കോട്ടയം: മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത യുവാവിനെ മണര്‍കാട് പോലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരീപ്പറമ്പില്‍ പറപ്പള്ളിക്കുന്ന് രാജീവ്ഗാന്ധി കോളനി എടത്തറ വീട്ടില്‍ നവാസാണ് (27) മരിച്ചത്. സംഭവത്തില്‍ കുറ്റക്കാരായ മുഴുവന്‍ പോലീസുകാര്‍ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്കി.
മരണവിവരം യഥാസമയം അറിയിക്കാതെ മറച്ചുവയ്ക്കാന്‍ ശ്രമിച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നവാസിനെ കാണാനില്ലെന്നും വീട്ടിലെത്തിയോ എന്നും ചോദിച്ച് രണ്ട് തവണ പോലീസ് സ്റ്റേഷനില്‍ നിന്ന് വിളിച്ചതായി അമ്മ ഉഷ പറഞ്ഞു. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് യുവാവിന്റെ മരണ വിവരം അറിയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
ഇന്നലെ രാവിലെ 9.15നാണ് സംഭവം. പോലീസ് സ്റ്റേഷനിലെ സന്ദര്‍ശകര്‍ക്കുള്ള ശുചിമുറിയിലെ ജനലില്‍ ഉടുമുണ്ടിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പോലീസുകാര്‍ ആദ്യം വടവാതൂരുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.
തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് സംഭവങ്ങള്‍ക്ക് തുടക്കം. വീട്ടില്‍ ബഹളമുണ്ടാക്കിയ നവാസ് അക്രമസ്വഭാവം കാട്ടിയതോടെ ബന്ധുക്കളാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് മണര്‍കാട് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെട്ടു. തിരിച്ചെത്തി വീണ്ടും ബഹളമുണ്ടാക്കിയപ്പോള്‍ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുവന്നു.
രാത്രി 12ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം പോലീസ് ആക്ട് 47 പ്രകാരം പ്രൊട്ടക്ഷന്‍ കസ്റ്റഡിയിലാണ് സൂക്ഷിച്ചിരുന്നത്. തുടര്‍നടപടി പൂര്‍ത്തിയാക്കി ബന്ധുക്കളെ വിളിച്ചുവരുത്തി ഇന്നലെ രാവിലെ ജാമ്യത്തില്‍ വിടാന്‍ തീരുമാനിച്ചിരുന്നു. ലോക്കപ്പില്‍ നിന്ന് പുറത്തിറക്കിയ നവാസ് രാവിലെ 9.13ന് സ്റ്റേഷനിലെ റിസപ്ഷനു മുന്നില്‍ നില്‍ക്കുന്നതായും പിന്നീട് ശുചിമുറിയിലേക്ക് നടന്നുപോകുന്നതായും സിസിടിവി ദൃശ്യങ്ങളുണ്ടെന്ന് പോലീസ് പറയുന്നു. ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ബാത്ത്റൂമില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.
ഫോറന്‍സിക് വിഭാഗം വിദഗ്ധരെത്തി വിശദമായി പരിശോധിച്ചു. ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പാര്‍ഥസാരഥി പിള്ള, ഡിസിആര്‍ബി ഡിവൈഎസ്പി പ്രകാശന് പടന്നയില്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെയും പരാതി നല്കാനെത്തിയവരുടെയും മൊഴിയെടുത്തു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിസിആര്‍ബി ഡിവൈഎസ്പി പ്രകാശന് പടന്നയിലിനെ ചുമതലപ്പെടുത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. നവാസിന്റെ ഭാര്യ: അന്റു. ഏകമകള്‍: ആരാധ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: