ആലപ്പുഴ: സംസ്ഥാനത്ത് ഭീകരര്‍ക്കു രഹസ്യമായി താമസിക്കാന്‍ സാധിക്കുന്ന സ്ഥലമാണ് ആലപ്പുഴയെന്ന് രഹസ്യാന്വേഷണ വിഭാഗം. ഈ സാഹചര്യത്തില്‍ വിദേശികളെ താമസിപ്പിക്കുന്ന ഹോംസ്റ്റേകളിലും റിസോര്‍ട്ടുകളിലും പരിശോധന ശക്തമാക്കി. നാട്ടുകാരുടേയും യാത്രക്കാരുടേയും സുരക്ഷ മുന്‍നിര്‍ത്തി ഹൗസ്ബോട്ടുകളില്‍ ബോര്‍ഡിങ് പാസും ജിപിഎസ് സംവിധാനങ്ങളും ഒരുക്കണമെന്ന വിദഗ്ധ സമിതി നിര്‍ദേശം അട്ടിമറിക്കപ്പെട്ടതായി കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിനോദസഞ്ചാര കേന്ദ്രമായ ആലപ്പുഴയില്‍ വിദേശങ്ങളില്‍ നിന്നടക്കം ആരൊക്കെ വന്നു പോകുന്നുവെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ധാരണയില്ല. അറുനൂറോളം റിസോര്‍ട്ടുകള്‍, ആയിരത്തിലധികം ഹൗസ്ബോട്ടുകള്‍, ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍ എന്നിവ സഞ്ചാരികള്‍ക്കായി ആലപ്പുഴയിലുണ്ട്. ഇവിടങ്ങളില്‍ വിദേശ വിനോദസഞ്ചാരികള്‍ എത്തിയാല്‍ അത് പോലീസിനെ അറിയിക്കണമെന്നാണ് ചട്ടം. അതിനായി സി ഫോം പൂരിപ്പിച്ചു നല്‍കണം. ഏതാനും ഹോട്ടലുകളും ചില റിസോര്ട്ടുകളുമൊഴികെ ആരും ഇത് പാലിക്കുന്നില്ല. ആഭ്യന്തര വിനോദ സഞ്ചാരികളെ കുറിച്ച് അറിയുന്നതിനാണ് ബോര്‍ഡിങ് പാസ് വേണമെന്ന നിര്‍ദേശം വച്ചത്.
ഹോംസ്റ്റേകളില്‍ വരുന്നവരെപ്പറ്റി അറിയാന്‍ യാതാരു സംവിധാനമില്ല. ഒഴിഞ്ഞു കിടക്കുന്ന ഒരു മുറിയുണ്ടെങ്കില്‍ ആര്‍ക്കും ‘ഹോംസ്റ്റേ’ നടത്താമെന്ന അവസ്ഥയാണുള്ളത്. മിക്കതും ലൈസന്‍സോ മറ്റു രേഖകളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്നവയാണെന്ന് ടൂറിസം വകുപ്പ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അവരുടെ കണക്കുപ്രകാരം ജില്ലയില്‍ ആകെ 200 ഹോംസ്റ്റേകള്‍ മാത്രമാണുള്ളത്. എന്നാല്‍, ആലപ്പുഴ കേന്ദ്രീകരിച്ചു മാത്രം ഇതിന്റെ പതിന്മടങ്ങ് അനധികൃതമായി പ്രവര്‍ത്തിക്കുന്നു. രേഖകളില്ലാതെയാണ് മിക്കയിടത്തും വിദേശികളെ താമസിപ്പിക്കുന്നതെന്നു സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുമായി ബന്ധപ്പെട്ട് ഇവരെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം.
ഹോംസ്റ്റേകളുടെയും റിസോര്‍ട്ടുകളുടെയും ഉടമസ്ഥത തെളിയിക്കുന്ന വില്ലേജ്, തദ്ദേശസ്ഥാപനം, ടൂറിസം വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള രേഖകള്‍ പലയിടത്തുമില്ല. വാടകയ്ക്കെടുത്ത് നടത്തുന്നവരും രേഖകള്‍ കരുതിയിട്ടില്ല. വിദേശിയുടെ യാത്രാരേഖകളുടെ പകര്‍പ്പ്, സ്ഥാപനം റജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട രേഖകളെല്ലാം സൂക്ഷിക്കണം. അങ്ങനെയൊന്നും ചെയ്യാതെ ഹൗസ്ബോട്ടിലുള്പ്പെടെ വിദേശികളെ താമസിപ്പിക്കുന്നതായും കണ്ടെത്തി. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: