കൊച്ചി: ബലക്ഷയത്തെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട പാലാരിവട്ടം മേല്‍പ്പാലം താല്‍ക്കാലികമായി ഗതാഗതത്തിന് തുറന്ന് കൊടുക്കാമെന്ന് വിദഗ്ധര്‍. പാലത്തിലെ ഗുരുതരമായ കേടുപാടുകള്‍ പരിഹരിച്ചെന്നും ജൂണ്‍ ഒന്നിന് പാലത്തിലൂടെയുള്ള ഗതാഗതം പുനഃരാരംഭിക്കാമെന്നും പാലത്തില്‍ പരിശോധന നടത്തിയ മദ്രാസ് ഐഐടിയിലെ വിദഗ്ധര്‍ വ്യക്തമാക്കി. മഴയ്‌ക്ക് ശേഷം പണികള്‍ വീണ്ടും തുടരും.
ഡെക് കണ്ടിന്യൂയിറ്റി സാങ്കേതിക വിദ്യയില്‍ പണിത പാലത്തിന്റെ എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ ഉറപ്പിക്കല്‍, പ്രൊഫൈല്‍ കറക്ഷന്‍, ടാറിങ് ജോലികള്‍ എന്നിവ പൂര്‍ത്തിയായി. മദ്രാസ് ഐഐടിയിലെ വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് പണിയും അവസാനവട്ട പരിശോധനയും നടന്നത്.
പാലത്തിന്റെ ബലക്ഷയം, വിള്ളല്‍ എന്നിവയ്‌ക്കും താല്‍ക്കാലിക പരിഹാരം കണ്ടിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നത് കണക്കിലെടുത്താണ് തിടുക്കപ്പെട്ട് പാലം തുറക്കുന്നത്. മഴക്കാലം മാറിയ ശേഷം വീണ്ടും പണി തുടങ്ങും. മൂന്ന് മാസക്കാലത്തെ ജോലികള്‍ ഇനിയും ബാക്കിയുണ്ട്. പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേട് നടന്നതായി വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നിര്‍മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും വിജിലന്‍സ് അന്വേഷണ സംഘം എസ്.പി. കെ. കാര്‍ത്തികിന് കൈമാറിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്റ്റര്‍ അനില്‍കാന്തിന് കൈമാറും. റിപ്പോര്‍ട്ട് പരിശോധിച്ച് ഡയറക്റ്ററാണ് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ തീരുമാനം എടുക്കുക.
പാലം നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ച് എസ്പി. കെ. കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ആര്‍. അശോക് കുമാറാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി പാലം നിര്‍മാണത്തില്‍ പങ്കാളികളായിരുന്ന കിറ്റ്കോ, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേന്‍ തുടങ്ങിയവയുടെ ഉദ്യോഗസ്ഥരില്‍ നിന്ന് വിജിലന്‍സ് മൊഴിയെടുത്തിരുന്നു.പാലത്തില്‍ നിന്ന് ശേഖരിച്ച് പരിശോധനക്കയച്ച സാമ്പിളുകളുടെ ഫലം കൂടി ലഭ്യമായതിന് ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിച്ചത്.
















