ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിനേരിടുമെന്ന സൂചന ലഭിച്ചതോടെ കര്‍ണാടകയില്‍ കൂടുതല്‍ എംഎല്‍എമാര്‍ പരസ്യ പ്രതിഷേധവുമായി രംഗത്ത്. മുന്‍ മന്ത്രിയും ശിവാജിനഗര്‍ എംഎല്‍എയുമായ റോഷന് ബെയ്ഗ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ ഇന്നലെ ചിക്കബെല്ലാപ്പുര എംഎല്‍എ ഡോ.കെ. സുധാകറും നേതൃത്വത്തിനെതിരെ രംഗത്തെത്തി.
ന്യൂദല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടിങ് യന്ത്രത്തിനെതിരെ നടത്തിയ സമരത്തിനെതിരെയാണ് സുധാകര്‍ പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് വേളയില്‍ വോട്ടിങ് യന്ത്രത്തെ കുറ്റപ്പെടുത്താതിരുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്ന ശേഷം എന്തിനാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ചൊവ്വാഴ്ച കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിനു മുന്പില് നടത്തിയ പ്രതിഷേധത്തിനെയാണ് അദ്ദേഹം വിമര്‍ശിച്ചത്. ജെഡിഎസുമായുള്ള സഖ്യം ചരിത്രപരമായ മണ്ടത്തരമായിരുന്നെന്നും അതിന്റെ ദുരിതം ലോക്സഭാ തെരഞ്ഞെടുപ്പുഫലം വരുമ്പോള്‍ അനുഭവിക്കുമെന്നും പിന്നീട് ദൃശ്യമാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ സുധാകര്‍ പറഞ്ഞു.
എംഎല്‍എമാര്‍ പരസ്യപ്രതികരണം നടത്തരുതെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം നടത്തുന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി കെ.സി. വേണുഗോപാല്‍ ബഫൂണ്‍ ആണെന്നാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എംഎല്‍എ റോഷന്‍ബെയ്ഗ് പറഞ്ഞത്. പ്രശ്നങ്ങള്‍ക്കെല്ലാം കാരണം വേണുഗോപാലും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമാണെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. കെപിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവിനെ നോക്കുകുത്തിയാക്കി ഇരുവരുമാണ് സംസ്ഥാനത്ത് കാര്യങ്ങള്‍ നിശ്ചയിക്കുന്നതെന്നാണ് ഇവരുടെ പരാതി. ജെഡിഎസ് അദ്ധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെയും താത്പര്യങ്ങളാണ് വേണുഗോപാല്‍ സംരക്ഷിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
വേണുഗോപാല്‍ കോമാളിയാണെന്നുള്ള റോഷന്ബെയ്ഗിന്റെ പ്രസ്താവന സംസ്ഥാനത്ത് ചൂടേറിയ ചര്‍ച്ചകളിലേക്ക് നയിച്ചു. ഇതിനു പിന്നാലെ ന്യൂദല്‍ഹിയിലെ എല്ലാ പരിപാടികളും മാറ്റിവച്ച് വേണുഗോപാല്‍ കര്‍ണാടകയിലെത്തി മുതിര്‍ന്ന നേതാക്കളായ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെപിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു, ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവരുമായാണ് ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: