കണ്ണൂര്‍: തലശ്ശേരിയില്‍ കഴിഞ്ഞ ദിവസം സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച വടകര ലോക്സഭയിലെ വിമത സ്ഥാനാര്‍ത്ഥി സി.ഒ.ടി.നസീര്‍ സിപിഎം ന്യൂനപക്ഷ വേട്ടയുടെ ഇര. കണ്ണൂര്‍ ജില്ലയില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നിരവധി പേര് സിപിഎം കൊലക്കത്തിക്കിരയായിട്ടുണ്ട്. നിരന്തരമായി അക്രമം നടത്തി മതന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി കൂടെ നിര്‍ത്തുകയെന്ന തന്ത്രമാണ് സിപിഎം ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത്.
തലശ്ശേരിയിലെ അബ്ദുള്‍ ഫസല്‍, അരിയില്‍ ഷുക്കൂര്‍, പട്ടുവത്തെ അന്‍വര്‍, തളിപ്പറമ്പിലെ ലീഗ് മുനിസിപ്പല്‍ ട്രഷറര്‍ കെ.വി.എം.കുഞ്ഞി തുടങ്ങി നിരവധിപ്പേരെയാണ് കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഓരോ കൊലപാതകവും കൃത്യമായി ആസൂത്രണം ചെയ്താണ് നടപ്പിലാക്കുന്നതോടൊപ്പം തങ്ങള്‍ക്ക് പങ്കില്ലെന്ന നുണപ്രചാരണം ആവര്‍ത്തിക്കുകയും ചെയ്യും.
സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് അരിയില്‍ പ്രദേശത്ത് കൂടി കടന്നുപോകുമ്പോള്‍ യാത്രചെയ്തിരുന്ന കാറിന് സമീപത്തു കൂടി ഓടിപ്പോയി എന്നാരോപിച്ചാണ് അരിയില്‍ ഷുക്കൂറിനെ സിപിഎം സംഘം പരസ്യ വിചാരണ നടത്തി കഴുത്തറുത്ത് കൊന്നത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ കൊല്ലരുതെന്നും ഷുക്കൂര്‍ അക്രമിസംഘത്തോട് അപേക്ഷിച്ചെങ്കിലും ജയരാജനെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് നിരവധിയാളുകള്‍ നോക്കിനില്‍ക്കെ പരസ്യ വിചാരണ നടത്തി കൊലപ്പെടുത്തുകയായിരുന്നു.
ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെ പിന്നീട് കോടതി പ്രതി ചേര്‍ത്ത് റിമാന്‍ഡ് ചെയ്തു. തങ്ങളുടെ നേതാക്കളെ തൊട്ടാല്‍ മരണമായിരിക്കും അനന്തര ഫലമെന്ന് ന്യൂനപക്ഷങ്ങള്‍ക്ക് കൃത്യമായ സന്ദേശം നല്‍കുന്നതിന് വേണ്ടി നടത്തിയതാണ് ഷുക്കൂറിന്റെ കൊലപാതകം.
2006 ഒക്ടോബര്‍ 22 നാണ് സിപിഎം സംഘം ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയത്. തേജസ്സ് പത്രത്തിന്റെ ഏജന്റായിരുന്ന ഫസലിനെ റംസാന് നാളിലാണ് വെട്ടിക്കൊലപ്പെടുത്തിയത്. നേരത്തെ സിപിഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് എന്‍ഡിഎഫില്‍ ചേര്‍ന്നിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ സിപിഎം നേതൃത്വം ബോധപൂര്‍വ്വം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് ഫസലിന്റെ കൊലപാതകമെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് വരുത്തിത്തീര്‍ക്കാനും അന്വേഷണം വഴിതിരിച്ച് വിടാനും ചോരപുരണ്ട തൂവാല പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് സമീപം ഉപേക്ഷിച്ചിരുന്നു. ഫസല്‍ കൊല്ലപ്പെട്ടതിന് ശേഷം സിപിഎം നേതാക്കളായ പി.ജയരാജന്, കാരായി രാജന് തുടങ്ങിയവര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലെത്തി മൃതദേഹം കണ്ടു. സംസ്കാര ചടങ്ങിലും പങ്കെടുത്തിരുന്നു. സിബിഐയുടെ കുറ്റമറ്റ അന്വേഷണമാണ് യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ചത്.
ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയപോലെ റംസാന്‍വ്രത ദിവസങ്ങളില്‍ത്തന്നെയാണ് നസീറിനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം നടന്നതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഗുരുതരമായി പരിക്കേറ്റ നസീര്‍ അപകടനില തരണം ചെയ്തെങ്കിലും സാധാരണ നിലയിലേക്ക് വരാന്‍ നിരന്തരമായ ചികിത്സ വേണ്ടിവരും. കഴിഞ്ഞ ദിവസം പി.ജയരാജനും സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജനും നസീറിനെ ആശുത്രിയില്‍ സന്ദര്‍ശിച്ച് തങ്ങള്‍ക്ക് കൊലയില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞത് പോലെ തന്നെ ഫസല്‍ വധത്തിലും തങ്ങള്‍ക്ക് പങ്കില്ലെന്ന് സിപിഎം നേതൃത്വം അന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യഥാര്‍ത്ഥ പ്രതികള്‍ അഴിക്കുള്ളിലാകുന്നതോടെ സിപിഎം നുണപ്രചാരണം അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: