കോട്ടയം: കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനം പിടിക്കാന്‍ ജോസഫ്, മാണി വിഭാഗങ്ങള്‍ പരസ്പരം പോരടിക്കുന്നതിനിടെ നടക്കാനിരിക്കുന്ന പാര്‍ലമെന്ററിപാര്‍ട്ടി യോഗം നിര്‍ണ്ണായകമാകും. ജോസഫ് പക്ഷത്തിന് മേല്‍ക്കൈയുള്ള യോഗം ബഹിഷ്‌ക്കരിക്കാനാണ് മാണി വിഭാഗത്തിന്റെ തീരുമാനമെന്ന് അറിയുന്നു.
യോഗം നടക്കാതെയിരിക്കാന്‍ നിയമവഴി തേടുന്നുണ്ടെന്ന വിവരവുമുണ്ട്. യോഗം നടക്കുന്നതോടെ പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനം ജോസഫ് ഉറപ്പിക്കുമെന്നാണ് മാണിവിഭാഗം കണക്ക് കൂട്ടുന്നത്. വിദേശത്തുള്ള മോന്‍സ് ജോസഫ് എംഎല്‍എ നാളെ തിരിച്ചെത്തും. ഈ മാസം ഒമ്പതിന് പാര്‍ലമെന്ററിപാര്‍ട്ടി യോഗം ചേരുമെന്നാണ് സൂചന.
സംസ്ഥാന കമ്മിറ്റി യോഗം വിളിക്കണമെന്ന ആവശ്യം തള്ളി പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കാന്‍ ജോസഫ് തീരുമാനിച്ചതോടെ സമ്മര്‍ദ്ദത്തിനോ സമവായത്തനോ വഴങ്ങണ്ടെന്നാണ് മാണിവിഭാഗത്തിന്റെ തീരുമാനം. ജോസ് കെ. മാണിയെ ചെയര്‍മാനാക്കിയുള്ള ഒരു ഫോര്‍മുലയും അംഗീകരിക്കണ്ടെന്നും ജോസഫ് പക്ഷം തീരുമാനിച്ചു. അതേസമയം, യുഡിഎഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പ്രശ്‌നത്തില്‍ ഇടപെടാതെ തന്ത്രപരമായി മാറിനില്‍ക്കുകയാണ്. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കട്ടെയെന്ന നിലപാടിലാണ് അവര്‍. കേരള കോണ്‍ഗ്രസ് ദുര്‍ബ്ബലപ്പെടുകയാണെങ്കില്‍ അങ്ങനെയാകട്ടെയെന്നും കോണ്‍ഗ്രസ് കരുതുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ സഭാനേതൃത്വം പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ഇരുകൂട്ടരും വിട്ട്‌വീഴ്ചയ്‌ക്ക് തയാറാകാതെ വന്നതോടെ സഭയുടെ ഇടപെടല്‍ ഫലം കണ്ടില്ല.
















