ബെംഗളൂരു: സംവരണ മണ്ഡലമായ കോലാറില്‍ തുടര്‍ച്ചയായി എട്ടാം ജയത്തിനിറങ്ങിയ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.എച്ച്. മുനിയപ്പയെ അട്ടിമറിച്ച് എന്‍.മുനിസ്വാമി. ബിബിഎംപി കഡുഗുഡി വാര്‍ഡ് കൗണ്‍സിലറായ മുനിസ്വാമിയുടെ ജയം കോണ്‍ഗ്രസ് ക്യാമ്പുകളെ ഞെട്ടിച്ചിരിക്കുകയാണ്. 2,09,671 വോട്ടുകള്‍ക്കാണ് മുനിസ്വാമി വിജയിച്ചത്.
കോണ്‍ഗ്രസ്സിന്റെ ഉറച്ച മണ്ഡലമായ ഇവിടെ ബിജെപിയുടെ വിജയം അപ്രതീക്ഷിതമായിരുന്നു. 1951 മുതല്‍ നടന്ന 16 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 15ലും വിജയിച്ചത് കോണ്‍ഗ്രസാണ്. 1984-ല്‍ ജനതാപാര്ട്ടിയോടാണ് കോണ്‍ഗ്രസ് ഏകപരാജയം ഏറ്റുവാങ്ങിയത്. 1991 മുതല്‍ തുടര്‍ച്ചയായി ഏഴു തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചത് കെ.എച്ച്. മുനിയപ്പയായിരുന്നു.
കോലാര്‍ മണ്ഡലത്തില്‍ മുനിസ്വാമിയെ സ്ഥാനാര്‍ഥിയായി ബിജെപി നിശ്ചയിച്ചതും അപ്രതീക്ഷിതമായിരുന്നു. പല മുതിര്‍ന്ന നേതാക്കളുടെയും പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നെങ്കിലും നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്റെ തലേദിവസമാണ് മുനിസ്വാമിയുടെ പേര് ബിജെപി പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് സിറ്റിങ് എംപിമാര്‍ക്കെല്ലാം സീറ്റു നല്‍കുമെന്ന് പ്രഖ്യാപിച്ചതോടെ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ കെ.എച്ച്. മുനിയപ്പ ഇവിടെ പ്രചാരണം ആരംഭിച്ചിരുന്നു. ബിജെപിക്ക് മുന്നില്‍ പ്രചാരണത്തിന് ലഭിച്ചത് കുറച്ചു ദിവസങ്ങള്‍ മാത്രം. എന്നാല്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ബിജെപി കാഴ്ചവച്ചത് ശക്തമായ പ്രചാരണം.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മണ്ഡലത്തില്‍ റോഡ് ഷോ നടത്തി. മേഖലയില്‍ പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും മണ്ഡലത്തിലെ ജനങ്ങളെ സ്വാധീനിച്ചു. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനവും മുനിസ്വാമിയെ വിജയത്തിലേക്ക് എത്തിച്ചു.
ഇത്തവണ കെ.എച്ച്. മുനിയപ്പയ്ക്ക് സീറ്റു നല്‍കരുതെന്ന് മണ്ഡലത്തിലെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹൈക്കമാന്‍ഡിലുള്ള സ്വാധീനം ഉപയോഗിച്ച് മുനിയപ്പ സീറ്റു നേടി. എട്ടു നിയോജകമണ്ഡലങ്ങളുള്ള കോലാര്‍ ലോക്സഭാ മണ്ഡലത്തിലെ ഒരിടത്തു പോലും ബിജെപിക്ക് എംഎല്‍എമാരില്ല. ഇവിടെയാണ് രണ്ടുലക്ഷത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി വിജയിച്ചത്.
യൂത്ത് കോണ്‍ഗ്രസ്സില്‍ സജീവ സംഘടനാ പ്രവര്‍ത്തകനായിരുന്ന മുനിസ്വാമി പിന്നാക്ക വിഭാഗത്തോടുള്ള കോണ്‍ഗ്രസ് അവഗണനയില്‍ പ്രതിഷേധിച്ച് 2012ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു. നിലവില്‍ ബിബിഎംപി കഡുഗുഡി വാര്‍ഡ് കോര്‍പ്പറേറ്ററായ മുനിസ്വാമിയെ 2018ല്‍ ബിബിഎംപി മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാക്കിയിരുന്നു. ബിബിഎംപിയില്‍ ആദ്യമായാണ് ദളിത് വിഭാഗത്തില്‍ നിന്ന് ഒരാള്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. മണ്ഡലത്തില്‍ നേടിയ ആദ്യ വിജയം വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ബിജെപി പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: