കൊച്ചി: സിറോ മലബാര്‍ സഭയുടെ ഭൂമി വില്പ്പനക്കേസിനോടനുബന്ധിച്ച വ്യാജരേഖക്കേസന്വേഷണത്തില് പോലീസിന്റെ കള്ളക്കളികള്‍ ഏറെ. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരേ ഉയര്‍ന്ന ഭൂമി വില്‍പ്പന വിവാദത്തിനിടെ കോന്തുരുത്തി സ്വദേശിയും അതിരൂപതാ മതപഠനകാര്യങ്ങളില് പ്രവര്‍ത്തകനുമായ ആദിത്യ എന്ന എംടെക് വിദ്യാര്‍ഥിക്ക്, ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ കമ്പ്യൂട്ടറില്‍നിന്ന് ചില രേഖകള്‍ കിട്ടി.
ഇരുപതിലേറെ രേഖകളില്‍ ചില മെത്രാന്മാരുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് നിക്ഷേപങ്ങളും മറ്റും സംബന്ധിച്ച രേഖകളും ഉണ്ടായിരുന്നു. ഈ രേഖകള്‍ പരിശോധിക്കാന്‍ ആദിത്യ, എറെ അടുപ്പമുള്ള ഫാ. ടോണി കല്ലൂക്കാരന് കൈമാറി. അദ്ദേഹം, സഭയുടെ മുന്‍ വക്താവും മുതിര്‍ന്ന പുരോഹിതനുമായ ഫാ. പോള്‍ തേലക്കാടിന് നല്കി. തേലക്കാട്, രേഖകളുടെ വിശ്വാസ്യത പരിശോധിക്കാന്‍ സഭയുടെ അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജേക്കബ് മനത്തോടത്തിനും നല്കി.
ഈ രേഖകള്‍ വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നുമുള്ള ആക്ഷേപം ഉയരുകയും കേസാവുകയും ചെയ്തു. അതിവേഗം കേസ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനും പിന്നീട് എഎസ്പിക്കും കൈമാറി. ലോക്കല്‍ പോലീസിലും പോലീസ് കമ്മീഷണര്‍ക്കും ഐജിക്കും അന്വേഷണമാവശ്യപ്പെട്ട് പരാതി പോയി. തുടര്‍ന്നായിരുന്നു പോലീസിന്റെ കള്ളക്കളികള്‍.
സംശയം തീര്‍ക്കാനെന്ന് പറഞ്ഞ് ആദിത്യയെ ആലുവ ഡിവൈഎസ്പി ഓഫീസില്‍ വിളിപ്പിച്ചു. രാത്രി വൈകിയും പിറ്റേന്നും ചോദ്യം ചെയ്തു. വിട്ടയച്ചു. അടുത്ത ദിവസം പിന്നെയും വിളിപ്പിച്ചു. കസ്റ്റഡിയിലെടുത്തു, അറസ്റ്റ് രേഖപ്പെടുത്തിയില്ല, എന്നാല്‍ ആദിത്യയെക്കുറിച്ച് ഒന്നും അറിയില്ലെന്ന് ഇടവകാംഗങ്ങളോട് പറഞ്ഞു.
ഞായറാഴ്ച കാലത്ത് കുര്ബാനയുണ്ടെന്നറിഞ്ഞിട്ടും ശനിയാഴ്ച രാത്രി, ഫാ. ടോണി കല്ലൂക്കാരനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചു. അറസ്റ്റ് ചെയ്യാനും കുര്‍ബാന തടസപ്പെടുത്താനായിരുന്നു നീക്കമെന്ന് ബിഷപ്പ് മനത്തോടത്ത് ഉള്‍പ്പെടെയുള്ളവര്‍ സംശയം പ്രകടിപ്പിക്കുന്നു. എന്നാല്‍ ഇടവകാംഗങ്ങള്‍ സംഘടിച്ചതിനാല്‍ വിട്ടയച്ചു. പിന്നേറ്റ് ആദിത്യയുടെ അറസ്റ്റും രേഖപ്പെടുത്തി.
ഇതിനിടെ രേഖകള്‍ വ്യാജമാണെന്ന പ്രചാരണം ശക്തമായി. ചില മാധ്യമങ്ങളിലും വാര്‍ത്തവന്നു. ആദിത്യയുടെ അച്ഛന് നടത്തുന്ന കടയില്‍ ആദിത്യയുമായി പോലീസ് പരിശോധനയ്ക്കെത്തി, അവിടത്തെ കമ്പ്യൂട്ടര്‍ തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്തു. പിറ്റേന്ന് കമ്പ്യൂട്ടര്‍ പഴയതുപോലെ സ്ഥാപിച്ച് തെളിവെടുപ്പ് നടത്തി. രേഖകള്‍ ആ കമ്പ്യൂട്ടറില്‍ ഉണ്ടാക്കിയതാണെന്ന് തെളിവുണ്ടാക്കാന്‍ പോലീസ് ചെയ്ത പണിയാണിതെന്ന് ബിഷപ്പുമാര്‍ പറയുന്നു.
ആദിത്യയെ മര്‍ദിച്ചു. കാല്‍വെള്ളയില്‍ തല്ലി. കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. മാനസിക സമ്മര്‍ദം അനുഭവിപ്പിച്ചു. മനുഷ്യാവകാശ ലംഘനമാണിത്, സഭ വിശദീകരിക്കുന്നു.
എന്നാല്‍, ആദിത്യയ്ക്ക് ജോലി ചെയ്ത സ്ഥാപനത്തില്‍നിന്ന് കിട്ടിയതാണ് ഈ രേഖകളെന്നും അത് സഭയുടെ ആധികാരിക സെര്വറില്നിന്നാണെന്നുമുള്ള വാദങ്ങള്‍ പോലീസ് തള്ളുന്നു. ആദിത്യ ഒരു സ്ഥാപനത്തിലും ജോലി ചെയ്തിട്ടില്ല. അയാള്‍ ആര്‍ക്കോ വേണ്ടി ഉണ്ടാക്കിയെടുത്തതാണ് രേഖകള്‍. കൂടുതല്‍ അന്വേഷണത്തിലേ കാര്യങ്ങള്‍ തെളിയൂ, പോലീസ് പറയുന്നു.
അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ബിഷപ്പുമാര്‍
കൊച്ചി: സിറോ മലബാര്‍ സഭയിലെ വ്യാജരേഖക്കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ബിഷപ്പുമാര്‍. അന്വേഷണം ശരിയായ ദിശയിലല്ല. ഞങ്ങള്‍ക്ക് തൃപ്തിയില്ല. മെത്രാന്മാരുള്പ്പെടെ ചിലരുടെ സാമ്പത്തിക ഇടപാടില്‍ സംശയമുണ്ട്, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോട്, ബിഷപ് സെബാസ്റ്റിയന് എടയന്ത്രത്ത്, ബിഷപ് ജോസ് പുത്തന്‍വീട്ടില്‍ എന്നിവരും പതിനഞ്ചോളം പുരോഹിതരും പത്രസമ്മേളനത്തില്‍ പറഞ്ഞു.
അന്വേഷണത്തിനിടെ പോലീസ് അറസ്റ്റ് ചെയ്ത ആദിത്യ കണ്ടെത്തി കൈമാറിയ രേഖകള്‍ ആധികാരികമാണ്. അതേക്കുറിച്ച് അന്വേഷണം. നടത്തണം. ഐസിഐസി ബാങ്കില്‍ അക്കൗണ്ടുള്ള മെത്രാന്മാരുടെ പേര് രേഖയിലുണ്ട്. സഭയില്‍ വന്‍ സാമ്പത്തിക തിരിമറി നടത്തിയത് കണ്ടെത്തുകയായിരുന്നു ആദിത്യ. അതുള്‍പ്പെടെ 20 രേഖകളുണ്ട്. അതെക്കുറിച്ചൊന്നും അന്വേഷിക്കാതെയാണ് പോലീസ് നീങ്ങുന്നത്.
മണിക്കൂര്വെച്ചാണ് അന്വേഷണ ചുമതല ഡിവൈഎസ്പി: വിദ്യാധരനില്‍നിന്ന് എഎസ്പി: സോജനിലേക്ക് മാറ്റിയത്. ഇടവകയിലെ ചിലര്‍ രണ്ടാഴ്ചമുമ്പ് ചേര്‍ന്ന രഹസ്യ യോഗത്തിലെ ആസൂത്രണത്തിനു ശേഷം ആലുവ ഡിവൈഎസ്പിക്ക് നല്കിയ നിവേദനത്തിന്റെ തിരക്കഥ പ്രകാരമാണ് ഇപ്പോള്‍ പോലീസ് അന്വേഷണം, ബിഷപ്പുമാര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: