കൊച്ചി: അഴിമതിയുമായി ബന്ധപ്പെട്ട പരാതികളില്‍ ത്വരിതാന്വേഷണം നടത്തുന്നത് കേസ് എടുക്കാനാവശ്യമായ വസ്തുതകള്‍ പരാതിയിലുണ്ടോയെന്ന് പരിശോധിക്കാനായാണെന്നും തെളിവുകള്‍ ശേഖരിക്കാനല്ലെന്നും ഹൈക്കോടതി.
കൊച്ചി നഗരസഭ ചട്ടങ്ങള്‍ ലംഘിച്ച് ബില്‍ഡിംഗ് പെര്‍മ്മിറ്റുകള്‍ നല്‍കിയെന്ന വിജിലന്‍സ് കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചിലവന്നൂര്‍ സ്വദേശി സിറില്‍ പോള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ഏതെങ്കിലും സാഹചര്യത്തില്‍ ത്വരിതാന്വേഷണം നടത്തുന്നത് പരാതിയില്‍ കഴമ്പുണ്ടോയെന്നും കേസെടുക്കാനുള്ള വസ്തുതയുണ്ടോയെന്നും പരിശോധിക്കാനാണ്. പരാതിയുടെ സത്യാവസ്ഥ, ആധികാരികത തുടങ്ങിയവ മാത്രമാണ് ഈ ഘട്ടത്തില്‍ പരിശോധിക്കേണ്ടത്. തെളിവ് ശേഖരണം അന്വേഷണത്തിന്റെ ഭാഗമായി പിന്നീടു ചെയ്യേണ്ട കാര്യമാണ്. പല കേസുകളിലും വിജിലന്‍സ് ത്വരിതാന്വേഷണമെന്നപേരില്‍ തെളിവുശേഖരണമാണ് നടത്തുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ലപരാതിയില്‍ ഏതു വസ്തുതകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്ന കാര്യത്തില്‍ വിജിലന്‍സിന് തെറ്റിദ്ധാരണയുണ്ടെന്ന് മനസിലാക്കാനാവും. പരാതിയില്‍ വിജിലന്‍സ് കേസിനുള്ള വസ്തുതകളുണ്ടോയെന്ന് പരിശോധിക്കണം. ഇല്ലെങ്കില്‍ പരാതി നിരസിക്കണം. അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടിക്ക് തെളിവുകളില്ലെങ്കില്‍ പരാതിയിലെ പിഴവു തീര്‍ക്കാന്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് കേസെടുക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിയില്ല-ഉത്തരവ് പറയുന്നു.
ഹര്‍ജി പരിഗണിക്കവെ ഹര്‍ജിക്കാരനെതിരെ വ്യക്തമായ ആരോപണമോ വസ്തുതകളോ ഉണ്ടോയെന്ന് പരാതിക്കാരനോട് ആരാഞ്ഞിരുന്നു. തെളിവു കണ്ടെത്തേണ്ടത് അന്വേഷണ ഏജന്‍സിയാണെന്നായിരുന്നു മറുപടി. കേസുണ്ടാക്കി അന്വേഷിക്കലല്ല, അന്വേഷണ ഏജന്‍സികളുടെ ജോലിയെന്ന് ചൂണ്ടിക്കാട്ടിയ സിംഗിള്‍ബെഞ്ച് ഹര്‍ജിക്കാരനെതിരായ വിജിലന്‍സ് കേസ് റദ്ദാക്കി.
















