കാരണത്വാധികരണം
നാലാം പാദത്തിലെ നാലാമത്തെ അധികരണമായ ഇതില്‍ രണ്ട് സൂത്രങ്ങളുണ്ട്.
സൂത്രം കാരണത്വേ ന ചാകാശാദിഷു യഥാ വ്യപദിഷ്ടോക്തേ:
(കാരണത്വേ ന ച ആകാശാദിഷു യഥാ വ്യപദിഷ്ട ഉക്തേ:)
ആകാശം മുതലായവയുടെ സൃഷ്ടിക്രമത്തില്‍ വൈവിധ്യമുണ്ടെങ്കിലും കാരണമായുള്ളതില് അത് കാണുന്നില്ല. എന്തെന്നാല്‍ മുമ്പ് വ്യപദേശിച്ചത് പോലെ പിന്നെയും പറഞ്ഞിട്ടുള്ളതിനാല്‍.
എല്ലായിടത്തും ഒരുപോലെയാണ് കാരണമായ ബ്രഹ്മത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. പ്രധാന വാദികളുടെ വാദങ്ങളെ നിരസിച്ച് ഈ ലോകത്തിന്റെ ഉദ്ഭവത്തിന് കാരണം ബ്രഹ്മമാണെന്ന് ഉറപ്പിക്കുകയാണ് ഇവിടെ.
ജഗത്തിന് കാരണം ബ്രഹ്മമോ ബ്രഹ്മവിഷയമോ അല്ല എന്നാണ് പ്രധാനക്കാരുടെ വാദം. ജഗത് സൃഷ്ടിയെപ്പറ്റി പലതരത്തിലാണ് ഉപനിഷത്തുകള്‍ പറയുന്നത്. ഈ വൈരുദ്ധ്യ കാരണം ബ്രഹ്മത്തെ ജഗത്കാരണമായി എടുക്കാനാവില്ലെന്ന് അവര്‍ പറയുന്നു.
തൈത്തിരീയത്തില്‍
‘തസ്മാദ്വാ ആത്മന ആകാശ: സംഭൂത: ‘ ആകാശം മുതലായ ക്രമത്തിലാണ് സൃഷ്ടിയെന്ന് പറയുന്നു.എന്നാല്‍ ഛാന്ദോഗ്യത്തില്‍ ‘തത്തേജോളസൃജത ‘ തേജസ്സിനെയാണ് ആദ്യം സൃഷ്ടിച്ചത് എന്ന് പറയുന്നു.
പ്രശ്നോപനിഷത്തില്‍ ‘സ പ്രാണമജൃത പ്രാണാത് ശ്രദ്ധാം പ്രാണനെയാണ് സൃഷ്ടിച്ചതെന്ന് കാണാം.ഐതയരേത്തില് ‘സ ഇമാന് ലോകാനസൃജത അംഭോ മരീചിര്മരമാപ: ‘ലോകങ്ങളെ ഒന്നിച്ച് സൃഷ്ടിച്ചുവെന്ന് പ്രസ്താവിക്കുന്നു. ബൃഹദാരണ്യകത്തില്‍ ‘തദ്ധേദം തര്ഹ്യവ്യാകൃതമാസീത്തന്നാമരൂപാഭ്യാമേവ വ്യാകൃീയതേ ‘ അവ്യാകൃതമായിരുന്നത് വ്യാകൃതമായി എന്നാണ് വ്യക്തമാക്കുന്നത്. ചിലയിടങ്ങളില്‍ സത്തില്‍ നിന്നാണെന്നും മറ്റ് ചിലയിടങ്ങളില്‍ അസത്തില്‍ നിന്നാണ് ജഗത്ത് ഉണ്ടായതെന്നും കാണാം. ഉണ്ടായ സാധനങ്ങളുടെ ക്രമവും വ്യത്യാസപ്പെട്ട് കാണാം.
ഇങ്ങനെ പലതരത്തില്‍ വിരുദ്ധമായി പറഞ്ഞിട്ടുള്ളതിനാല്‍ ജഗത്തിന്റെ ഉദ്ഭവം,ക്രമം, കാരണം എന്നിവയെപ്പറ്റി കൃത്യമായ ഒരു അഭിപ്രായം കിട്ടുന്നില്ല. അതിനാല്‍ ബ്രഹ്മത്തിനെ എങ്ങനെ ജഗത് കാരണമായി കണക്കാക്കാനാവും എന്നാണ് പൂര്‍വ്വ പക്ഷത്തിന്റെ ചോദ്യം.
എന്നാല്‍ ഈ വാദത്തിലും കഴമ്പില്ല എന്ന് സൂത്രം തെളിയിക്കുന്നു. സൃഷ്ടിയിലെ വസ്തുക്കളുടെ സൃഷ്ടിക്രമത്തില്‍ ചേര്‍ച്ച ഇല്ലാ എങ്കിലും സൃഷ്ടികര്‍ത്താവിനെ പറ്റി വാക്യങ്ങളില്‍ വ്യത്യസ്ത അഭിപ്രായമോ വിരുദ്ധതയോ ഇല്ല.
ഇക്കാര്യത്തില്‍ വേദാന്തവും ഉപനിഷദ് ഗ്രന്ഥങളും ഒരേ സ്വരം തന്നെയാണ്.ബ്രഹ്മം തന്നെയാണ് സൃഷ്ടിക്കപ്പെട്ട വസ്തുക്കളായിത്തീര്ന്നിരുന്നത്. തൈത്തിരീയത്തില്‍ ‘സോളകാമയത, ബഹുസ്യാം പ്രജായേയേതി ‘. ഏകമായ ബ്രഹ്മം അനേകമായി തീര്‍ന്നതാണ് ഈ ഇഗത്ത്. അതു കൊണ്ട് തന്നെ സ്രഷ്ടാവിനും സൃഷ്ടിജാലങ്ങള്‍ക്കും തമ്മില്‍ ഭേദമില്ല.
എന്തിനെയൊക്കെ ജഗത്തിന്റെ കാരണമായി പറയുന്നുവോ അവയെല്ലാം പരബ്രഹ്മസ്വരൂപമായി വര്‍ണ്ണിക്കുന്നുണ്ട്. എല്ലാം പരമാത്മാവ് തന്നെയാണ്. ഏകമായത് അനേകമായിത്തീര്ന്നതിനാല് ഉല്പത്തി ക്രമത്തിലും കുഴപ്പമില്ല. ഏത് തത്വത്തെ ആദ്യം പറഞ്ഞാലും ശരി തന്നെ.
വേദാന്തത്തിന്റെ കാഴ്ചപ്പാടില്‍ മായാ കാര്യമായ ഈ ജഗത്ത് എങ്ങനെയുണ്ടായി, എവിടെ നിന്ന് തുടങ്ങി എന്നിവയൊന്നും പ്രസക്തമല്ല. എല്ലാം ഒന്നാണെന്ന കാഴ്ചപ്പാടുള്ളപ്പോള്‍ ഏത് ഭാഗത്ത് നിന്ന് തുടങ്ങിയാലും പ്രശ്നമില്ല.
ഏകമായ ബ്രഹ്മത്തെ പല തരത്തില്‍ നോക്കി കാണുന്നു എന്ന് മാത്രം. അത് ഏത് രൂപത്തിലായാലും ഒന്ന് തന്നെ. അതിനാല്‍ ശ്രുതി ഉറപ്പിക്കുന്നു ജഗത്കാരണം ബ്രഹ്മം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: