ആശാരിയുറുമ്പുകള്‍ എന്നൊരു ഉറുമ്പുവര്‍ഗ്ഗമുണ്ട്. ഏതാണ്ട് നമ്മുടെ കട്ടുറുമ്പിനെപ്പോലെയുള്ള ഉറുമ്പുകളാണ്. വലിയ സമൂഹങ്ങളായി ഭൂമിയ്ക്കടിയില്‍ തുരങ്കങ്ങള്‍ തീര്‍ത്തും വൃക്ഷങ്ങളില്‍ കോളനികളുണ്ടാക്കിയും നിയതമായ ശീലങ്ങളുമായി ചിട്ടയോടെ ജീവിയ്ക്കുന്ന ഉറുമ്പുകള്‍.
ഒരു ഉറുമ്പു സമൂഹത്തില്‍ ഓരോ അംഗത്തിനും ഓരോ ജോലിയുണ്ടാകും. കൃത്യമായ സാമൂഹികമായ ജോലിവ്യത്യാസങ്ങള് ഉറുമ്പിന് കോളനിയിലുണ്ട്. ചിലവ ജോലിക്കാരന്മാരായിരിയ്ക്കും ചിലവ പട്ടാളക്കാരായിരിയ്ക്കും ചിലവ മുട്ടയിടാന്‍ മാത്രമായിരിയ്ക്കും ചിലവ കൂടു നന്നാക്കുന്നവരായിരിയ്ക്കും…അങ്ങനെയങ്ങനെ.
ഒരു ഉറുമ്പല്ല, ഒരു ഉറുമ്പ് സമൂഹമാണ്. ഒറ്റ ജീവി എന്ന് തോന്നത്തക്ക വണ്ണം വളരെ ഒരുമയോടെ ആ കോളനിയ്ക്കൊന്നാകെ ഒരു പൊതു മനസ്സുണ്ടെന്ന പോലെയാണ് പലപ്പോഴും അവ ജീവിയ്ക്കുന്നതും പെരുമാറുന്നതും. ആശാരിയുറുമ്പുകളും അതില്‍ നിന്ന് വ്യത്യസ്തരല്ല.
കോര്‍ഡിസപ്സ് എന്നൊരു തരം പൂപ്പലുണ്ട്. അതൊരു പരാദപൂപ്പലാണ്. മറ്റൊരു ജീവിയെ ചൂഷണം ചെയ്ത് ജീവിതചക്രം പൂര്‍ത്തിയാക്കുന്ന പൂപ്പല്‍. ഈ ആശാരിയുറുമ്പുകളാണ് കോര്‍ഡിസപ്സ് പൂപ്പലിന്റെ ഇര.
ഒരു പൂപ്പലിന്റെ വിത്ത് അബദ്ധത്തില്‍ ശരീരത്തിലെങ്ങാനും പറ്റിപ്പിടിയ്ക്കാനിടയായാല് ആദ്യമൊക്കെ ഉറുമ്പിനൊന്നും മനസ്സിലാകുകയേയില്ല. പതിയെ ചില രാസാഗ്നികളുടെ സഹായത്താല്‍ ഉറുമ്പിന്റെ ശരീരം തുളച്ച് അത് അകത്ത് കടക്കും. ഉറുമ്പിന്റെ ശരീരത്തിലെത്തുന്ന നിമിഷം പൂപ്പലിന്റെ വിത്ത് അതിന്റെ ജോലി തുടങ്ങും. ആദ്യം ശരീരം മുഴുവന്‍ പൂപ്പലിന്റെ കോശങ്ങള്‍ വ്യാപിയ്ക്കും. പതിയെ അവ ഉറുമ്പിനെ നിയന്ത്രിയ്ക്കാന്‍ തുടങ്ങും. അപസ്മാരബാധ മാതിരി ഇടയ്ക്കിടെ ഉറുമ്പ് കോച്ചി വീഴാന്‍ തുടങ്ങും. പൂപ്പലിന്റെ ജീവിതചക്രം പൂര്‍ത്തിയാകുമ്പോഴേയ്ക്കും ഒരു പ്രേതബാധ കൂടിയാലെന്ന പോലെ ഉറുമ്പ് പൂര്‍ണ്ണമായും പൂപ്പലിന്റെ നിയന്ത്രണത്തിലാവും. അതിനു തന്റെ ശരീരത്തിനെ നിയന്ത്രിയ്ക്കാനേ ആവില്ല. ഉറുമ്പിന്റെ ശരീരം പിന്നെ ജീവിയ്ക്കുന്നതും പെരുമാറുന്നതുമെല്ലാം പൂപ്പലിന്റെ പ്രേരണയാല്‍ മാത്രമായിരിയ്ക്കും.
പൂപ്പലിന്റെ ജീവിതചക്രം പൂര്ത്തിയാവാറാകുമ്പോ ഉറുമ്പ് പൂര്‍ണ്ണമായും പൂപ്പല്‍ പ്രേതബാധയുടെ നിയന്ത്രണത്തിലാവും. തനിയ്ക്ക് ഒരാവശ്യവുമില്ലാതെ സ്വന്തം കോളനി ഉപേക്ഷിച്ച് പൂപ്പലിനു വളരാന്‍ ഏറ്റവുമനുയോജ്യമായ താപനിലയും ജലാംശവുമൊക്കെയുള്ള ഏതെങ്കിലും ചെടിയുടെ ഏറ്റവും ഉയരെയുള്ള ചില്ലയിലേയ്ക്ക് പൂപ്പല്‍ പ്രേതത്തിന്റെ നിയന്ത്രണത്താല്‍ ആ ഉറുമ്പ് കയറിപ്പോവും. അപ്പോഴേയ്ക്ക് തന്റെ താടിയെല്ലുകളെ നിയന്ത്രിയ്ക്കാന്‍ ഉറുമ്പിനു കഴിയാതെയാകും. ഉയരത്തിലുള്ള ഒരു ഇലയിലോ തണ്ടിലോ സര്‍വശക്തിയുമെടുത്ത് ഉറുമ്പ് ബാധാപ്രേരിതമായി കടിച്ചുപിടിയ്ക്കും. കടിച്ചുപിടിച്ചു കഴിഞ്ഞാല്‍പ്പിന്നെ അതിന് അനങ്ങാനാവില്ല. മരണക്കടി എന്നാണതിനെ ശാസ്ത്രജ്ഞര്‍ വിളിയ്ക്കുന്നത്.
ഭക്ഷണമില്ലാതെ കടിച്ചു പിടിച്ചു അവിടെത്തൂങ്ങിക്കിടക്കും ആ ഉറുമ്പ്, അല്ല പൂപ്പലിന്റെ പ്രേതം ബാധിച്ച ഉറുമ്പിന്റെ ശരീരം.
ഇനിയാണ് തന്റെ ജീവിതചക്രത്തിന്റെ അടുത്ത ഭാഗത്തേയ്ക്ക് പൂപ്പല്‍ കടക്കുന്നത്. ഉറുമ്പിന്റെ തല തുരന്ന് പൂപ്പല്‍ തന്റെ തണ്ട് പുറത്തേക്കിറക്കും. ആ തണ്ടിന്റെ അഗ്രത്തില്‍ നിന്ന് ലക്ഷക്കണക്കിനു പുതിയ പൂപ്പല്‍ വിത്തുകള്‍ പൊഴിയും. ഉയരത്തിലുള്ള ഇലയുടെ അടിയിലായതുകൊണ്ട് ആ വിത്തുകള്‍ പാറി എല്ലായിടത്തും പരക്കും. അടുത്ത ആശാരിയുറുമ്പിനെത്തേടി ആ ഓരോ വിത്തുബാധയും മണ്ണില്‍ ഒളിച്ചിരിയ്ക്കും. ഒരു വലിയ ഉറുമ്പിന് കോളനി തന്നെ അങ്ങനെ ചിലപ്പോള്‍ പൂപ്പല്‍ ബാധയാല്‍ നശിച്ച് ദ്രവിച്ചുതീരും.
ചിലപ്പോള്‍ കൂട്ടത്തിലെ ജോലിക്കാരനുറുമ്പുകള് ഈ പൂപ്പല്‍ പ്രേതബാധ ആദ്യമേ കണ്ടെന്നിരിയ്ക്കും. തന്റെ കൂടെയുള്ള ഉറുമ്പ് കോച്ചിവീഴുന്നത് കാണുന്ന ആ ജോലിക്കാരനുറുമ്പുകള് അപകടം മനസ്സിലാക്കി പൂപ്പല്‍ ബാധിച്ച ഉറുമ്പിനെ ചുമന്ന് തന്റെ കോളനിയ്ക്ക് വളരെ ദൂരെ കൊണ്ട് കളയും. അതിനറിയാം പൂപ്പലിന്റെ ജീവിതചക്രം പൂര്‍ത്തിയായാല്‍ തല തുരന്ന് ലക്ഷക്കണക്കിനു വിത്തുകള്‍ അവിടെയെല്ലാം പരക്കുമെന്ന്. ഒരുപക്ഷേ അങ്ങനെ ദൂരെക്കൊണ്ടുക്കളഞ്ഞാല് ആ കോളനി ചിലപ്പോള്‍ രക്ഷപെട്ടേയ്ക്കുമെന്ന്.
സിപിഎം എന്ന ആശാരിയുറുമ്പിന്റെ തല തുരന്ന് ഇസ്ലാമിസ്റ്റു പൂപ്പല്‍ എന്നാണ് തന്റെ തണ്ടു പുറത്തു ചാടിയ്ക്കുന്നതെന്നാണ് ഞാനാലോചിയ്ക്കുന്നത്…
വാല്‍ക്കഷണം: മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവായിരുന്ന അഭിമന്യുവിന്റെ ദാരുണമായ കൊലപാതകം നടന്നിട്ട് ഒമ്പതു മാസം കഴിഞ്ഞു. ഇന്നും കൊലയാളികളെ മുഴുവനും അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അറസ്റ്റു ചെയ്യപ്പെട്ടവരില്‍ ചിലര്‍ ആലപ്പുഴക്കാരാണ്. അവിടത്തെ ഇലക്ഷന് വിജയത്തിനായി മതതീവ്രവാദികളുമായി പാര്‍ട്ടി നേതാക്കള്‍ ധാരണകള്‍ ഉണ്ടാക്കി എന്ന് തെരഞ്ഞെടുപ്പു കാലത്ത് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: