കോട്ടയം: കെവിന് വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന ഗാന്ധിനഗര്‍ സ്റ്റേഷനിലെ മുന്‍ എസ്ഐ എം.എസ്. ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തത് വിവാദമായി. ഔദ്യോഗിക കൃത്യവിലോപം നടത്തിയതിന് സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ നോട്ടീസ് നല്കിയ എസ്ഐയെ ഡിജിപി പോലും അറിയാതെ തിരിച്ചെടുത്തതാണ് വിവാദമായത്.
ചൊവ്വാഴ്ചയാണ് ഷിബുവിനെ തരംതാഴ്ത്തി ഏറ്റവും ജൂനിയറായി തിരിച്ചെടുക്കാന്‍ കൊച്ചിന് റേഞ്ച് ഐജി ഉത്തരവിറക്കിയത്. എന്നാല്‍, ഈ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും കോട്ടയം എസ്പിയോട് വിവരങ്ങള്‍ ചോദിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നുമാണ് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞത്.
കെവിന് കൊല്ലപ്പെട്ട് ഒരു വര്‍ഷമായ ദിവസം തന്നെ കേസില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥന് തിരിച്ചെത്തുന്നതിനെതിരെ കെവിന്റെ കുടുംബം ശക്തമായി രംഗത്തെത്തി. പോലീസിനെ വിശ്വസിച്ചത് തെറ്റായിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നുവെന്ന് കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു. കെവിന് കൊല്ലപ്പെടാന്‍ കാരണം എസ്ഐയുടെ അനാസ്ഥയാണ്. ഷിബുവിനെതിരെ കടുത്ത നടപടി ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പു തന്നിരുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കൊല്ലപ്പെടുന്നതിന് മുമ്പ് കെവിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ ഭാര്യ നീനുവും പിതാവ് ജോസഫും പരാതി നല്‍കിയിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ സുരക്ഷാജോലിയുണ്ടെന്ന് പറഞ്ഞ് പരാതി സ്വീകരിച്ച് കെവിനെ കണ്ടെത്താനോ അന്വേഷിക്കാനോ തയാറായില്ല. പിറ്റേദിവസം കെവിന്റെ മൃതദേഹം പുനലൂര്‍ പാലിയേക്കര തോട്ടില്‍ കണ്ടെത്തി. തുടര്‍ന്ന് കൃത്യവിലോപത്തിന്റെ പേരില്‍ എസ്ഐ സസ്പെന്‍ഷനിലായി. കോട്ടയം അഡ്മിനിസ്ട്രേറ്റിവ് ഡിവൈഎസ്പിയായിരുന്ന വിനോദ് പിള്ളയാണ് കേസുമായി ബന്ധപ്പെട്ട വീഴ്ച അന്വേഷിച്ച് ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഷിബുവിന് പിരിച്ചുവിടല്‍ നോട്ടീസ് കൊടുത്തത്. ഇതിന് ഷിബു നല്കിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് തിരിച്ചെടുക്കുന്നതെന്നാണ് ഐജിയുടെ ഉത്തരവില്‍ പറയുന്നത്.
അതേസമയം, പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ഉത്തരവാദിത്വപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ കൃത്യവിലോപത്തിന്റെ പേരില്‍ പിരിച്ചുവിടാന്‍ നോട്ടീസ് നല്കിയ ശേഷം തിരിച്ചെടുക്കുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ഇതേ കേസില്‍ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ഗാന്ധിനഗര്‍ സ്റ്റേഷനിലെ മുന്‍ എഎസ്ഐയെ സര്‍വീസില്‍ നിന്ന് നീക്കിയിരുന്നു. പോലീസ് ഡ്രൈവറുടെ മൂന്ന് വര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കിയിരുന്നു. തിരികെ സര്‍വീസില്‍ പ്രവേശിക്കുന്ന ഷിബുവിനെ ഇടുക്കി ജില്ലയില്‍ നിയമിക്കണമെന്ന ശുപാര്‍ശയാണ് നല്‍കിയിട്ടുള്ളത്.
തരംതാഴ്ത്തിയതോടെ എട്ടു വര്‍ഷത്തെ സര്‍വീസും സീനിയോറിറ്റിയും ഷിബുവിന് നഷ്ടമാകും. ഇതുവരെയുള്ള ഇന്‍ക്രിമെന്റ് അടക്കം നഷ്ടപ്പെടുന്നതോടെ ശമ്പള ത്തിലടക്കം കുറവുവരും. സംസ്ഥാനത്തെ ഏറ്റവും പുതുതായി നിയമിതരാകുന്ന എസ്ഐയുടെ ശമ്പള സ്കെയിലാകും ഇനി ബാധകം. സിഐ ആയി സ്ഥാന ക്കയറ്റം ഉള്‍പ്പെടെ ലഭിക്കാനിരിക്കെയാണ് ഈ ശിക്ഷാനടപടി. ഇടുക്കിയില്‍ ക്രമസമാധാന പാലന ചുമതല നല്‍കരുതെന്ന നിര്‍ദേശവുമുണ്ട്.
താനറിയാതെയെന്ന് ഡിജിപി
തൃശൂര്‍: കെവിന് വധക്കേസില്‍ സസ്പെന്‍ഷനിലായ എസ്ഐ ഷിബുവിനെ തിരിച്ചെടുത്തത് താന്‍ അറിഞ്ഞില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പോലീസ് അക്കാദമിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്ഐയെ തിരിച്ചെടുത്തത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. കോട്ടയം എസ്പിയോട് ചോദിച്ച ശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്ന് ഡിജിപി പറഞ്ഞു. കോട്ടയം ഗാന്ധിനഗര്‍ എസ്ഐയായിരുന്ന ഷിബുവിനെ കെവിന് കൊലപാതക്കേസില്‍ കൃത്യവിലോപത്തെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് നീക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഷിബുവിന്റെ വിശദീകരണത്തെ തുടര്‍ന്നാണ് തിരിച്ചെടുക്കാന്‍ കൊച്ചി റേഞ്ച് ഐജി വിജയ് സാഖ്റെ തീരുമാനിച്ചത്.
അതേസമയം, എസ്ഐയെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ മുഖ്യമന്ത്രിക്കും ഡിഐജിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് കെവിന്റെ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: