ന്യൂദല്‍ഹി: നിപ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിന് എല്ലാ സഹായങ്ങളും ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നു മന്ത്രി പറഞ്ഞു. നിപ നേരിടുന്നതിന് ദല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. മരുന്നുകള്‍ എത്തിക്കാന്‍ കേന്ദ്രം വിമാനം ലഭ്യമാക്കുമെന്നും അദേഹം അറിയിച്ചു.
ദല്‍ഹിയിലെ ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിപ സംശയമുണര്‍ന്നപ്പോള്‍ തന്നെ നടപടികള്‍ സ്വീകരിച്ചിരുന്നു. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണ് പൂനെയിലെ വൈറോളജി ലാബില്‍നിന്ന് പരിശോധനഫലം ലഭിച്ചത്. ആറ് പേരുടെ സംഘത്തെ കഴിഞ്ഞദിവസം തന്നെ കേരളത്തിലേക്ക് അയച്ചു. സംസ്ഥാന സര്‍ക്കാര്‍ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. നിലവില്‍ നിപ സ്ഥിരീകരിച്ചയാളുമായി ബന്ധമുണ്ടായിരുന്ന 86 പേര്‍ നിരീക്ഷണത്തിലാണ്- കേന്ദ്രമന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി ഫോണില്‍ബന്ധപ്പെട്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. കേരളത്തിലെ സാഹചര്യം ചര്‍ച്ച ചെയ്യാനായി ദല്‍ഹിയില്‍ ഇന്നു രാവിലെ കേന്ദ്ര ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യസെക്രട്ടറി, ഐ.എം.ആര്‍. പ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു.
ഓസ്‌ട്രേലിയന്‍ മരുന്ന് കേന്ദ്രസര്‍ക്കാര്‍ ഉടനെ എത്തിക്കും. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. എയിംസിലെ ഡോക്ടര്‍മാരുള്‍പ്പെടെ ആറംഗ സംഘം കൊച്ചിയിലെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു.
















