തിരുവനന്തപുരം: വിശ്വാസ്യത നഷ്ടമായതിനാല്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കേരള പോലീസിന് വിലക്ക്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ സുരക്ഷാ ചുമതല നല്‍കിയിരിക്കുന്നത് കേന്ദ്രസേനയ്ക്കാണ്.
വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് കേരള ആംഡ് പോലീസും അതിനു പുറത്തുള്ള ചുമതല കേരള പോലീസും നിര്‍വഹിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. കേരള പോലീസിനെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിയമിച്ച ശേഷം അതിനു പുറത്ത് കേന്ദ്രസേനയോടൊപ്പം ആംഡ് പോലീസിനെയും സുരക്ഷയ്ക്കായി നിയോഗിക്കുകയാണ് പതിവ്.
സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് കേരള പോലീസിനെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് പുറത്താക്കുന്നത്. പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളാണ് പോലീസിന്റെ വിശ്വാസ്യത ഇല്ലാതാക്കിയത്. പോലീസുകാരെ ഭീഷണിപ്പെടുത്തി ഭരണ അനുകൂല സംഘടനാ നേതാക്കളുടെ വീട്ടിലേക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ എത്തിയത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ്. പ്രാഥമിക അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും കേരള പോലീസിനെ ചുമതലപ്പെടുത്തിയാല്‍ വിവരങ്ങള്‍ ചോരുമെന്നതിനാലാണ് കേരള പോലീസിനെ വിലക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: