കൊച്ചി: തോല്‍വിയുടെ കാരണം തിരിച്ചറിഞ്ഞ് സിപിഎം ശൈലി മാറ്റുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ശൈലിമാറ്റില്ലെന്നു പരസ്യമായി പറയുന്നെങ്കിലും മാറ്റിയേ പറ്റൂ എന്ന സൂചന നല്‍കുന്നതാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി പത്രത്തില്‍ എഴുതിയ തെരഞ്ഞെടുപ്പു വിശകലനം നല്കുന്ന സന്ദേശം. രണ്ടു ദിവസത്തെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയോഗം ആരംഭിച്ച ഇന്നലെയാണ് ലേഖനം പ്രസിദ്ധീകരിച്ചത്.
ബിജെപിയേയും മോദിയേയും ആര്‍എസ്എസിനേയും ഹിന്ദുത്വത്തേയും ‘പ്രശംസി’ക്കാനും പാര്‍ട്ടി സെക്രട്ടറി മുതിര്‍ന്നിട്ടുണ്ട്. അടിസ്ഥാനരഹിത ആരോപണങ്ങളധികമില്ലാതെ അടിസ്ഥാന പ്രശ്നങ്ങള്‍ അറിഞ്ഞുള്ള വിമര്ശനമേ സംഘ പരിവാറിനേക്കുറിച്ചും സിപിഎം നേതാവ് നടത്തുന്നുള്ളുവെന്നത് പാര്‍ട്ടിയുടെ ശൈലിമാറ്റമായി കാണാം.
‘മോദി തരംഗം ബിജെപിക്ക് അനുകൂലമായി,’ ‘…കാവിക്കൊടിയെ സഹായിച്ചു,’ (ത്രിശൂലമെന്നല്ല) ‘ബിജെപിയുടെ പടയോട്ടം ദര്‍ശിച്ച ലോക്സഭാ തെരഞ്ഞെടുപ്പ്,’ (തേര്‍വാഴ്ച എന്നല്ല) ‘ഗാന്ധിയെ കൊന്ന ഹിന്ദു വര്‍ഗീയവാദി,'(ആര്എസ്എസുകാരന് എന്നല്ല), എന്നിങ്ങനെയാണ് വിമര്‍ശനങ്ങള്‍. സംഘപരിവാറിനെതിരേ നിന്ദ്യമായ വിമര്‍ശന ഭാഷയില്‍നിന്നുള്ള ശൈലിമാറ്റമാണിത്.
ബിജെപിയുടെ വോട്ടു വിഹിതം കൂടിയതിന്റെ കണക്ക്, വോട്ടെണ്ണം എന്നിവ കോടിയേരി കൃത്രിമവഴിയിലല്ലാതെതന്നെ വിശദീകരിക്കുന്നു. അതായത്, ബിജെപിയുടെ വളര്‍ച്ച രേഖപ്പെടുത്തിയും അംഗീകരിച്ചുമാണ് വിശകലനം. ‘1984 ലെ ലോകസ്സഭാ തെരഞ്ഞെടുപ്പില്‍ 4.8% വോട്ടും 5,31,648 വോട്ടും ബിജെപി നേടി. 2004-ല്‍ 12 ശതമാനവും 18,22,980 വോട്ടും നേടി. 2014-ല്‍ 10.8 ശതമാനവും 19,44,204 വോട്ടും ഇത്തവണത്തെ തെരഞ്ഞെടുപ്പിലാകട്ടെ ബിജെപി നേതൃത്വത്തിലുള്ള മുന്നണിക്ക് വോട്ടുവിഹിതം 15.5 ശതമാനവും വോട്ട് 31,71,792 ഉം ആയി,’ എന്ന് മാന്യമായാണ് വിവരിക്കുന്നത്.
ശബരിമല തെരഞ്ഞെടുപ്പു വിഷയമായില്ലെന്ന പിണറായി നിലപാട് തിരുത്തി, ജനവിധി നിര്‍ണയിച്ച പ്രധാനകാരണമായില്ലെന്നേ സെക്രട്ടറി വാദിക്കുന്നുള്ളു. അങ്ങനെയല്ലായിരുന്നെങ്കില്‍ ബിജെപിക്ക് ഒന്നോ അതിലധികമോ സീറ്റു കിട്ടണമായിരുന്നുവെന്ന് ന്യായംപറഞ്ഞ് ശബരിമല വിഷയത്തില്‍ ബിജെപി നിലപാടായിരുന്നു ശരിയെന്ന് അംഗീകരിക്കുന്നുമുണ്ട്.
പക്ഷേ, ഇരു കമ്യൂണിസ്റ്റുകള്‍ക്കും നിലനില്‍പ്പ് അപകടത്തിലായിട്ടും സിപിഎമ്മും സിപിഐയും ഒന്നിക്കാനുള്ള സാധ്യതയോ ഒന്നിച്ചു നില്‍ക്കാനുള്ള സന്നദ്ധതയോ ലേഖനം വിശകലനം ചെയ്യുന്നില്ല. മറിച്ച് ഇരു പാര്‍ട്ടികളും മെലിഞ്ഞു വശംകെട്ടിട്ടും കമ്യൂണിസ്റ്റുകള്‍ക്ക് ആകെയുള്ള എംപിമാരുടെ എണ്ണത്തില്‍ ഊറ്റം പറഞ്ഞ് സമാധാനിക്കുന്നുമുണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: