കണ്ണൂര്‍: സംഘാടനത്തിലെ മികവും പ്രക്ഷോഭത്തിലെ തികവും കാരണം കേരളത്തില്‍ നിന്നും ദേശീയതലത്തിലേക്ക് ഉയര്‍ന്ന ആദ്യ സംഘപരിവാര്‍ നേതാവാണ് ഇന്നലെ കേന്ദ്ര മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത വി.മുരളീധരന്.
അടിയന്തരാവസ്ഥയുടെ കരാളഘട്ടത്തില്‍, നന്നേ ചെറുപ്പത്തില്‍ത്തന്നെ പൊതു പ്രവര്‍ത്തകനായി. 1978ല്‍ എബിവിപിയുടെ തലശ്ശേരി താലൂക്ക് പ്രസിഡന്റായാണ് മുരളീധരന് സംഘടനാ ഭാരവാഹിത്വത്തിലേക്ക് കടന്നു വന്നത്.
കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും 11 വര്‍ഷം സംസ്ഥാന സംഘടനാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സംഘാടന മികവ് കൊണ്ട് ദേശീയ ശ്രദ്ധ നേടി, എബിവിപിയുടേയും വിവിധ സംഘടനകളുടേയും അഖിലേന്ത്യാ ഭാരവാഹിത്വത്തില്‍ എത്തി.
വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ യുവജനകാര്യ കായിക വിഭാഗത്തിന് കീഴിലുളള നെഹ്റു യുവ കേന്ദ്രയുടെ ചെയര്‍മാനായി നിയോഗിക്കപ്പെട്ട അദ്ദേഹം, രാജ്യത്തുടനീളം യുവജനങ്ങളെ സംഘടിപ്പിക്കുകയും ദേശീയോദ്ഗ്രഥന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്ത് ദേശീയതലത്തില്‍ ശ്രദ്ധ നേടി.
ഇതേ സമയത്ത് നാഷണല്‍ റീ കണ്‍സ്ട്രക്ഷന്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി 2000 ല്‍ നടന്ന, പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിച്ച ആഘോഷ പരിപാടികളുടെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചത് സംഘടനാ മികവ് വിളിച്ചോതുന്നതായിരുന്നു. ഖാദി വില്ലേജ് കമ്മീഷന്റെ കീഴിലുള്ള യൂത്ത് എംപ്ലോയ്മെന്റ് ജനറേഷന് ടാസ്ക് ഫോഴ്സിന്റെ കണ്‍വീനര്‍ എന്ന നിലയിലും നല്ല പ്രവര്‍ത്തനമാണ് നടത്തിയത്. മികച്ച വാഗ്മിയും ബഹുഭാഷാ പണ്ഡിതനും കൂടിയായ അദ്ദേഹം ദേശീയതലത്തിലടക്കം നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കി.
1996 സെപ്തംബര്‍ 17ന് പരുമല ദേവസ്വം ബോര്‍ഡ് കോളജിലെ എബിവിപി പ്രവര്‍ത്തകരായ മൂന്ന് വിദ്യാര്‍ത്ഥികളെ പരുമല പമ്പയാറ്റില്‍ എസ്എഫ്ഐ സംഘം മുക്കി കൊലപ്പെടുത്തിയ സംഭവത്തിനെതിരെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ വി.മുരളീധരന്റെ നേതൃത്വത്തില്‍ ശക്തമായ സമര പരിപാടികള്‍ ദേശീയതലത്തില്‍ത്തന്നെ സംഘടിപ്പിച്ചിരുന്നു.
സിപിഎമ്മിന്റെ ശക്തി കേന്ദ്രമായിരുന്ന തലശ്ശേരിയ്ക്കടുത്ത് എരഞ്ഞോളി വാടിയില്‍ പീടികയ്ക്ക് സമീപമാണ് വി.മുരളീധരന്റെ തറവാട് വീട്. ആര്‍എസ്എസ്സിനോടും എബിവിപിയോടും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ജീവന് പോലും അക്കാലത്ത് ഭീഷണി നേരിട്ടിരുന്നു.
വര്‍ഷങ്ങളോളം അദ്ദേഹത്തിന് സിപിഎം കോട്ടയിലുള്ള സ്വന്തം വീട്ടിലേക്ക് പോകാന്‍ കഴിയാത്ത സാഹചര്യം പോലും ഉണ്ടായിരുന്നു. ഇതിനെയെല്ലാം അതിജീവിച്ച് സംഘാടകന മികവു കൊണ്ടും സംഘാദര്ശങ്ങളിലടിയുറച്ചു നിന്നു കൊണ്ടുളള സ്വത്വഃ സിദ്ധമായ ശൈലിയിലൂടേയുമാണ് അദ്ദേഹം കേന്ദ്രമന്ത്രി സ്ഥാനത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: