കാലടി: പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും പൊതിഞ്ഞ് ലാലു പുതുതലമുറയ്‌ക്ക് മാതൃകയാവുന്നു. ശ്രീമൂലനഗരം പെരുമായന്‍ ലാലുവിന് പാഠ്യപുസ്തകങ്ങള്‍ക്ക് മനോഹരമായ പുറംചട്ട നല്‍കുകയെന്ന് വളരെ ഇഷ്ടപ്പെട്ട വിനോദമാണ്.
കാലടി മലയാറ്റൂര്‍ റോഡില്‍ ഗോള്‍ഡന്‍ സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തുകയാണ് ലാലു. ആദ്യമായി സ്വന്തം മക്കളുടെ പുസ്തകങ്ങള്‍ സ്റ്റുഡിയോയിലിരുന്നു പൊതിയുന്നത് കണ്ടാണ് സുഹൃത്തുക്കള്‍ പുസ്തകങ്ങള്‍ പൊതിയാനായി ലാലുവിനെ ഏല്‍പ്പിച്ചത്. മനോഹരമായി വളരെ വേഗത്തിലാണ് പൊതിയുന്നത് എന്ന പ്രത്യേകതയുമുണ്ട്. സുഹൃത്തുക്കള്‍ മറ്റുള്ളവരോട് പറഞ്ഞാണ് ലാലുവിന്റെ ഈ വിനോദം മറ്റുള്ളവരിലേക്കും എത്തിയത്.
എല്‍കെജി മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ പുസ്തകം പൊതിയുന്നതിനായി ഇപ്പോള്‍ ഇവിടെ എത്താറുണ്ട്. ഇപ്പോള്‍ ചെറിയ തുകയും ഇതിനായി അദ്ദേഹം ഈടാക്കുന്നുണ്ട്. കുട്ടികള്‍ക്ക് ഇതിനോടുള്ള താത്പര്യം കുറഞ്ഞതോടെ, വീണ്ടും ഇതിലേക്ക് എത്തുവാനാണ് ചെറിയ തുക ഇപ്പോള്‍ ഈടാക്കുന്നതെന്ന് ലാലു പറഞ്ഞു. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ് വിദ്യാലയങ്ങള്‍ തുറക്കുന്ന സമയത്ത് ലാലു പുസ്തകങ്ങള്‍ പൊതിഞ്ഞു തുടങ്ങിയത്. ഇപ്പോള്‍ ഒരു സഹായിയെയും ഇതിനായി കൂടെക്കൂട്ടിയിട്ടുണ്ട്.
സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫി വര്‍ക്കുകള്‍ക്കിടയില്‍ വൈകുന്നേരങ്ങളിലും രാത്രയിലുമാണ് ഇതിനായി സമയം കണ്ടെത്തുന്നത്. വിദ്യാലയങ്ങള്‍ തുറക്കാറായതോടെ പുസ്തകങ്ങള്‍ പൊതിയുന്നതിനായി രക്ഷിതാക്കളുടെ വലിയ തിരക്കായതായി ലാലു പറഞ്ഞു. കാലടിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഫോട്ടോകള്‍ നല്‍കുന്ന വ്യക്തി കൂടിയാണ് ലാലു.
















