ബെംഗളൂരു: മകനെ കൊന്ന് കെട്ടിത്തൂക്കിയ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. കെട്ടിത്തൂക്കുന്ന ദൃശ്യങ്ങള്‍ മകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ബെംഗളൂരുവിലെ വിഭൂതിപൂരിലാണ് 48 വയസുള്ള സുരേഷ് ബാബു 12 വയസുകാരന്‍ വരുണിനെ വീട്ടിലെ ഫാനില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്. ഭാര്യയെയും ഇയാള്‍ കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. സുരേഷ് ബാബുവിന്റെ ഭാര്യ ഗീതാഭായി(45) കൊല്ലപ്പെട്ട നിലയില്‍ തറയില്‍ കിടക്കുന്നത് വീഡിയോയില്‍ കാണാം.
സുരേഷ്‌കുമാര്‍ ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും കമ്മീഷണര്‍ ടി സുനില്‍ കുമാര്‍ വ്യക്തമാക്കി. കൊലപാതകത്തില്‍ പങ്കുള്ള മറ്റ് അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ പേരെ ഉടന്‍ കസ്റ്റഡിയിലെടുത്തേക്കും.
ചെറിയ മേശയില്‍ കയറി നില്‍ക്കുന്ന സുരേഷ് ബാബു കുട്ടിയുടെ കഴുത്തില്‍ കിടക്കവിരി ചുറ്റി മുറുക്കി ഫാനില്‍ കെട്ടുന്നതാണ് വിഡിയോ. കുട്ടി യാതൊരു തരത്തിലുള്ള പ്രതിഷേധവും പ്രകടിപ്പിക്കുന്നില്ല. കടക്കെണിയില്‍ അകപ്പെട്ട കുടുംബം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നെന്ന് പ്രതി പോലീസിനോടു പറഞ്ഞു. എല്ലാവരെയും കൊന്നശേഷം സ്വയം ജീവനൊടുക്കാനായിരുന്നു ബാബുവിന്റെ തീരുമാനം. എന്നാല്‍ ഭയപ്പെട്ട മകള്‍ അലാം അടിച്ചതിനാല്‍ അയല്‍വാസികള്‍ ഓടിക്കൂടി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
















