കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട് ലോക്സഭാ മണ്ഡലങ്ങളിലുള്‍പ്പെട്ട കണ്ണൂര്‍ ജില്ലയിലെ പോളിങ്ബൂത്തുകളില്‍ സിപിഎം നടത്തിയ കള്ളവോട്ടിനെതിരെ ബിജെപി നിയമനടപടിയിലേയ്ക്ക്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ മാത്രം ആയിരക്കണക്കിന് കളളവോട്ടുകള്‍ ചെയ്തതായി ബിജെപിക്ക് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് ലഭിക്കുന്ന മുറയ്ക്ക് നിയമ നടപടികള്‍ ആരംഭിക്കുമെന്നും ബിജെപി സംസ്ഥാന സെല്‍കോഡിനേറ്റര്‍ കെ.രഞ്ചിത്തും ജില്ലാ പ്രസിഡന്റ്പി.സത്യപ്രകാശും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളില്‍ വ്യാപകമായി കള്ളവോട്ടുകള്‍ ചെയ്തു. പാര്‍ട്ടി മുന്‍കൂട്ടി നിശ്ചയിച്ച ഓരോ ബൂത്തിലും ചുരുങ്ങിയത് നൂറു കളളവോട്ടുകള്വരെ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുളളതു കൊണ്ടാണ് നിയമ നടപടി വൈകുന്നത്. വെബ് ക്യാമറയിലെ ദൃശ്യങ്ങളും വോട്ട് രേഖപ്പെടുത്തിയ ക്രമ നമ്പറുകളും പരിശോധിച്ചാല്‍ കള്ളവോട്ട് സംബന്ധിച്ച് വിവരം ലഭ്യമാകും. വിദേശത്തുളളവരുടെ നൂറുകണക്കിന് വോട്ടുകള്‍ സിപിഎം പ്രവര്‍ത്തകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തും കാസര്‍കോട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കല്ല്യാശ്ശേരിയിലുമാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ധര്‍മ്മടം മണ്ഡലത്തിലെ 89-ാം നമ്പര്‍ ബൂത്തില്‍ 120 കളളവോട്ടുകളും 90-ാം നമ്പര്‍ ബൂത്തില്‍ 160 കള്ളവോട്ടും സിപിഎം ചെയ്തു. കൂടാതെ 91,93,137,138,156,157,158,163 തുടങ്ങിയ ബൂത്തുകളിലും നൂറു കണക്കിന് കള്ളവോട്ടുകല് ചെയ്തിട്ടുണ്ട്. കല്ല്യാശ്ശേരി മണ്ഡലത്തിലെ ചെറുകുന്ന് 110-ാം നമ്പര്‍ ബൂത്തായ ഒതയമ്മാടം യുപി സ്കൂളില്‍ പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയും മക്കളും 18 വോട്ടുകള്‍ ചെയ്തു. കുഞ്ഞിമംഗലം, മാടായി, പട്ടുവം, കണ്ണപുരം എന്നിവിടങ്ങളിലെ 107,111,112,115,116 ബൂത്തുകളിലും നൂറ് കണക്കിന് കള്ളവോട്ടുകള്‍ നടന്നിട്ടുണ്ടെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
കള്ളവോട്ടിന് കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും നിയമ നടപടികളെടുക്കാന്‍ സര്‍ക്കാര്‍ തയാറാവണം. കണ്ണൂരിലെ സിപിഎം കള്ളവോട്ട് രീതിക്ക് ശാശ്വതമായി പരിഹാരം കാണുകയാണ് ബിജെപിയുടെ ലക്ഷ്യം. വെബ് ക്യാമറ ദൃശ്യവും വോട്ട് രേഖപ്പെടുത്തിയ ആളുടെ ക്രമനമ്പറും വിവരാവകാശത്തിലൂടെ ലഭിച്ച് കഴിഞ്ഞാല്‍ തെളിവ് സഹിതം വീണ്ടും മാധ്യമങ്ങളെ കാണുമെന്നും ഇവര്‍ പറഞ്ഞു . ബിജെപി മേഖല വൈസ് പ്രസിഡന്റ് എ.പി.ഗംഗാധരനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: