ന്യൂദല്‍ഹി: രാഷ്ട്രീയത്തിലെ ചാണക്യന് എന്നാണ് എതിരാളികള്‍ പോലും അമിത് ഷായ്ക്ക് നല്കുന്ന വിശേഷണം. ബിജെപി ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയായതും സംസ്ഥാനങ്ങള്‍ ഓരോന്നായി പിടിച്ചടക്കിയതും ഷാ അധ്യക്ഷനായതിന് ശേഷമാണ്. എതിരാളികള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത രാഷ്ട്രീയ വേഗവും കഠിനാധ്വാനവും ശത്രുക്കളെ നിലംപരിശാക്കുന്ന തന്ത്രങ്ങളുമാണ് അദ്ദേഹത്തെ ഇതുവരെ, ഇന്ത്യ കാണാത്ത നേതാവാക്കി മാറ്റിയത്. ഏറ്റെടുത്ത വെല്ലുവിളികളെല്ലാം അതിജീവിച്ച് ഷാ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയാകുമ്പോള്‍ ചര്‍ച്ചകള്‍ ഏറെ ഉയരുന്നതും അതിനാലാണ്.
മോദിയെന്ന രാജാവിന്റെ സര്‍വ സൈന്യാധിപനായ അമിത് ഷാ മന്ത്രിസഭയിലെത്തുന്നത് ഗുജറാത്തിന്റെ തനിയാവര്‍ത്തനം കൂടിയാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത് ഷാ ആയിരുന്നു. അന്നത്തെ ഭീകരവാദ വിരുദ്ധ നടപടികള്‍ വിവാദമാക്കി കേസില്‍ക്കുടുക്കാന്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്രമമില്ലാതെ പരിശ്രമിച്ചു. അതിന് ഫലവുമുണ്ടായി- മൂന്ന് മാസത്തോളം ഷായെ ജയിലില്‍ അടച്ചു. ഗുജറാത്തില്‍നിന്ന് നാടുകടത്തി. എന്നാല്‍ പിന്നീട് കുറ്റവിമുക്തനായി അദ്ദേഹം തിരിച്ചെത്തി. അന്ന് വേട്ടയാടിയവരെല്ലാം ഇന്ന് ഷായുടെ ഔദ്യാര്യവും പ്രതീക്ഷിച്ച് ദല്‍ഹിയില്‍ രാഷ്ട്രീയ ജീവിതം തള്ളിനീക്കുന്നത് കാലത്തിന്റെ കാവ്യനീതിയാകാം.
രാജ്യസുരക്ഷ ഏറ്റവും പ്രചാരണ വിഷയമായ തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഭീകരത നയമാക്കിയ അയല്‍രാജ്യത്തിന്റെ ഭീഷണിക്ക് സൈനിക ശക്തിയുപയോഗിച്ച് ഇന്ത്യ മറുപടി നല്കി. ആക്രമണങ്ങള്‍ക്ക് മുന്നില്‍ വിറങ്ങലിച്ച് നിന്ന കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരെ കണ്ടു ശീലിച്ച ഇന്ത്യക്ക് നരേന്ദ്ര മോദി അത്ഭുതമായി മാറിയതും അങ്ങനെയാണ്. അതിര്‍ത്തി കടന്നുള്ള ഭീകരത മാത്രമല്ല, അതിര്‍ത്തിക്കുള്ളിലെ രാജ്യദ്രോഹികളും തിരിച്ചടിയില്‍ വിറങ്ങലിച്ചു. കമ്യൂണിസ്റ്റ് ഭീകരതയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടനവാദവും നിലനില്‍പ്പ് ഭീഷണിയിലാണ്. കശ്മീരില്‍ ജിഹാദികള്‍ക്കെതിരെ ശക്തമായ പ്രത്യാക്രമണം നടക്കുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് അമിത് ഷായുടെ വരവിനെ പ്രതിപക്ഷമുള്‍പ്പെടെ നോക്കിക്കാണുന്നത്.
ബിജെപിയുടെ ആദര്‍ശങ്ങളിലും നയങ്ങളിലും വിട്ടുവീഴ്ച ചെയ്യാത്ത നേതാവാണ് ഷാ. വിദേശ ഫണ്ടുകള്‍ രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആയിരക്കണക്കിന് എന്‍ജിഒകളുടെ എഫ്സിആര്‍എ അനുമതികള്‍ റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ വലിയ രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായിട്ടും വോട്ടിന് വേണ്ടി നിലപാട് മാറ്റാന്‍ ഷാ തയ്യാറായില്ല. രാജ്യത്തിരുന്ന് രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നവരോട് വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കശ്മീര്‍, കമ്യൂണിസ്റ്റ്-ജിഹാദി ഭീകരത, പൗരത്വ ഭേദഗതി ബില്‍ തുടങ്ങിയവയുടെ ഭാവിയാണ് അമിത് ഷാ ആഭ്യന്തരമന്ത്രിയാകുമ്പോള്‍ രാജ്യം ഉറ്റുനോക്കുന്നത്. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ബന്ധത്തിലും ആഭ്യന്തര വകുപ്പിന് നിര്‍ണായക പങ്കാണുള്ളത്. കേന്ദ്രവുമായി നിരന്തരം ഏറ്റുമുട്ടുന്ന ദല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് പോലീസ്.
കഴിഞ്ഞ സര്‍ക്കാരിലെ ഭൂരിഭാഗം മന്ത്രിമാരെയും മോദി നിലനിര്‍ത്തിയിട്ടുണ്ട്. ഒരു സീറ്റ് പോലും നല്‍കാത്ത കേരളമുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളുടെയും പ്രാതിനിത്യം ഉറപ്പാക്കാനും അദ്ദേഹം ശ്രമിച്ചു. എസ്. ജയശങ്കര്‍, ഹര്‍ദീപ് സിങ് പുരി, ആര്.കെ. സിങ് എന്നിവര്‍ മന്ത്രിസഭയില്‍ ഇടംനേടിയത് ഉദ്യോഗസ്ഥരിലുള്ള പ്രധാനമന്ത്രിയുടെ താല്‍പ്പര്യം വീണ്ടും വ്യക്തമാക്കി. കഴിവും കഠിനാധ്വാനവുമാണ് യോഗ്യതയായത്. ‘മോദി അസാധ്യമായത് സാധ്യമാക്കുന്നു’ എന്നായിരുന്നു ബിജെപിയുടെ മുദ്രാവാക്യം. 2024ല്‍ പുതിയ ഇന്ത്യ സാധ്യമാക്കുന്നതിനുള്ള മികച്ച സംഘമാണ് മോദിയുടേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: