തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിച്ച ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാനുള്ള കാത്തിരിപ്പിന് ഇന്നു വിരാമമാവുമ്പോള്‍ മുന്‍കാലങ്ങളിലേതു പോലെ അത്രവേഗം ഫലം പുറത്തുവരില്ലെന്ന സൂചനയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറില്‍ നിന്നും ലഭിക്കുന്നത്.
ബാലറ്റ് പേപ്പര്‍ ആയിരുന്ന കാലത്ത് ഫലം അറിയാന്‍ രാത്രി വൈകിയും കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ വരവോടെ വോട്ടെണ്ണലും വിജയിയെ പ്രഖ്യാപിക്കലുമൊക്കെ ഉച്ചയ്ക്ക് മുമ്പ് നടക്കുമായിരുന്നു. ഇക്കൊല്ലം ധൃതി വേണ്ട എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുകയും പത്തുമണിയാകുമ്പോള്‍ ഏകദേശചിത്രം വ്യക്തമാവുകയും ചെയ്യുമായിരുന്നു. ഇത്തവണ പത്ത് മണിക്കൂര്‍ കൊണ്ട് വോട്ട് എണ്ണിത്തീര്ത്താല് മതി എന്നാണ് തീരുമാനം. രാവിലെ എട്ടിനാണ് വോട്ടെണ്ണിത്തുടങ്ങുക. പുതിയ നിര്‍േദശം പാലിക്കപ്പെട്ടാല്‍ വൈകിട്ട് ആറുമണിയോടെ മാത്രമേ വിജയിയെ അറിയാന്‍ സാധിക്കൂ.
പതിനാലു ബൂത്തുകളിലെ വോട്ടിങ് യന്ത്രങ്ങളാണ് ഒരു റൗണ്ടില്‍ ഫലം പരിശോധിക്കാന്‍ എടുക്കുന്നത്. ഇങ്ങനെ ഓരോ റൗണ്ട് കഴിയുമ്പോഴും രേഖകളെല്ലാം കൃത്യമാക്കിവെക്കണം. പൊതുജനങ്ങള്‍ക്ക് ഫലമറിയാനുള്ള ട്രെന്‍ഡ്സ് സൈറ്റിലും തെരഞ്ഞെടുപ്പ് കമ്മിഷന് വിവരങ്ങള്‍ കൈമാറുന്ന സുവിധ ആപ്പിലും വിവരങ്ങള്‍ പങ്കുവെക്കണം. ഇതിനുശേഷമേ അടുത്ത റൗണ്ടിനുള്ള വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമില്‍ നിന്നെടുക്കാന്‍ അനുമതിയുള്ളൂ.
മുമ്പ് ഒരു റൗണ്ടിലെ എണ്ണല്‍ കഴിയുമ്പോഴേക്കും അടുത്ത റൗണ്ടിനുള്ള യന്ത്രങ്ങള്‍ മേശപ്പുറത്ത് എത്തുമായിരുന്നു. ഇതിനാല്‍, ഉച്ചയ്ക്കുമുമ്പ് ഫലം അറിയാമായിരുന്നു. വോട്ടെണ്ണലിനൊപ്പം തയ്യാറാക്കേണ്ട രേഖകള്‍ പിന്നീട് ശരിയാക്കുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്. പുതിയ സാഹചര്യത്തില്‍ ഈ രീതി വേണ്ടന്നാണ് നിര്‍ദേശം. ആദ്യഫലസൂചന രാവിലെ ഒമ്പതോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. വിജയിയെ ഉച്ചകഴിയുന്നതോടെ ഏകദേശം അറിയാനാകുമെങ്കിലും വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നതിനാല്‍ ഔദ്യോഗിക പ്രഖ്യാപനം വൈകും. സംസ്ഥാനത്ത് എല്ലാ കേന്ദ്രങ്ങളിലും വൊട്ടെണ്ണലിന് ഒരുക്കം പൂര്‍ത്തിയായെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞു.
തിരുവനന്തപുരത്ത് മാതൃകാവോട്ടെണ്ണല്‍ കേന്ദ്രവും സജ്ജമാക്കി. ഇവിങ്ങളിലെ വോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടാകും വിവിപാറ്റുകള്‍ എണ്ണുക. ഫലപ്രഖ്യാപനത്തിന് സാധാരണ നാലുമുതല്‍ ആറുമണിക്കൂറാണ് വേണ്ടിവന്നിരുന്നത്. എന്നാല്‍, വിവിപാറ്റുകള്‍ എണ്ണുന്നതോടെ പത്തുമണിക്കൂര്‍വരെ വേണ്ടിവരും. 23 കൗണ്ടിങ് ലൊക്കേഷനുകളിലായി 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. തപാല്‍വോട്ടുകളാണ് ആദ്യമെണ്ണുക. രാവിലെ എട്ടുവരെ ലഭിക്കുന്ന എല്ലാ തപാല്‍ വോട്ടുകളും എണ്ണും.
അതോടൊപ്പം ഇടിപിബിഎസ് വഴി ലഭിച്ച സര്‍വീസ് വോട്ടുകളുടെ സ്കാനിങ് ആരംഭിക്കും. തെരഞ്ഞെടുപ്പ് നിരീക്ഷകന്, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യന്ത്രങ്ങള്‍ പുറത്തെടുക്കുന്നത്. ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്സര്‍വറും കൗണ്ടിങ് സൂപ്പര്‍വൈസറും കൗണ്ടിങ് അസിസ്റ്റന്റും ഉള്‍പ്പെടെ മൂന്നുപേരാണ് ഉണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: