ആലപ്പുഴ: തെരഞ്ഞെടുപ്പ് ഫലം ഇന്നു വരാനിരിക്കെ കടുത്ത ആശങ്കയിലാണ് സിപിഎമ്മും സിപിഐയും. ദേശീയപദവി പോലും നഷ്ടപ്പെട്ട് തകര്‍ന്നടിയുമോ എന്ന് ഇന്ന് വ്യക്തമാകും. കേരളത്തിനു പുറമെ തമിഴ്നാട്ടില്‍ മാത്രമാണ് ഇരു പാര്‍ട്ടികള്‍ക്കും സീറ്റു പ്രതീക്ഷയുള്ളത്. പശ്ചിമബംഗാളില്‍ തകര്‍ന്നടിയുമെന്ന് എക്സിറ്റ്പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ത്രിപുരയിലും ഒന്നും കിട്ടാനിടയില്ല.
കേരളത്തിന് പുറമേ രണ്ട് സംസ്ഥാനങ്ങളിലും കൂടി സിപിഎം-സിപിഐ സ്ഥാനാര്‍ത്ഥികള്‍ ജയിക്കണം. ആറു ശതമാനം വോട്ട് മൂന്ന് സംസ്ഥാനങ്ങള്‍ക്കപ്പുറം നേടാനുള്ള സാഹചര്യം നിലവിലില്ല. ഒരു കാലത്ത് ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് നല്‍കിയിരുന്ന പരിഗണന ഡിഎംകെ ഒഴികെ ഒരു പാര്‍ട്ടിയും ഇത്തവണ കാട്ടിയില്ല. 35 വര്‍ഷം ഭരിച്ച സിപിഎം ഇപ്പോള്‍ അവിടെ തൃണമൂലിനും ബിജെപിക്കും കോണ്‍ഗ്രസിനും പിറകേ നാലാം സ്ഥാനത്താണ്.
മഹാരാഷ്ട്രയിലെ ദിന്‍ഡോറിയില്‍ എന്‍സിപിയാണ് സിപിഎമ്മിന് തടയിട്ടത്. കേരളത്തില്‍ എത്ര സീറ്റ് കിട്ടുമെന്ന കാര്യത്തില്‍ വ്യക്തതയുമില്ല. ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും എക്സിറ്റ് പോളുകളില്‍ ഭൂരിപക്ഷവും യുഡിഎഫിന് വന്‍ വിജയം പ്രഖ്യാപിക്കുന്നത് നേതാക്കള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.
തമിഴ്നാട്ടില്‍ ഡിഎംകെ കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമായി കോയമ്പത്തൂരിലും മധുരയിലും സിപിഎം മത്സരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്ന് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം പോലും സിപിഎമ്മിന് നഷ്ടമായേക്കും. സിപിഐയുടെ കാര്യം പറയാനുമില്ല. സിപിഐ ഇത്തവണ പരിപൂര്‍ണമായി ഇല്ലാതാകുമോ എന്ന ആശങ്കയും നില നില്ക്കുന്നു.
19 സംസ്ഥാനങ്ങളില്‍ 71 സീറ്റുകളിലാണ് സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. ബീഹാറില്‍ ബഗുസരായ് മണ്ഡലത്തില്‍ മത്സരിക്കുന്ന കനയ്യകുമാറാണ് സിപിഐയുടെ പ്രതീക്ഷ. പാര്‍ട്ടിയുടെ ഏറ്റവും ശക്തമായ അടിത്തറയുള്ള കേരളത്തില്‍ മത്സരിച്ച നാല് സീറ്റില്‍ ഒന്നില്‍പോലും ജയിക്കാന്‍ സാധ്യതയില്ലെന്നാണ് എക്സിറ്റ്പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. 2004ലാണ് ഇടതുപക്ഷത്തിന് വലിയ നേട്ടം ഉണ്ടായത്. ബംഗാളിലും കേരളത്തിലും നേടിയ വലിയ വിജയമാണ് ഇതിന് കാരണമായത്. സിപിഎമ്മിന് മാത്രം 43 സീറ്റുകളാണ് അന്ന് ലഭിച്ചത്. സിപിഐക്ക് 10 സീറ്റും ലഭിച്ചു.
പിന്നിടുള്ള തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന് കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല.
രാജ്യത്തെല്ലായിടത്തും ഒരു ചിഹ്നത്തില്‍ മത്സരിക്കാന്‍ കഴിയുമെന്നതാണ് ദേശീയ പാര്‍ട്ടിയായാലുള്ള ഗുണം. ഇതിന് പുറമെ പാര്‍ട്ടി ഓഫീസുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഭൂമി കിട്ടുമെന്നതാണ് ദേശീയ പാര്‍ട്ടി പദവികൊണ്ടുള്ള മറ്റൊരു പ്രയോജനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: