന്നതിന്റെ ഭാഗമായി ഇലക്ട്രിസിറ്റി, വെള്ളം, ഫോണ്‍, പത്രം തുടങ്ങിവയുടെ ബില്ലുകള്‍ അടയ്‌ക്കാന്‍ ശേഷിക്കുന്ന ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ കാരണങ്ങളാല്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ജെയ്റ്റ്‌ലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ സൗത്ത് ദല്‍ഹിയിലേക്കുള്ള സ്വന്തം വീട്ടിലേക്കാണ് അദ്ദേഹത്തെ കുടുംബം കൊണ്ടുപോയത്.
മുന്‍ ലോക്‌സഭാ അംഗങ്ങള്‍ പുതിയ അംഗങ്ങള്‍ ചുമതലയേറ്റ് ഒരു മാസത്തിനുള്ളില്‍ ഔദ്യോഗിക വസതികള്‍ ഒഴിയണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശമുണ്ട്. സുപ്രീംകോടതി അഭിഭാഷകന്‍ കൂടിയായ ജെയ്റ്റ്‌ലി അത് ശിരസാ വഹിച്ചു. പുതിയ മന്ത്രിസഭയില്‍ ജെയ്റ്റ്‌ലിയും ഉണ്ടാകുമെന്ന് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു.
എന്നാല്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രിസഭയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം തന്നെ മോദിക്ക് കത്ത് നല്‍കുകയായിരുന്നു.
















