കൊച്ചി: കേരളത്തില്‍ ഏറ്റവും അഗ്‌നിബാധ അപകടമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുഖ്യമാണ് ബ്രോഡ്‌വേ. പേരുകൊണ്ട് വിശാലമാണെങ്കിലും പ്രവര്‍ത്തനത്തില്‍ ഇടുങ്ങിയ ഇവഴികള്‍തന്നെയാണ് മുഖ്യ പ്രശ്‌നം. ഇത്രയേറെ ഷോപ്പിങ് സംവിധാനമുള്ള പ്രദേശത്ത് ഇടുങ്ങിയ ഇടവഴികളിലും വാഹന ഗതാഗതം അനുവദിക്കുന്ന സ്ഥലം വേറേയില്ല. വണ്‍വേ സംവിധാനമില്ല. ഉള്ളിടത്ത് നടപ്പിലാക്കുന്നില്ല. അതനുസരിച്ചുള്ള പാര്‍ക്കിങ് സംവിധാനമില്ല.
സേനയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള മൂന്നിടത്തും തീപ്പിടിത്തമുണ്ടായി. ഫയര്‍ സംവിധാനത്തിന് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു. നാലു വര്‍ഷം മുമ്പ് കൊടുത്ത റിപ്പോര്‍ട്ട് കിട്ടിയ യുഡിഎഫ് സര്‍ക്കാരും ഇപ്പോള്‍ ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരും റിപ്പോര്‍ട്ടിന് വിലകൊടുത്തില്ല. ഫലമോ ജനങ്ങള്‍ വലിയ വിലകൊടുക്കേണ്ടിവന്നു.ചാലയിലെ തീപ്പിടിത്തം അടുത്തിടെ ആയിരുന്നു. എറണാകുളത്ത് നഗരത്തില്‍ തീപ്പിടിത്തമുണ്ടായെങ്കിലും പഠിച്ചില്ല. ഇപ്പോള്‍ ബ്രോഡ്‌വേ കത്തി. മിഠായിത്തെരുവില്‍ ഇപ്പോള്‍ ചില മുന്‍കരുതല്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ ചുമതല, അതോറിറ്റിയുടെ അധ്യക്ഷന്‍ മുഖ്യമന്ത്രിക്കാണ്. ഇപ്പോള്‍ പിണറായി വിജയന്‍. മുമ്പ് ഉമ്മന്‍ ചാണ്ടിയായിരുന്നു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും മഞ്ഞളാംകുഴി അലി നഗരാസൂത്രണ വകുപ്പും നോക്കുമ്പോഴായിരുന്നു അഗ്‌നി സേനയുടെ തലപ്പത്ത് ഡോ. ജേക്കബ് തോമസ്. അന്ന് പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിച്ച് നിബന്ധനകള്‍ വെച്ച സേനാ തലവനെതിരേ നിയമസഭയില്‍ വിമര്‍ശിച്ചത് മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്നു. ‘മുഖ്യമന്ത്രി ഞാനായിരുന്നെങ്കില്‍ ജേക്കബ് തോമസിനെ വീട്ടിലിരുത്തിയേനെ’ എന്ന് മന്ത്രി അലി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ജേക്കബ് തോമസിനെ തലപ്പത്തുനിന്നു മാറ്റി. ഇപ്പോള്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ മഞ്ഞളാംകുഴി അലിയുടെ നിര്‍ദ്ദേശം നടപ്പാക്കി, ജേക്കബ് തോമസിനെ വീട്ടിലിരുത്തി.
















