കൊച്ചി: സ്മാര്‍ട്ട്‌സിറ്റി കൊച്ചിയുടെ മൂന്ന്, നാല്, അഞ്ച് ഘട്ടങ്ങള്‍ക്ക് 4000 കോടി രൂപയുടെ നിക്ഷേപം കണ്ടെത്താന്‍ ശ്രമം തുടങ്ങി. അടിസ്ഥാന സൗകര്യങ്ങളോടെ പാര്‍പ്പിടാവശ്യങ്ങള്‍ക്കുള്ള പ്ലോട്ടുകള്‍ വികസിപ്പിക്കുക, ടൗണ്‍ഷിപ്പ് മേഖലയില്‍ ബാക്കിയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പൂര്‍ത്തിയാക്കുക എന്നിവയാണ് പദ്ധതിയില്‍.
മൂന്നാംഘട്ടത്തില്‍ പാര്‍പ്പിടം, കായികം, വിനോദം, ബന്ധപ്പെട്ട മറ്റാവശ്യങ്ങള്‍ എന്നിവയ്‌ക്കായി 30 ഏക്കറാണ് നീക്കിവയ്‌ക്കുന്നത്. നാല്, അഞ്ച് ഘട്ടങ്ങളിലെ ബാക്കിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കാനായി 200 കോടി രൂപയുടെ പദ്ധതികളാണ് കണക്കാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുമായുള്ള ഫ്രെയിംവര്‍ക്ക് കരാറനുസരിച്ച് സ്മാര്‍ട്ട്‌സിറ്റിയുടെ അടിസ്ഥാന നിക്ഷേപം 1700 കോടി രൂപയാണ്. മൊത്തത്തില്‍ സ്മാര്‍ട്ട്‌സിറ്റിയുടെ വികസന പദ്ധതികള്‍ക്കായി ഇതുവരെ 2600 കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്.
മൂന്നു ഘട്ടങ്ങളും നിക്ഷേപകര്‍ക്ക് തുറന്നു കൊടുക്കുമ്പോള്‍ സ്മാര്‍ട്ട്‌സിറ്റി കൊച്ചിയുടെ ടൗണ്‍ഷിപ്പ് മേഖലയില്‍ പുതിയതായി 4000 കോടിയുടെ നിക്ഷേപാവസരങ്ങളായിരിക്കും സൃഷ്ടിക്കപ്പെടുകയെന്ന് സ്മാര്‍ട്ട്‌സിറ്റി കൊച്ചി സിഇഒ മനോജ് നായര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയും അംഗീകാരവും ലഭിക്കുന്ന മുറയ്‌ക്കാണ് ഇത് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സ്മാര്‍ട്ട്‌സിറ്റി കൊച്ചിയുടെ മാസ്റ്റര്‍ പ്ലാന്‍ പുതുക്കിയിട്ടുണ്ടെന്നും അതനുസരിച്ച് വികസന പദ്ധതികളെ കുറിച്ചുള്ള പരിസ്ഥിതി ആഘാത പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നും മനോജ് നായര്‍ അറിയിച്ചു.
















