ന്യൂദല്‍ഹി: മൂന്നില്‍ രണ്ട് സീറ്റുകളോടെ അധികാരത്തിലെത്താന്‍ ബിജെപിയെയും എന്‍ഡിഎയെയും സഹായിച്ചത് ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും മിന്നും പ്രകടനമാണ്. യുപിയില്‍ ബിജെപി സഖ്യം 61 സീറ്റുകള്‍ നേടിയപ്പോള്‍ ബീഹാറില്‍ ആകെയുള്ള നാല്പ്പതില് 39 സീറ്റുകളും ബിജെപി-ജെഡിയു സഖ്യം കരസ്ഥമാക്കി. രണ്ടു സംസ്ഥാനങ്ങളില്‍ നിന്നുമായി എന്‍ഡിഎ സഖ്യം നേടിയ നൂറു സീറ്റുകളാണ് ഹിന്ദി ഹൃദയഭൂമിയില്‍ തരംഗമായി ഉയരാന്‍ ബിജെപിയെ സഹായിച്ചത്. ഗുജറാത്തിലെ ഇരുപത്താറു സീറ്റും നേടി ബിജെപി തകര്‍പ്പന്‍ വിജയം കുറിച്ചു.
എണ്‍പതില്‍ 73 സീറ്റുകള്‍ നേടിയാണ് 2014ല്‍ ബിജെപി യുപി പിടിച്ചടക്കിയത്. ഇത്തവണ പക്ഷേ എസ്പി-ബിഎസ്പി സഖ്യത്തിന്റെ ശക്തമായ സാന്നിധ്യവും പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ പ്രകടനവും ബിജെപിയെ യുപിയില്‍ നിന്ന് തൂത്തെറിയുമെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടേയും ഒരുവിഭാഗം മാധ്യമങ്ങളുടേയും കൊണ്ടുപിടിച്ച പ്രചാരണം.
എന്നാല്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ 80 ല്‍ 60 ഇടത്ത് വിജയിക്കാനും ബിജെപിക്കായി. എസ്പി-ബിഎസ്പി സഖ്യത്തെ 16ലേക്ക് തളയ്ക്കാന്‍ സാധിച്ചത് ബിജെപിക്ക് വലിയ നേട്ടമായി. കോണ്‍ഗ്രസിന് നിലവിലുള്ള റായ്ബറേലി നിലനിര്‍ത്താന്‍ സാധിച്ചെങ്കിലും അമേത്തിയിലെ രാഹുല്‍ഗാന്ധിയുടെ പരാജയം കോണ്‍ഗ്രസിനെ നടുക്കി. മുലായം സിങ്ങും അഖിലേഷ് യാദവും വിജയിച്ചെങ്കിലും അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ് പരാജയപ്പെട്ടത് സമാജ് വാദി പാര്‍ട്ടിക്ക് തിരിച്ചടിയായി.
ബീഹാറിലാണ് എന്‍ഡിഎ സഖ്യം പ്രതിപക്ഷ പാര്‍ട്ടികളെ നടുക്കുന്ന പ്രകടനം കാഴ്ച വെച്ചത്. ആകെയുള്ള 40ല്‍ 39 സീറ്റുകളും എന്‍ഡിഎ സഖ്യം പിടിച്ചെടുത്തു. ബിജെപി 17 സീറ്റിലും ജെഡിയു 16 സീറ്റിലും എല്‍ജെപി ആറിടത്തും വിജയിച്ചു. കിഷന്‍ഗഞ്ചില്‍ ഡോ. മുഹമ്മദ് ജാവേദ് മാത്രമാണ് കോണ്‍ഗ്രസിന് വേണ്ടി അക്കൗണ്ട് തുറന്നത്. എന്നാല്‍ ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് ഇത്തവണയും ലോക്സഭയില്‍ പ്രതിനിധികളില്ല. ബീഹാറില്‍ കേന്ദ്രമന്ത്രിമാരായ രാധാമോഹന്‍സിങ്, രവിശങ്കര്‍ പ്രസാദ്, രാജീവ് പ്രതാപ് റൂഡി, ഗിരിരാജ് സിങ് തുടങ്ങിയവരെല്ലാം വിജയിച്ചു കയറി.
യുപിയില്‍ കോണ്‍ഗ്രസിന്റെ രണ്ട് സീറ്റുകളില്‍ റായ്ബറേലി സോണിയാഗാന്ധി നിലനിര്‍ത്തിയെങ്കിലും അമേത്തിയില്‍ രാഹുല്‍ഗാന്ധിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസിനെ സ്മൃതി ഇറാനി നടുക്കി. പാര്‍ട്ടി ദേശീയ അധ്യക്ഷന്റെ പരാജയം ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടതിന്റെ തെളിവായി. പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ചുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് വാരാണസിയില്‍ വിജയിച്ചപ്പോള്‍ യുപിയില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരില്‍ മനോജ് സിന്‍ഹ ഒഴികെ എല്ലാവരും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു കയറി.
ഉത്തര്‍പ്രദേശ്
ആകെ സീറ്റ്- 80
എന്‍ഡിഎ- 61
എസ്പി- ബിഎസ്പി-17
യുപിഎ-1
മറ്റുള്ളവര്‍-1
ബീഹാര്‍
ആകെ സീറ്റ്-40
എന്‍ഡിഎ-39
യുപിഎ-2
മറ്റുള്ളവര്‍-0
ഗുജറാത്ത്
ആകെ സീറ്റ്-26
എന്‍ഡിഎ-26
യുപിഎ-0
മറ്റുള്ളവര്‍-0
പ്രതികരിക്കാൻ ഇവിടെ എഴുതുക: