ന്യൂദല്‍ഹി: കോണ്‍ഗ്രസ്സിന്റെ സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയ തുടരും. കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്തതിനു പിന്നാലെ പാര്‍ലമെന്റിലെ നേതൃത്വം കൂടി രാഹുല്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സോണിയ തന്നെ തുടരാന്‍ കോണ്‍ഗ്രസ്സില്‍ ധാരണയായി.
പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ അധ്യക്ഷപദം അടക്കമുള്ള നേതൃത്വ പദവികളെല്ലാം രാജിവെച്ചൊഴിയാനുറച്ച് നില്‍ക്കുകയാണ് രാഹുല്‍. ഇതും സഭയിലെ നേതൃപദവി വീണ്ടും സോണിയയിലെത്താന് കാരണമായി. കോണ്‍ഗ്രസ്സിന്റെ ആദ്യ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സഭയിലെ നേതൃപദവി സോണിയ തന്നെ കൈകാര്യം ചെയ്യണമെന്ന അഭിപ്രായമാണ് രാഹുല്‍ പ്രകടിപ്പിച്ചത്. ഡോ. മന്മോഹന് സിങ്ങും സമാന നിലപാട് സ്വീകരിച്ചു.
ലോക്സഭയിലെയും രാജ്യസഭയിലെയും കക്ഷി നേതാക്കളെയും സോണിയ തീരുമാനിക്കും. ലോക്സഭയിലേക്ക് ശശി തരൂര്‍, മനീഷ് തിവാരി, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരെയാണ് പരിഗണിക്കുന്നത്. ആരെ വേണമെന്ന തീരുമാനം സോണിയ സ്വീകരിക്കട്ടെയെന്ന നിലപാടെടുത്ത് രാഹുല്‍ മാറി നിന്നതും തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് രാഹുല്‍ കരകയറിയില്ലെന്നതിന് തെളിവാണ്.
2014ല്‍ ലോക്സഭയിലേക്ക് നേരിട്ട കനത്ത തിരിച്ചടിക്കു ശേഷം ലോക്സഭയിലെ നേതൃപദവി ഏറ്റെടുക്കുന്നതില്‍ നിന്ന് രാഹുല്‍ വിട്ടുനിന്നിരുന്നു. ഇത്തവണ ലോക്സഭയിലെ കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ കലബുര്‍ഗിയില്‍ പരാജയപ്പെട്ടതോടെ കേരളത്തില്‍ നിന്നുള്ള നേതാക്കളെ അടക്കം ലോക്സഭയിലെ കക്ഷി നേതാവാകാന്‍ പരിഗണിക്കുന്നുണ്ട്. ആകെയുള്ള സീറ്റിന്റെ പത്തിലൊന്ന് സീറ്റുകള്‍ ഇത്തവണയും കോണ്‍ഗ്രസ്സിന് ലഭിക്കാത്തതിനാല്‍ ഔദ്യോഗിക പ്രതിപക്ഷ നേതൃപദവിയുണ്ടാവില്ല. എന്നാല്‍, ഔദ്യോഗിക പദവി കിട്ടാന്‍ കോടതിയെ സമീപിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: