കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ചു അന്വേഷിക്കുന്ന വിജിലന്‍സ് സംഘം പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ ഡയറക്ടര്‍ക്കു കൈമാറും.
കോണ്‍ക്രീറ്റ്, കമ്പികള്‍, ടാറിങ് തുടങ്ങിയ നിര്‍മാണ സാമഗ്രികളുടെ സാമ്പിള്‍ പരിശോധനാ റിപ്പോര്‍ട്ട് തിരുവനന്തപുരത്തെ ഹൈവേ എന്‍ജീനിയറിങ് ലബോറട്ടറിയില്‍ നിന്ന് വിജിലന്‍സിനു ലഭിച്ചു. നിര്‍മാണത്തിലെ പാളിച്ചകള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായാണ് സൂചന. പരിശോധനാ ഫലവും വിജിലന്‍സ് ശേഖരിച്ച ഉദ്യോഗസ്ഥരുടെ മൊഴികളും മറ്റു രേഖകളും പരിശോധിച്ച ശേഷമാകും അന്തിമ റിപ്പോര്‍ട്ട് കൈമാറുക.
പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതു സംബന്ധിച്ചു വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിക്കും. നേരത്തേ ഐഐടി സംഘം നടത്തിയ പരിശോധനയില്‍ പാലം നിര്‍മാണത്തില്‍ ആവശ്യത്തിനു സിമന്റും കമ്പിയും ഉപയോഗിച്ചിട്ടില്ലെന്നു കണ്ടെത്തിയിരുന്നു.
മേല്‍പ്പാലത്തിന്റെ അറ്റകുറ്റപ്പണികളുടെ പരിശോധനയ്‌ക്കായി ചെന്നൈ ഐഐടി സംഘം ചൊവ്വാഴ്ച എത്തുമെന്നറിയിച്ചിരുന്നെങ്കിലും അവര്‍ വന്നില്ല. പരിശോധന ബുധനാഴ്ച നടത്തുമെന്ന് റോഡ്‌സ് ആന്‍ഡ് ബ്രിജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (ആര്‍ബിഡിസികെ) അധികൃതര്‍ പറഞ്ഞു. ഐഐടി സംഘത്തിന്റെ നിര്‍ദേശം ലഭിക്കാതെ തുടര്‍ ജോലികള്‍ ചെയ്യാന്‍ കഴിയില്ല.
പാലം ജൂണ്‍ ഒന്നിനു തുറക്കാന്‍ കഴിയുമെന്നും ഉറപ്പില്ല. മഴ മൂലം പാലത്തിന്റെ ചില ഭാഗങ്ങളിലെ ടാറിങ് ഇനിയും പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് അനിശ്ചിതത്വത്തിന് കാരണം. ചെന്നൈ ഐഐടി സ്ട്രക്ചറല്‍ എന്‍ജീനിയിറിങ് വിഭാഗത്തിലെ പ്രൊഫ. പി. അളകസുന്ദര മൂര്‍ത്തിയുടെ നേതൃത്വത്തിലുളള സംഘമാണു പാലത്തില്‍ പരിശോധന നടത്തേണ്ടത്. ആര്‍ബിഡിസികെ ആവശ്യപ്പെട്ട പ്രകാരം കരാറുകാരന്‍ കൂടുതല്‍ തൊഴിലാളികളെ ജോലികള്‍ക്ക് എത്തിച്ചെങ്കിലും ഐഐടി സംഘത്തിന്റെ നിര്‍ദേശമില്ലാതെ പാലത്തിന്റെ അപ്രോച്ച് ബെയറിങ് നന്നാക്കുന്നതുള്‍പ്പെടെയുളള ജോലികള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കഴിയില്ല.
















