ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം അമ്പേ പരാജയപ്പെട്ടിട്ടും മുഖ്യമന്ത്രി കുമാരസ്വാമിക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നതിന് പിന്നില്‍ ഇടക്കാല തെരഞ്ഞെടുപ്പ് ഭയം. സഖ്യ സര്‍ക്കാര്‍ തകര്‍ന്നാലും പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാതെ ബിജെപി ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാകുമെന്ന ഭയമാണ് കോണ്‍ഗ്രസിനുള്ളത്.
നിലവിലെ സാഹചര്യത്തില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാല്‍ സംസ്ഥാനത്ത് ബിജെപിക്ക് വന്‍ മുന്നേറ്റം ലഭിക്കുമെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. ഇതോടൊപ്പം സഖ്യസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തരായ ഇരുപതിലധികം എംഎല്‍എമാരുണ്ട്. തെരഞ്ഞെടുപ്പ് സാധ്യതയിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ അവര്‍ ബിജെപിയില്‍ ചേരുമെന്ന പേടിയും കോണ്‍ഗ്രസിനുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫല പ്രകാരം സംസ്ഥാനത്ത് 177 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി മുന്നിലെത്തി. ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചുവടുമാറ്റിയാല്‍ ബിജെപി കുതിപ്പ് 200 മറികടക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു. അതിനാല്‍ എന്തു വിട്ടുവീഴ്ച ചെയ്തും സഖ്യസര്‍ക്കാരിനെ നിലനിര്‍ത്തണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇതിനായി അതൃപ്തരായ എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്. മുതിര്‍ന്ന ചില നേതാക്കള്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ് പകരം കോണ്‍ഗ്രസ്സിലെ വിമത എംഎല്‍എമാരെ മന്ത്രിമാരാക്കാനാണ് ഇപ്പോള്‍ ആലോചന. എന്നാല്‍ ഇത് പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് വഴിതുറക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
കുമാരസ്വാമിയെ നീക്കി അഴിച്ചു പണിക്കു മുതിര്‍ന്നാല്‍ ജെഡിഎസ് പിന്തുണ ലഭിക്കുമെന്ന് ഉറപ്പില്ല. അതോടൊപ്പം മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരെ നിശ്ചയിക്കുന്നത് വലിയ കടമ്പയാകും. സഖ്യസര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുക എന്ന വികാരത്തില്‍ കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വത്തിനു സാധിച്ചിരുന്നു. എന്നാല്‍, ഇനിയും ‘ഓപ്പറേഷന് കമല’ ആരോപണം ഏല്‍ക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാം.
ഇപ്പോള്‍ തന്നെ ഇടഞ്ഞു നില്ക്കുന്ന എംഎല്‍എമാരായ രമേശ് ജാര്‍ക്കിഹോളി, ആര്. റോഷന്‍ബെയ്ഗ്, കെ. സുധാകര്‍, ബി.സി. പാട്ടീല്‍, ബി. നാഗേന്ദ്ര, മഹേഷ് കുമത്തല്ലി എന്നിവര്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം പരസ്യമാക്കി കഴിഞ്ഞു.
കോണ്‍ഗ്രസിലെ വിമത എംഎല്‍എ മുന്‍ മന്ത്രി രമേശ് ജാര്‍ക്കിഹോളി അടക്കമുള്ള ഒന്‍പത് നേതാക്കള്‍ ബിജെപി നേതൃത്വവുമായി നിരന്തരം ബന്ധപ്പെടുന്നതായും അടുത്ത ദിവസങ്ങളില്‍ ഇവര്‍ എംഎല്‍എ സ്ഥാനം രാജിവച്ച് ബിജെപിയില്‍ ചേരുമെന്ന സൂചനയും കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട്.
വിമത എംഎല്‍എമാര്‍ രാജിവച്ചാല്‍ സര്‍ക്കാര്‍ വീഴും
സംസ്ഥാനത്തെ വിമത കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒന്പതുപേര് രാജിവെച്ചാല്‍ സഖ്യ സര്‍ക്കാര്‍ താഴെ വീഴും. 224 അംഗ സഭയില്‍ ഒന്‍പത് പേര് രാജിവക്കുന്നതോടെ ആകെ സംഖ്യ 215 ആയി കുറയും. സഭയില്‍ ഭൂരിപക്ഷത്തിന് 108 പേരുടെ പിന്തുണ വേണം.
നിലവില്‍ ബിജെപി 105, കോണ്‍ഗ്രസ് 79, ജെഡിഎസ് 37, ബിഎസ്പി 1, സ്വതന്ത്രര്‍ 2 എന്നതാണ് കക്ഷിനില. ബിഎസ്പി അംഗം മന്ത്രിസഭയില്‍ നിന്ന് നേരത്തെ രാജിവച്ചിരുന്നു. സ്വതന്ത്രരും ബിജെപിക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. ഇതോടെ സഖ്യസര്‍ക്കാരിന്റെ പിന്തുണ 116 ആയി കുറഞ്ഞെങ്കിലും ഭൂരിപക്ഷത്തിന് 113 പേരുടെ പിന്തുണ മതി.
എന്നാല്‍, ഒന്‍പത് പേര് രാജിവച്ചാല്‍ സഖ്യസര്‍ക്കാരിന്റെ ഭൂരിപക്ഷം 107 ആയി കുറയും. ഭൂരിപക്ഷത്തിന് 108 പേരുടെ പിന്തുണ വേണമെന്നതിനാല്‍ സര്‍ക്കാര്‍ താഴെ വീഴും.
സര്‍ക്കാര്‍ താഴെ വീണാലും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കേണ്ടെന്നാണ് ബിജെപിക്കുള്ളില്‍ പൊതുവെയുള്ള അഭിപ്രായം. തട്ടിക്കൂട്ടു മന്ത്രിസഭയുണ്ടാക്കിയാല്‍ പല സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങേണ്ടിവരും. അത് നല്ല ഭരണം കാഴ്ചവയ്ക്കാന്‍ തടസ്സമാകുമെന്നുമാണ് അഭിപ്രായം. ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്താന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
ഇതിനിടയില്‍ അധികാരത്തില്‍ തുടരേണ്ടതില്ലെന്ന വികാരമാണ് ഭൂരിപക്ഷം ജെഡിഎസ് നേതാക്കള്‍ക്കുമുള്ളത്. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുടെ പരാജയത്തിനു പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണെന്ന് വ്യക്തമാണ്. ഇതിനു ശേഷവും സഖ്യം തുടരുന്നത് അപഹാസ്യമാണെന്നാണ് നേതാക്കള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: