ചെന്നൈ: തെക്കന്‍ സംസ്ഥാനങ്ങളിലായി 41 രഥയാത്രകള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പ സേവാസമാജം തീരുമാനിച്ചു. തമിഴ്‌നാട്ടില്‍ 17 രഥങ്ങളും, പുതുച്ചേരിയില്‍ ഒന്നും, കേരളത്തില്‍ പത്തും, കര്‍ണാടകത്തില്‍ എട്ടും, ആന്ധ്രയില്‍ രണ്ടും, തെലങ്കാനയില്‍ ഒരു രഥവും സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ പഞ്ചായത്തുകള്‍ തോറും യാത്ര നടത്തും.
ചെന്നൈയില്‍ നടന്ന രഥയാത്രാ സങ്കല്പ യോഗം കാഞ്ചികാമകോടി പീഠാധിപതി വിജയേന്ദ്ര സരസ്വതി സ്വാമി ഉദ്ഘാടനം ചെയ്തു. സനാതന സംസ്‌കാരം ജനങ്ങളെ ഒന്നിപ്പിക്കാനുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദു ധര്‍മത്തിലുള്ള ഒരു മതവും, വിശ്വാസിയെ തീവ്രവാദിയാക്കുന്നില്ല. മതത്തിനോടടുത്തു വരുമ്പോള്‍ അവന്റെ ദുഷ്ചിന്തകള്‍ നശിച്ച്, അവന്‍ ത്യാഗപൂര്‍ണ ജീവിതത്തിലേക്ക് നീങ്ങുന്നത് കാണാം. ശ്രീബുദ്ധനും, ശ്രീശങ്കരനും മുതല്‍ ഭാരതത്തില്‍ ഈ കാഴ്ച നമുക്ക് ഇന്നും കാണാം. അയ്യപ്പധര്‍മവും സനാതന ധര്‍മവും രണ്ടല്ല. രഥയാത്രകളില്‍ കൂടി സനാതന ധര്‍മ വിശ്വാസികളുടെ ആത്മവിശ്വാസം ഒന്നുകൂടി ഉറപ്പിച്ചു നിര്‍ത്താന്‍ സാധിക്കും, സ്വാമി പറഞ്ഞു.
ശബരിമല തന്ത്രി കണ്ഠര് മോഹനര് അയ്യപ്പ വിഗ്രഹത്തില്‍ പുഷ്പാര്‍ച്ചന നടത്തി കര്‍പ്പൂരമുഴിഞ്ഞു. പന്തളം രാജകൊട്ടാരം പ്രസിഡണ്ട് ശശികുമാര്‍ വര്‍മ വിശിഷ്ടാതിഥിയായി. ഗായകന്‍ വീരമണി രാജു, തമിഴ്‌നാട് പത്രപ്രവര്‍ത്തകന്‍ രംഗരാജ് പാണ്ഡെ, ബിജെപി ദേശീയസമിതി അംഗം എല്‍. ഗണേശന്‍ മുതലായവര്‍ ആശംസകളര്‍പ്പിച്ചു.
ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ അധ്യക്ഷന്‍ ടി.ബി. ശേഖര്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍, ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ദുരൈശങ്കര്‍ എന്നിവര്‍ രഥയാത്രയുടെ ഉദ്ദേശ്യം വിശദീകരിച്ചു. ഉത്തര തമിഴ്‌നാട് സെക്രട്ടറി രാധാകൃഷ്ണന്‍, സൗത്ത് ചെന്നൈ പ്രസിഡന്റ് വാന്‍ഒളി, സെക്രട്ടറി തങ്കവേല്‍, നടരാജ് മുതലായവര്‍ നേതൃത്വം നല്‍കി.
















