നെടുങ്കണ്ടം: നെടുങ്കണ്ടത്തെ കള്ളനോട്ട് കേസില്‍ നാല് തമിഴ്നാട് സ്വദേശികള്‍ കൂടി അറസ്റ്റില്‍. ഒരു ലക്ഷത്തിന്റെ കള്ളനോട്ടും അച്ചടി ഉപകരണങ്ങളും പിടിച്ചെടുത്തു. തമിഴ്നാട് കരൂര്‍ വേങ്ങമേട് ആശൈതമ്പി (33), വാങ്ങപാളയം പിള്ളയാര്‍ തെരുവില്‍ ദിനേശ് കുമരന് (29), കള്ളനോട്ട് വിതരണ ഏജന്റുമാരായ തേവാരം മല്ലിങ്കര്‍ കോവില്‍ തെരുവില്‍ പാര്ഥിപന്(29), തേവാരം കിഴക്കേ തെരുവില്‍ മന്മഥന് (29) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.
കഴിഞ്ഞ ദിവസം ബാലഗ്രാമില്‍ നിന്ന് തമിഴ്നാട് തേവാരം സ്വദേശി അരുണ്‍കുമാര്‍ അറസ്റ്റിലായിരുന്നു. പരിശോധനയ്ക്കിടെ രക്ഷപ്പെട്ട ഭാസ്കരനെ പോലീസ് കമ്പത്ത് നിന്ന് പിടികൂടിയിരുന്നു. ഒരു മാസം മുന്‍പാണ് ആശൈതമ്പി കള്ളനോട്ട് നിര്‍മാണം ആരംഭിച്ചത്. ഇതിനായി പ്രിന്ററും പ്രത്യേകതരം പേപ്പര്‍, മഷി എന്നിവയും സംഘടിപ്പിച്ചു. ആശൈതമ്പിയുടെ വീട്ടിലായിരുന്ന നോട്ടടി കേന്ദ്രം. ഇയാളുടെ സഹായിയാണ് ദിനേശ്കുമാരന്. ഇവരുടെ സുഹൃത്തുക്കളായ പാര്ഥിപന്, മന്മഥന് എന്നിവരെ നോട്ട് മാറാനുള്ള ഏജന്റുമാരാക്കി.
കേരളത്തിലും, തമിഴ്നാട്ടിലും നോട്ട് മാറിയെടുക്കുകയായിരുന്നു ലക്ഷ്യം. അര ലക്ഷം രൂപ തമിഴ്നാട്ടിലെ ദിണ്ഡിഗലിലും, കരൂരിലും സംഘം വിതരണം ചെയ്തു. ജില്ലയില്‍ വിതരണത്തിനെത്തിച്ചത് 10,000 രൂപയാണ്. ബാലഗ്രാമിലും, തൂക്കുപാലത്തും സംഘം മാറിയ നോട്ടുകളും പോലീസ് പിടിച്ചെടുത്തു. വിവിധ സീരിയല്‍ നമ്പരുകളിലാണ് നോട്ട് നിര്‍മിച്ചത്. പിടിയിലായ പാര്ഥിപന് തമിഴ്നാട്ടിലെ തുണിമില്‍ ജീവനക്കാരനാണ്. പാര്‍ഥിപന്റെ സുഹൃത്തായിരുന്നു മന്മഥന്.
മന്മഥന്റെ സുഹൃത്തുക്കളാണ് ഭാസ്കരനും, അരുണ്കുമാറുമെന്നും പോലീസ് പറഞ്ഞു. ഏജന്റുമാര്‍ക്ക് മൂന്നിരട്ടി കമ്മീഷനാണ് ആശൈതമ്പി നല്‍കിയിരുന്നത്. കട്ടപ്പന ഡിവൈഎസ്പി പി.പി. ഷംസ്, സിഐ റെജി എം. കുന്നിപ്പറമ്പന്, എസ്ഐ കെ.എ. സാബു എന്നിവരാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ ഇടുക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: