ന്യൂദല്‍ഹി: പരാജയമുറപ്പിച്ച പ്രതിപക്ഷ കക്ഷികള്‍ രാജ്യത്ത് കലാപത്തിന് ശ്രമം നടത്തുമെന്നും വോട്ടെണ്ണല്‍ പ്രക്രിയയ്ക്ക് അതീവ സുരക്ഷ നല്‍കണമെന്നും കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്കി. വോട്ടെണ്ണല്‍ കേന്ദ്രത്തിന് കേന്ദ്രസേനയുടേയും ആംഡ് ബറ്റാലിയനുകളുടേയും സുരക്ഷാ കവചമൊരുക്കണമെന്നും കലാപശ്രമങ്ങള്‍ ജാഗ്രതയോടെ നേരിടണമെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചീഫ് സെക്രട്ടറിമാരോടും ഡിജിപിമാരോടും ആവശ്യപ്പെട്ടിരിക്കുന്നത്.
വോട്ടെണ്ണല്‍ പ്രക്രിയ കലാപകലുഷിതമാക്കാന്‍ സംഘടിതമായ ശ്രമങ്ങളാണ് രണ്ടു ദിവസമായി പ്രതിപക്ഷ കക്ഷികളും ഒരുവിഭാഗം മാധ്യമങ്ങളും രാജ്യത്ത് നടത്തുന്നത്. വോട്ടെടുപ്പിന് കരുതല്‍ ശേഖരത്തില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങള്‍ തിരികെ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനെ തിരിമറിയായി ചിത്രീകരിച്ച് വ്യാപകമായ വ്യാജപ്രചാരണം അഴിച്ചു വിട്ടത് സംഘടിത ശ്രമമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ദല്‍ഹി പോലീസ് പ്രശാന്ത് ഭൂഷണ് അടക്കമുള്ളവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചു. ദല്‍ഹി പോലീസിന്റെ സൈബര്‍ സെല്‍ വിഭാഗമാണ് ഇതുസംബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
ജമാ അത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും തീവ്ര ഇടത് സംഘടനകളും സംഘടിതമായി ആരംഭിച്ച പ്രചാരണം മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുക്കുകയായിരുന്നു. ബീഹാര്‍, ബംഗാള്‍, യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് ചില രാഷ്ട്രീയ നേതാക്കള്‍ ആഹ്വാനങ്ങള്‍ നടത്തിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ സംഘടിതമായി പ്രശ്നങ്ങള്‍ സൃഷ്ടിച്ച് മാധ്യമങ്ങളിലൂടെ വോട്ടെടുപ്പ് പ്രക്രിയയെ തന്നെ അട്ടിമറിക്കാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: