അഡ്വ. ബിജു മോഹന്‍
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന്റെ അന്വേഷണം സിനിമാ സീരിയല്‍ മേഖലയിലേക്കും. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് വ്യാപകമാണെന്നും സിനിമാ സീരിയല്‍ മേഖലയിലുള്ളവര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണിത്.
ഇത് സംബന്ധിച്ച വിവരങ്ങള്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ പ്രകാശ് തമ്പിയില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രകാശ് തമ്പി, വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ തിരയുന്ന വിഷ്ണുവാണ് ബാലഭാസ്കറിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ഇവര്‍ വിദേശത്തും നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഇടതു പക്ഷ നേതാവായ അഡ്വ. ബിജുമോഹനന്റെ സുഹ്യത്തുക്കളായിരുന്നു പ്രകാശ് തമ്പിയും ഒളിവിലുള്ള വിഷ്ണുവും. നിരവധി സീരിയല്‍ സിനിമാ മേഖലയിലുള്ളവരെ ഇവര്‍ വിദേശത്ത് സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുപ്പിച്ചിട്ടുണ്ട്. ഇവരില്‍ പലരും സ്വര്‍ണ്ണക്കടത്തിന് കാരിയര്‍മാരായി പ്രവര്‍ത്തിച്ചിരിക്കുമെന്നും അന്വേഷണ സംഘം കരുതുന്നു.
ഇതിനു മുമ്പ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി സിനിമാ സീരിയല്‍ മേഖലയിലുള്ള ചിലര്‍ മയക്കുമരുന്ന്, സ്വര്‍ണ്ണം തുടങ്ങിയവ കടത്തിയത് പിടിക്കപ്പെട്ടിരുന്നു. ഇതോടെയാണ് ഇവര്‍ തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണ്ണക്കടത്തിന് തെരഞ്ഞെടുത്തത്. ഒരു തവണ ഈ സംഘം ദുബായില്‍ പോയി തിരിച്ചു വരുമ്പോള്‍ കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണമാണ് കടത്തുന്നത്.
കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ചില താരങ്ങളും അവരുടെ ഇടനിലക്കാരും വെവ്വേറെ ദിവസങ്ങളില്‍ ദുബായ്, കുവൈറ്റ് വിമാനത്താവളം വഴി തിരുവനന്തപുരത്തേയ്ക്ക് യാത്ര ചെയ്തിരുന്നു. വിദേശത്തുള്ള സാംസ്ക്കാരിക പരിപാടികളുടെ പേരില്‍ ഇവര്‍ നിരവധി തവണ യാത്രചെയ്തതിന്റെ വിവരവും അന്വേഷണ സംഘം ശേഖരിച്ചു.
സ്വര്‍ണ്ണക്കടത്തിന്റെ ചെറിയൊരു അളവ് മാത്രമാണ് ഇപ്പോള്‍ പിടിക്കപ്പെടുന്നത്. അത് ഇവര്‍ക്ക് ഒത്താശ ചെയ്യുന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശം അനുസരിച്ചോ അല്ലെങ്കില്‍ കടത്ത് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയോ മൂലം വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നത് കൊണ്ടോ ആണ്. ക്രമേണ കടത്ത് സംഘത്തിന്റെ ഉറവിടം കണ്ടെത്താതെ കസ്റ്റംസ് കേസ് തേച്ചുമാച്ച് കളയും.
എന്നാല്‍ സ്വര്‍ണ്ണക്കടത്ത് വ്യാപകമാണെന്ന് ഡിആര്‍ഐ സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാസങ്ങള്‍ നീണ്ട രഹസ്യ നീക്കത്തിന്റെ ഫലമായാണ് കണ്ടക്ടര്‍ സുനില്‍കുമാറിനെയും സെറിനയെയും 25 കിലോ സ്വര്‍ണ്ണവുമായി പിടികൂടുന്നത്. ഡിആര്‍ഐ സംഘത്തിന്റെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സ്വര്‍ണ്ണക്കടത്തിന്റെ ഉറവിടം മുതല്‍ കാരിയര്‍മാര്‍ വരെ പിടിയിലാകുന്നത്.
വന്‍ ശൃംഖല ഇതിനു പിന്നില്‍ ഉള്ളതിനാലും വിദേശത്തും സ്വദേശത്തുമായി അന്വേഷണം നടത്തേണ്ടതിനാലും അന്വേഷണം സിബിഐക്ക് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: