ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഭരണം നഷ്ടപ്പെട്ട സംസ്ഥാനങ്ങളിലും സമ്പൂര്‍ണ്ണ ആധിപത്യവുമായി ബിജെപി. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തിരുന്നു. മോദി ഭരണത്തിന്റെ അവസാനത്തിന്റെ തുടക്കമായാണ് ഇതിനെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.
എന്നാല്‍ ബിജെപി ഇത്തവണ ഏറ്റവുമധികം നേട്ടമുണ്ടാക്കിയതില്‍ മുന്നിലാണ് ഈ സംസ്ഥാനങ്ങള്‍. രാജസ്ഥാനില്‍ 25 സീറ്റും ബിജെപി തൂത്തുവാരി. 2014ലും ഇവിടെ മുഴുവന്‍ സീറ്റിലും ബിജെപി വിജയിച്ചിരുന്നു. മധ്യപ്രദേശില്‍ 29ല്‍ 28ഉം ഛത്തീസ്ഗഡില്‍ പതിനൊന്നില്‍ ഒന്‍പതും ബിജെപിക്കാണ്.
മധ്യപ്രദേശിലെ ഗുണയില്‍ എഐസിസി ജനറല്‍ സെക്രട്ടറിയും രാഹുലിന്റെ വിശ്വസ്തനുമായ ജ്യോതിരാദിത്യ സിന്ധ്യ തോറ്റത് കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയായി. പാര്‍ട്ടിയുടെ ഉറച്ച കോട്ടയായിരുന്ന ഇവിടെ സിന്ധ്യയെ ഒന്നേ കാല് ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കൃഷ്ണപാല്‍ സിങ് തോല്‍പ്പിച്ചത്.
ഭോപ്പാല്‍ പിടിക്കുമെന്ന അവകാശവാദവുമായി ഇറക്കിയ മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങും ദയനീയമായി തോറ്റു. മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് ഇവിടെ പ്രജ്ഞാ സിങ് താക്കൂര്‍ ജയിച്ചത്. നാല്, അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച നിരവധി മണ്ഡലങ്ങളുമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിനായി നേരത്തെ സിന്ധ്യ അവകാശവാദം ഉന്നയിച്ചിരുന്നു. തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും ഗ്രൂപ്പ് പോരിന് സാധ്യത തെളിഞ്ഞിട്ടുണ്ട്.
ഛത്തീസ്ഗഡിലെ ബസ്തറില്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് ജയിക്കാനായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് നേടിയിരുന്നത്. കോണ്‍ഗ്രസ്-ജെഡിഎസ് ഭരണത്തിലുള്ള കര്‍ണാടകയില്‍ 25 സീറ്റില്‍ വിജയിച്ച് ബിജെപി വന്‍ മുന്നേറ്റം നടത്തി. ഒരു സീറ്റില്‍ ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ഥിയും ജയിച്ചു. കോണ്‍ഗ്രസ്സിനും ജെഡിഎസ്സിനും ഓരോ സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസ് പിടിച്ചുനിന്നത്. ഇവിടെ 13ല്‍ എട്ട് സീറ്റ് കോണ്‍ഗ്രസ് നേടി.
രാജസ്ഥാന്
ആകെ സീറ്റ് -25
എന്‍ഡിഎ -25
യുപിഎ -0
മറ്റുള്ളവര്‍ -0
മധ്യപ്രദേശ്
ആകെ സീറ്റ്- 29
എന്‍ഡിഎ -28
യുപിഎ -1
മറ്റുള്ളവര്‍ -0
ഛത്തീസ്ഗഡ്
ആകെ സീറ്റ്- 11
എന്‍ഡിഎ -9
യുപിഎ -2
മറ്റുള്ളവര്‍ -0
പ്രതികരിക്കാൻ ഇവിടെ എഴുതുക: