കണ്ണൂര്‍: എ.പി. അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം തുറന്നു. ഉന്നത നേതാക്കളുള്‍പ്പടെ പോസ്റ്റിനെതിരെ രംഗത്തെത്തിയതോടെ നേതൃത്വവും ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നതെന്ന് വ്യക്തമായി.
കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് കെ. മുരളീധരന് വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും അബ്ദുള്ളക്കുട്ടിക്കെതിരെ രംഗത്തെത്തി. അബ്ദുള്ളക്കുട്ടിയോട് വിശദീകരണം തേടാനും പ്രത്യേക സമിതിയെകൊണ്ട് അന്വേഷിപ്പിക്കാനുമാണ് കെപിസിസി തീരുമാനം. കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഇതുവരെ പരസ്യപ്രതികരണമൊന്നുമുണ്ടായില്ലയെന്നതും ശ്രദ്ധേയം. സിപിഎമ്മില്‍ നിന്ന് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പാളയത്തിലെത്തിച്ച കെ. സുധാകരനും ഇതുവരെ പ്രതികരിച്ചില്ല.
മോദിയെ പ്രകീര്‍ത്തിച്ച് പ്രസംഗിച്ചതിനാണ് അബ്ദുള്ളക്കുട്ടിയെ സിപിഎം പുറത്താക്കിയത്. വികസനത്തിനും രാഷ്ട്രീയത്തിനും അതീതമായ നിലപാടുകള്‍ സ്വീകരിക്കണമെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ വിജയം വികസനത്തിനുള്ള അംഗീകാരമാണെന്നും അതാണ് മാതൃകയാക്കേണ്ടതെന്നും പ്രവാസികള്‍ നല്കിയ സ്വീകരണത്തില്‍ അബ്ദുള്ളക്കുട്ടി പ്രസംഗിച്ചിരുന്നു. കേരളം ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകളും ബന്ദുകളുമാണ് വികസന മുരടിപ്പിന് കാരണമെന്ന് അബ്ദുള്ളക്കുട്ടി പ്രസംഗിച്ചതും വിവാദമായിരുന്നു. തുടര്‍ന്ന് 2009 ജനുവരി 17ന് സിപിഎം മയ്യില്‍ ഏരിയാ കമ്മറ്റി അബ്ദുള്ളക്കുട്ടിയെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു.
മാര്‍ച്ച് ഏഴിന് അബ്ദുള്ളക്കുട്ടിയെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പിന്നീട് 2009 ഏപ്രിലില്‍ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അബ്ദുള്ളക്കുട്ടി അതേവര്‍ഷം നവംബറില്‍ ഉപതെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ നിയമാസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ച് എംഎല്‍എയായി. ഏത് നിലപാടിന്റെ പേരിലാണോ സിപിഎമ്മില്‍ നിന്ന് അബ്ദുള്ളക്കുട്ടിക്ക് നടപടി നേരിടേണ്ടി വന്നത് അതേ നിലപാട് കൊണ്ടു തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അപ്രീതിക്കും അദ്ദേഹം പാത്രമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: