തിരുവല്ല: മലങ്കര കത്തോലിക്ക സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തായും, തിരുവല്ല ഭദ്രാസനത്തിന്റെ അഞ്ചാമത്തെ അദ്ധ്യക്ഷനുമായിരുന്ന ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത (92) കാലം ചെയ്തു. ചൊവ്വാഴ്‌ച്ച പുലര്‍ച്ചെ 3.15ന് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ ഉച്ചക്ക് രണ്ടിന് സഭയുടെ തലവനായ മോറോന്‍ മോര്‍ ബസേലിയോസ് ക്ലിമ്മീസ് കതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ദേവാലയത്തില്‍.
കോട്ടയം അമയന്നൂരില്‍ ചുണ്ടേവാലേല്‍ കുടുംബത്തില്‍ റവ. ജേക്കബിന്റെയും അന്നമ്മ ജേക്കബിന്റെയും മൂത്ത മകനായി 1928 ഫെബ്രുവരി രണ്ടിന് ജനനം. യാക്കോബായ കുടുംബത്തിലാണ് ജനിച്ചതെങ്കിലും 1940-ല്‍ കത്തോലിക്ക സഭയിലേക്ക് പുനരൈക്യപ്പെട്ടു. 1954 ആഗസ്ത് 24ന് ബിഷപ്പ് ഗ്ലെനില്‍നിന്ന് പുരോഹിതപട്ടം സ്വീകരിച്ചു.
1988 ജൂണ്‍ 26ന് മാതൃ ഇടവകയായ അമയന്നൂര്‍ ദേവാലയത്തില്‍ ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയില്‍നിന്ന് റമ്പാന്‍ സ്ഥാനവും, 1988 ആഗസ്ത് ആറിന് തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് എന്ന പേരില്‍ മെത്രാഭിഷേകവും സ്വീകരിച്ചു. കേരള മെത്രാന്‍സഭ സെക്രട്ടറി, ഭാരത മെത്രാന്‍ സഭ വൈസ് പ്രസിഡന്റ്, കാരിത്താസ് ഇന്ത്യയുടെ ചെയര്‍മാന്‍, മലങ്കര കത്തോലിക്കസഭ ലിറ്റര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍, ബെംഗളൂരു സെന്റ് ജോണ്‍സ് കോളജ് ബോര്‍ഡ് മെമ്പര്‍ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു.
സി. ജെയിന്‍ എസ്‌ഐസി, പരേതരായ സി. അപ്പളോണിയ എസ്‌ഐസി, ഫാ. ജോണ്‍ ചുണ്ടേവാലേല്‍, ഗ്രേസിക്കുട്ടി, ജോണി എന്നിവര്‍ സഹോദരങ്ങളാണ്.
നഷ്ടമായത് മതമൈത്രിയുടെ
ഋഷിവര്യന്‍: ബിജെപി
തിരുവല്ല: ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് തിരുമേനിയുടെ വേര്‍പാടിലൂടെ നഷ്ടമായത് മതമൈത്രിയുടെ ഋഷിവര്യനെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അനുസ്മരിച്ചു. ജാതിക്കും മതത്തിനും അപ്പുറം മാനവികത പ്രസംഗിച്ച ഇടയശ്രേഷ്ഠനായിരുന്നു മാര്‍ തിമോത്തിയോസ്.
മധ്യ തിരുവിതാംകൂറിലെ വിവിധ സ്ഥലങ്ങളില്‍ പാവപ്പെട്ട കുട്ടികള്‍ക്കായി ഹോസ്റ്റലുകള്‍ സ്ഥാപിച്ച് അവര്‍ക്ക് വിദ്യാഭ്യാസവും കരുതലും നല്‍കാന്‍ അദ്ദേഹം ശ്രമിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും ദരിദ്രരെരും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിച്ച മഹാനുഭാവിയായിരുന്നു വന്ദ്യപിതാവ്. അദ്ദേഹത്തിന്റെ വിയോഗം ക്രിസ്തീയ സഭയ്‌ക്ക് മാത്രമല്ല പൊതുസമൂഹത്തിനും തീരാനഷ്ടമാണെന്ന് ശ്രീധരന്‍പിള്ള അനുസ്മരിച്ചു.
















