കൊച്ചി: ഒരുവര്‍ഷത്തിനുശേഷം നിപാ വീണ്ടും കേരളത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും വൈറസ് എങ്ങനെ മനുഷ്യനിലേക്കെത്തിയെന്നതില്‍ വ്യക്തതയില്ല. പഴംതീനി വവ്വാലുകളാണ് വൈറസ് വാഹകരെന്ന് ഉറപ്പാണെങ്കിലും പേരാമ്പ്ര സൂപ്പിക്കടയില്‍ രോഗം സ്ഥിരീകരിച്ചവരിലേക്ക് ഇതെങ്ങനെ പകര്‍ന്നു എന്ന അന്വേഷണമാണ് ഒരു വര്‍ഷമായിട്ടും എങ്ങുമെത്താത്തത്. കോഴിക്കോട്ടെ പേരാമ്പ്ര ചങ്ങരോത്തിനടുത്തുള്ള സൂപ്പിക്കടയിലെ മുഹമ്മദ് സാബിത്താണ് കേരളത്തിലെ ആദ്യ നിപ രോഗി. സാബിത്തിന് എങ്ങനെ നിപ ബാധിച്ചുവെന്ന് ഇപ്പോഴും അജ്ഞാതമാണ്. 2018 മേയ് അഞ്ചിനാണ് സാബിത്ത് മരിച്ചത്.
നിപായെ പ്രതിരോധിക്കുന്നതില്‍ ലോകത്തിനുതന്നെ മാതൃകയായ പ്രവര്‍ത്തനം നടത്തിയെന്ന് കേരള സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ അവകാശവാദങ്ങളെയെല്ലാം തകര്‍ത്തുകൊണ്ടാണ് നിപയുടെ രണ്ടാം വരവ്. നിപയുടെ രോഗലക്ഷണങ്ങള്‍ അവസാനിച്ചതിന് ശേഷം അതിനെക്കുറിച്ച് പഠിക്കാന്‍ ആരോഗ്യവകുപ്പ് തയാറായില്ല. അമേരിക്കയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി നിപാ പ്രതിരോധത്തില്‍ സര്‍ക്കാരിന് അവാര്‍ഡ് നല്‍കിയിരുന്നു. എന്നാല്‍, ഈ അവാര്‍ഡ് സ്വീകരിച്ച ശേഷവും നിപാ പടന്നത് എങ്ങനെയെന്ന് പഠിക്കാന്‍ ആരോഗ്യ വകുപ്പ് തയാറായില്ലന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വവ്വാലുകളില്‍ നിന്നാണ് നിപ വൈറസ് മനുഷ്യരിലേക്ക് പകരുന്നതെന്ന് വിദഗ്‌ദ്ധര്‍ പറയുന്നുണ്ടെങ്കിലും എങ്ങനെ അത് ആദ്യ രോഗലക്ഷണം കണ്ട സാബിത്തിലെത്തിയെന്നത് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അജ്ഞാത കാരണങ്ങളാല്‍ മരണം ഉണ്ടാകുമ്പോള്‍ പോസ്റ്റ്മോര്‍ട്ടം നടത്തുകയോ ആന്തരിക സ്രവങ്ങള്‍ വിദഗ്ധ പരിശോധനയ്‌ക്ക് അയക്കുകയോ ചെയ്യണം. എന്നാല്‍ കോഴിക്കോട്ടെ നിപയുടെ ആദ്യ വരവില്‍ ഇത് ലംഘിക്കപ്പെട്ടു. വൈറസിന്റെ ഉത്ഭവം കണ്ടെത്താനാവാത്തതും തിരിച്ചടിയായി. വവ്വാലില്‍ നിന്നായിരിക്കാം വൈറസ് പകര്‍ന്നതെന്ന നിഗമനത്തിലാണ് അധികൃതരെത്തിയത്. ഒരു വര്‍ഷത്തിനിടയില്‍ നിപ തിരിച്ചുവരാമെന്ന മുന്നറിയിപ്പും അന്ന് വിദഗ്ധര്‍ നല്‍കിയിരുന്നു. ഇത് നിര്‍ദേശം ആരോഗ്യവകുപ്പ് കാര്യമായെടുത്തില്ലെന്നാണ് നിപയുടെ രണ്ടാം വരവ് സൂചിപ്പിക്കുന്നത്.
















