ന്യൂദല്‍ഹി: സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കാനും തൊഴിലില്ലായ്‌മ പരിഹരിക്കാനും ലക്ഷ്യമിട്ട് രണ്ട് മന്ത്രിസഭാ സമിതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി. സുരക്ഷ, സാമ്പത്തികം, രാഷ്‌ട്രീയകാര്യം, അക്കമഡേഷന്‍, പാര്‍ലമെന്ററികാര്യം, നിയമനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആറ് സമിതികള്‍ ഇതോടൊപ്പം പുനഃസംഘടിപ്പിച്ചു.
ആഭ്യന്തര മന്ത്രി അമിത് ഷാ എട്ട് സമിതികളിലും, അക്കമഡേഷന്‍, പാര്‍ലമെന്ററികാര്യം എന്നിവയൊഴികെ ആറ് സമിതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അംഗമാണ്. നിയമനകാര്യങ്ങള്‍ക്കായുള്ള സമിതിയില്‍ മോദിയും ഷായും മാത്രമാണുള്ളത്. പാര്‍ലമെന്ററികാര്യ സമിതിയില്‍ വി. മുരളീധരന്‍ പ്രത്യേക ക്ഷണിതാവാണ്.
നിക്ഷേപത്തിനും സാമ്പത്തിക വളര്‍ച്ചയ്‌ക്കുമായി പ്രധാനമന്ത്രി ഉള്‍പ്പെടെ അഞ്ചംഗ സമിതിയാണ് നിലവില്‍വന്നത്. അമിത് ഷാ, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, ധനമന്ത്രി നിര്‍മല സീതാരാമന്‍, റയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരാണ് അംഗങ്ങള്‍. തൊഴിലവസരം സൃഷ്ടിക്കുന്നതിനും നൈപുണ്യ വികസനത്തിനുമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയില്‍ അമിത് ഷാ, നിര്‍മല സീതാരാമന്‍, പീയുഷ് ഗോയല്‍, നരേന്ദ്ര സിങ് തോമര്‍, രമേഷ് പൊഖ്റിയാല്‍ നിഷാങ്ക്, ധര്‍മേന്ദ്ര പ്രധാന്‍, മഹേന്ദ്രനാഥ് പാണ്ഡെ, സന്തോഷ് കുമാര്‍ ഗാംഗ്വാര്‍, ഹര്‍ദീപ് സിങ് പുരി എന്നിവരാണുള്ളത്.
ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ സമിതിയില്‍ പ്രധാനമന്ത്രി അധ്യക്ഷനും എസ്. ജയശങ്കര്‍, നിര്‍മല സീതാരാമന്‍, അമിത് ഷാ, രാജ്‌നാഥ് സിങ് എന്നിവര്‍ അംഗങ്ങളുമാണ്. മോദി അധ്യക്ഷനായ സാമ്പത്തികകാര്യ സമിതിയില്‍ രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, സദാനന്ദ ഗൗഡ, നരേന്ദ്ര സിങ് തോമര്‍, നിര്‍മല സീതാരാമന്‍, രവിശങ്കര്‍ പ്രസാദ്, ഹര്‍സിമ്രത് കൗര്‍ ബാദല്‍, എസ്. ജയശങ്കര്‍, പീയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരാണ് അംഗങ്ങള്‍. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള രാഷ്‌ട്രീയകാര്യ സമിതില്‍ അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍, രാംവിലാസ് പാസ്വാന്‍, നരേന്ദ്ര സിങ് തോമര്‍, രവിശങ്കര്‍ പ്രസാദ്, ഹര്‍സിമ്രത് കൗര്‍ ബാദല്‍, ഹര്‍ഷവര്‍ദ്ധന്‍, പീയൂഷ് ഗോയല്‍, അരവിന്ദ് സാവന്ത്, പ്രഹ്ലാദ് ജോഷി എന്നിവരും ഉള്‍പ്പെട്ടു.
















