സ്വയംവരം എന്ന ചിത്രം പല നിലകളില്‍ മലയാള സിനിമയുടെ സൗഭാഗ്യമാവുകയുണ്ടായി. അടൂര്‍ ഗോപാലകൃഷ്ണന് എന്ന സംവിധായകന്, മധു എന്ന നടനും നടി ശാരദയും, മങ്കട രവിവര്‍മ എന്ന ഛായാഗ്രാഹകന്‍, അതുല്യനടനായി മാറിയ ഭരത് ഗോപി. ഇവര്‍ക്കൊപ്പം മറ്റൊരാളുമുണ്ട്. ചിത്രത്തിന്റെ സഹതിരക്കഥാകൃത്തും സഹസംവിധായകനുമായ കെ.പി. കുമാരന്.
സ്വയംവരത്തിന്റെ നിര്‍മാണ കമ്പനിയായ ‘ചിത്രലേഖ’യുടെ സഹസ്ഥാപകനുമായിരുന്നു കുമാരന്. ”1972-ലായിരിക്കണം അത്. ദിവാന് ടി. മാധവ റാവുവിന്റെ പ്രതിമയ്ക്കരികെ നില്‍ക്കുകയായിരുന്നു ഞാന്‍. സിനിമാ നിരൂപകനായ കുളത്തൂര്‍ ഭാസ്കരന് നായര്‍, ഗോപാലകൃഷ്ണന് എന്നുപേരുള്ള സുമുഖനായ ഒരു ചെറുപ്പക്കാരനെ എനിക്ക് പരിചയപ്പെടുത്തി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഈ യുവാവ് സംവിധാനം പഠിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ.” താന്‍ ‘സ്വയംവര’ത്തിലേക്ക് എത്തിച്ചേര്‍ന്നത് ഇങ്ങനെയാണ് കെ.പി. കുമാരന് ഓര്‍ത്തെടുക്കുന്നത്.
മലയാളത്തില്‍ നവതരംഗ സിനിമയ്ക്ക് തുടക്കംകുറിച്ച സ്വയംവരം അടൂരിന്റെ സിനിമയായി അറിയപ്പെട്ടു. പക്ഷേ നവതരംഗസിനിമയുടെ ശരിയായ വക്താവും പ്രയോക്താവും ആരെന്ന ചോദ്യത്തിനുള്ള ഉത്തരം കെ.പി.കുമാരന് എന്നുതന്നെയായിരിക്കും. ഭരതനും പത്മരാജനും മുന്‍പ് സമാന്തര സിനിമയുടെ ശക്തിസൗന്ദര്യം പ്രേക്ഷകരെ ഗാഢമായി അനുഭവിപ്പിക്കാന്‍ കഴിഞ്ഞ ഫിലിം മേക്കറാണ് കുമാരന്.
ആദ്യ സിനിമക്കാഴ്ച
”സിനിമ എന്താണെന്ന് പഠിച്ചശേഷം സിനിമയെടുക്കുകയായിരുന്നില്ല. സിനിമ ചെയ്ത് സിനിമ പഠിക്കുകയായിരുന്നു ഞാന്‍” എന്ന് കെ.പി. കുമാരന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ തിരക്കഥാകൃത്തും സംവിധായകനുമൊക്കെ ആവുന്നതിന് വളരെ മുന്‍പ്, കുട്ടിക്കാലം മുതല്‍ തുടങ്ങുന്ന ജൈവ ബന്ധമാണത്.
ദുരന്തത്തില്‍ അവസാനിച്ച ആദ്യ സിനിമാക്കാഴ്ച ഇപ്പോഴുമുണ്ട് കുമാരന്റെ മനസ്സില്‍. താനും സെക്കന്റ് ഫോമില്‍ പഠിച്ചിരുന്ന കൂട്ടുകാരന് രവിദാസുമാണ് ഈ രംഗത്തെ കഥാപാത്രങ്ങള്‍. വീടിനടുത്തെ സിനിമാ ടെന്റില്‍ സിനിമകള്‍ കാണാന്‍ രവിദാസിന് പാസുണ്ടായിരുന്നു. അവന് കണ്ട സിനിമയുടെ കഥകള്‍ കേട്ട് എന്തുവന്നാലും സിനിമ കണ്ടേ തീരൂ എന്നായി. കാവല്‍ക്കാരന്റെ കണ്ണുവെട്ടിച്ച് മുഷിഞ്ഞ വെള്ളത്തുണി വലിച്ചുകെട്ടിയ കൂടാരത്തിനകത്ത് കയറിയ കൂട്ടുകാര്‍ സിനിമ കണ്ടു. കാവല്‍ക്കാരനെ പേടിച്ച് അതിന് കഴിയാതെ തനിയെ തിരിച്ചുപോരേണ്ടിവന്നു കുമാരന്.
”വീണ്ടുമൊരു വൈകുന്നേരം അമ്മയുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാതെ മൈതാനത്തെത്തി. നേരമിരുണ്ടിരുന്നു. തിരിച്ചുപോകണമെന്നുതോന്നി. ഭീരുത്വംകൊണ്ട് തീയറ്ററിനു ചുറ്റും കറങ്ങി. വേലി ചാടുന്നതും ടെന്റിലേക്ക് കുതിക്കുന്നതും അബോധാവസ്ഥയിലായിരുന്നിരിക്കണം. മണല്‍ വിരിച്ച തറയില്‍ കുത്തിയിരുന്ന് ആളുകള്‍ സിനിമ കണ്ട് രസിക്കുകയാണ്. ചിലരൊക്കെ ചീത്തവിളിക്കുന്നതും തള്ളിമാറ്റുന്നതും ഞാനറിഞ്ഞില്ല. മുന്നില്‍ തിളങ്ങുന്ന വെള്ളിത്തിര. നിഴല്‍രൂപങ്ങള്‍ ചലിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്.
ഒന്നും ശ്രദ്ധിക്കാനാവുന്നില്ല. പെട്ടെന്ന് ഒരു ടോര്‍ച്ചുലൈറ്റിന്റെ പ്രകാശം കാഴ്ചക്കാര്ക്കിടയില് നീങ്ങുന്നത് എന്റെ കണ്ണില്‍പ്പെട്ടു. അത് നീങ്ങി നീങ്ങി എന്നരികിലേക്ക് വരികയാണ്. കാവല്ക്കാരനായിരുന്നു അത്. ചുറ്റിലും ഉയര്‍ന്ന ശബ്ദങ്ങള്‍ കാവല്‍ക്കാരനെ തടഞ്ഞു. ഒരു നിമിഷം ശങ്കിച്ചുനിന്ന അയാള്‍ തിരിഞ്ഞുനടന്നു. ഞാന്‍ ആശ്വാസത്തോടെ നോക്കുമ്പോള്‍ ചുറ്റിലും എന്റെ വീടിനടുത്തുള്ളവര്‍. എന്നെ അറിയുന്നവര്‍… എന്തായാലും തുടര്‍ന്നു കണ്ട സിനിമ എന്നെ ഒട്ടും രസിപ്പിച്ചില്ല. പിന്നെ കുറെക്കാലം ഞാന്‍ സിനിമ കാണാന്‍ ആഗ്രഹിച്ചുമില്ല. വര്‍ഷങ്ങള്‍ക്കുശേഷം ചലച്ചിത്രം ജീവിതമാര്‍ഗമായി സ്വീകരിച്ച കാലത്ത് ഞാന്‍ ചിലപ്പോഴൊക്കെ ആലോചിച്ചിട്ടുണ്ട്, ബാല്യകാലത്തുണ്ടായ ആ സംഭവത്തിന്റെ പുനരാവര്‍ത്തനമാണോ എന്റെ ഓരോ സിനിമകളുമെന്ന്.”
പത്തൊന്‍പതാം വയസ്സില്‍ ജോലി ലഭിച്ച് ഒരു മഞ്ഞുകാലത്ത് തൃശൂരിലെത്തിയ കെ.പി. കുമാരന് അവിടെ പരിശീലനം പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ സര്‍ക്കാര്‍ ജോലി ലഭിച്ച് തിരുവനന്തപുരത്ത് വന്നു. വകുപ്പ് മേധാവി ആലപ്പുഴയിലേക്ക് സ്ഥലംമാറ്റിയതിനാല്‍ തന്നെ കാന്തംപോലെ ആകര്‍ഷിച്ച തിരുവനന്തപുരം വിട്ടുപോരേണ്ടിവന്നു. വടക്കേ മലബാറില്‍ ജനിച്ചുവളര്‍ന്ന കുമാരനില്‍ ഈ രണ്ട് നഗരങ്ങളും നിര്‍ണായക സ്വാധീനം ചെലുത്തി. ആലപ്പുഴയിലായിരിക്കെ ശാസ്ത്രഗ്രന്ഥങ്ങളും ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും ഉള്‍പ്പെടെ വായിച്ച് ബുദ്ധിയിലും മനസ്സിലും അറിവും അനുഭൂതിയും നിറച്ചാണ് തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്.
ആകാശഗോപുരം വരെ
സ്വയംവരത്തിന്റെ ശില്പികളിലൊരാളായിരുന്നെങ്കിലും ആ ചിത്രത്തിന്റെ തുടര്‍ച്ചയായിരുന്നില്ല കെ.പി. കുമാരന്റെ ആദ്യ ചിത്രമായ അതിഥി. മലയാള സിനിമയിലേക്ക് പുതിയൊരു സൗന്ദര്യശാസ്ത്രത്തെ അതിഥിയായി കൊണ്ടുവരികയായിരുന്നു. നാല് പതിറ്റാണ്ടിനുശേഷവും മികച്ച മലയാള സിനിമയിലൊന്നായി ‘അതിഥി’ തലയുയര്ത്തിനില്ക്കുന്നു. ഓരോ ആളും ആരെയെങ്കിലുമൊക്കെ കാത്തിരിക്കുകയാണ് ചിത്രത്തില്‍.
ഒടുവില്‍ പ്രേക്ഷകനും അതിലൊരാളാവുന്നു. എല്ലാ അര്‍ത്ഥത്തിലും ‘അതിഥി’ കുമാരന്റെ സിനിമയായിരുന്നു. കഥയും തിരക്കഥയും സംവിധാനവും ഒരാള്‍തന്നെ. ഷീല, ബാലന് കെ. നായര്‍, കൊട്ടാരക്കര ശ്രീധരന് നായര്‍, പി. ജെ. ആന്റണി എന്നിങ്ങനെ കരുത്തുറ്റ താരനിരയെത്തന്നെ അണിനിരത്താന്‍ ‘അതിഥി’യില്‍ കഴിഞ്ഞു. അതിഭാവുകത്വത്തിലേക്ക് വഴുതിവീഴാത്ത ഷീല എന്ന നടിയുടെ കാതരമായ ഭാവങ്ങള്‍ ആവിഷ്കരിക്കാന്‍ കഴിഞ്ഞ സിനിമയാണ് അതിഥി.
ലക്ഷ്മി വിജയമായിരുന്നു കെ.പി. കുമാരന്റെ അടുത്ത ചിത്രം. വിഷ്ണു വിജയം എന്ന പേരില്‍ നിന്നാണ് ലക്ഷ്മി വിജയവും ഉണ്ടായത്. രണ്ട് ചിത്രങ്ങളും നിര്‍മിച്ചത് ഒരാള്‍ തന്നെ. പ്രമുഖ നോവലിസ്റ്റ് വി.ടി. നന്ദകുമാര്‍ തിരക്കഥയൊരുക്കിയ ലക്ഷ്മി വിജയത്തില്‍ സുകുമാരനും റാണി ചന്ദ്രയുമായിരുന്നു നായികാനായകന്മാര്. സുകുമാരന്‍ നായകനായ ആദ്യ ചിത്രം എന്ന സവിശേഷതയുമുണ്ട്. ഷാജി എന്‍. കരുണ്‍ ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകനായ ചിത്രവും ലക്ഷ്മി വിജയമാണ്.
ആദിപാപം ആയിരുന്നു കെ.പി. കുമാരന്റെ മൂന്നാമത്തെ ചിത്രം. സുകുമാരനും ശുഭയും നായികാനായകന്മാരായ ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും കുമാരനായിരുന്നു. നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച അടുത്ത സിനിമയാണ് കാട്ടിലെ പാട്ട്. നെടുമുടി വേണു, ബാലന് കെ.നായര്‍, പൂര്‍ണിമ ജയറാം, സുകുമാരി എന്നിവര്‍ മുഖ്യ വേഷങ്ങള്‍ അവതരിപ്പിച്ചു.
വളരെയധികം സാമൂഹ്യ പ്രസക്തിയുള്ള ചിത്രമാണ് നേരം പുലരുമ്പോള്‍. നിര്‍മാണവും സംവിധാനവും കെ.പി. കുമാരന് തന്നെ നിര്‍വഹിച്ച ഈ ചിത്രത്തില്‍ വലിയൊരു താരനിര അണിനിരന്നു; മോഹന്‍ലാല്‍, മമ്മൂട്ടി, കെപിഎസി ലളിത. രമ്യ കൃഷ്ണന് പുതുമുഖമായി അഭിനയിച്ച ചിത്രമെന്ന പ്രാധാന്യവും ഈ ചിത്രത്തിനുണ്ട്.
അതിഥി എന്ന ആദ്യ ചിത്രത്തിനുശേഷം കെ.പി. കുമാരന്റെ പ്രതിഭ ഉജ്ജ്വലമായി തിളങ്ങിയ ചിത്രമാണ് രുഗ്മിണി. മാധവിക്കുട്ടിയുടെ ‘രുഗ്മിണിക്കൊരു പാവക്കുട്ടി’ എന്ന ലഘുനോവലിന്റെ ദൃശ്യാവിഷ്കാരം. സ്ത്രീ ജീവിതത്തിന്റെ വൈകാരികതലങ്ങള്‍ സൂക്ഷ്മമായി പകര്‍ത്തുന്ന ‘രുഗ്മിണി’യുടെ ഓരോ ഫ്രെയിമും സിനിമാ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകമാണ്. വളര്ത്തച്ഛന് തകര്‍ത്ത് വേശ്യാലയത്തിലെത്തിച്ച പെണ്‍കുട്ടിയുടെ കഥയാണ് രുഗ്മിണി പറയുന്നത്.
നാടിനെ ഗ്രസിച്ച സ്വേച്ഛാധിപത്യത്തിനെതിരെ പൊരുതി ജീവനൊടുക്കുന്ന പൂമാത എന്ന യുവതിയുടെ കഥപറയുന്നതാണ് തോറ്റം. ജാതിവിവേചനങ്ങളുടെ നൊമ്പരങ്ങളെ ആവിഷ്കരിക്കുന്ന ഈ ചിത്രം കെ.പി. കുമാരന് എന്ന സംവിധായകന്റെ സാമൂഹ്യ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു. അധഃസ്ഥിതരായ സ്വന്തം ജനതയെ അടിമത്വത്തില്‍നിന്ന് മോചിപ്പിക്കാന്‍ ജീവനൊടുക്കുന്ന പൂമാത ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തിലാണ് ചിത്രം അവസാനിക്കുന്നത്.
വിഖ്യാത നാടകകൃത്തായ ഇബ്സന്റെ ‘മാസ്റ്റര്‍ ബില്‍ഡര്‍’ എന്ന നാടകത്തിന്റെ അഭ്രാവിഷ്കാരമാണ് കുമാരന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ‘ആകാശ ഗോപുരം.’ ലണ്ടനിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ കഥ പറയുന്ന ഈ ചിത്രത്തില്‍ ആല്‍ബെര്‍ട്ട് സാംസണ് എന്ന ആര്‍ക്കിടെക്റ്റിന്റെ ജീവിതം ആവിഷ്കരിക്കുന്നു. മോഹന്‍ലാല്‍, നിത്യമേനോന്, ഭരത് ഗോപി, മനോജ് കെ. ജയന്, ശ്രീനിവാസന്, ഗീതു മോഹന്‍ദാസ്, ശ്വേതാ മേനോന് എന്നിവരഭിനയിച്ച ചിത്രം ഇബ്സനുള്ള തന്റെ ആദരാഞ്ജലിയായി കുമാരന് സമര്‍പ്പിക്കുന്നു. സന്തോഷ് തുണ്ടിയില്‍ (ക്യാമറ), ജോണ്‍ ആള്ട്ട്മാന് (പശ്ചാത്തല സംഗീതം),നിഗെല്‍ ഹോളാന്റ് (ശബ്ദലേഖനം) എന്നീ ലോകോത്തര കലാകാരന്മാര് അണിനിരന്ന ‘ആകാശഗോപുരം’ മലയാളത്തിലെ ഒരു വേള്‍ഡ് വൈഡ് സിനിമയുമാണ്.
നാടകാന്തം സിനിമ
സമാന്തര സിനിമയുടെ വക്താവായിരിക്കുമ്പോഴും സിനിമ ജനങ്ങളില്‍നിന്ന് അകന്നുനില്ക്കുന്നതാവരുതെന്ന് നിര്‍ബന്ധബുദ്ധിയുള്ള സംവിധായകനാണ് കെ.പി. കുമാരന്. കടിച്ചാല്‍ പൊട്ടാത്ത സിനിമയില്‍ വിശ്വസിക്കുന്നില്ല. സിനിമ കാഴ്ചയുടെ കലയായിരിക്കുമ്പോഴും സംഭാഷണം സിനിമയ്ക്ക് അന്യമാവണമെന്ന് കുമാരന് കരുതുന്നില്ല. നാടകവുമായുള്ള ഗാഢമായ പരിചയമാണ് തനതായ ഈ സിനിമാ സങ്കല്പം കരുപ്പിടിപ്പിച്ചത്. ”മനുഷ്യമനസ്സിന്റെ അവതരണമാണ് നാടകത്തിലുള്ളത്. ഗ്രീക്ക് നാടകങ്ങളില്‍ മുതല്‍ കാളിദാസന്റെ നാടകങ്ങളില്‍ വരെ ഇതുകാണാം. ബര്‍ഗ്മാന്റെയും സത്യജിത് റായിയുടെയും സിനിമകളില്‍ സംഭാഷണമുണ്ട്.”
സമയബന്ധിതമായി സിനിമകളെടുക്കുന്നയാളല്ല കെ.പി.കുമാരന്. ഇതുകൊണ്ടാണ് രണ്ട് ചിത്രങ്ങള്‍ക്കിടെ പത്തുവര്‍ഷംവരെ ഇടവേള ഉണ്ടാവുന്നത്. 1989-ല്‍ രുഗ്മിണി എടുത്തശേഷം 2000-ലാണ് ‘തോറ്റം’ ചെയ്യുന്നത്. 2009-ലാണ് ‘ആകാശഗോപുരം’ വരുന്നത്. സിനിമയെത്തേടിയല്ല, സിനിമ കുമാരനെത്തേടിയാണ് എപ്പോഴും വന്നിട്ടുള്ളത്.
ഒത്തുതീര്‍പ്പിനു വഴങ്ങാത്ത വ്യക്തിത്വവും ബലിഷ്ഠമായ സിനിമാ സങ്കല്പങ്ങളും കെ.പി. കുമാരന് എന്ന ചലച്ചിത്രകാരനെ വ്യത്യസ്തനാക്കുന്നുണ്ട്. ഈ രംഗത്തെ മാനിപ്പുലേഷന്റെയും മാര്‍ക്കറ്റിങ്ങിന്റെയും പതിവുശൈലികള്‍ അനുവര്ത്തിക്കുന്നയാളുമല്ല. ”ഞാന്‍ ആരെയും ചതിച്ചിട്ടില്ല, പക്ഷേ എന്നെ ഒരുപാടുപേര് ചതിച്ചിട്ടുണ്ട്. സ്വതന്ത്രമായി സിനിമയെടുക്കുന്നയാള്ക്ക് കേരളത്തില്‍ അതിജീവിക്കാന്‍ പ്രയാസമാണ്. ആകാശഗോപുരം ഇറങ്ങിയശേഷം ഒരു മാധ്യമ പ്രവര്‍ത്തകന്‍പോലും എന്റെയടുത്തു വന്ന് ആ സിനിമയെക്കുറിച്ച് ചോദിച്ചിട്ടില്ല. പ്രതികൂലമായ സാഹചര്യങ്ങളില്‍ കുടുംബം കൂടെനിന്നതാണ് കരുത്തായത്. ഭാര്യ ശാന്ത ‘സ്വയംവര’ കാലം മുതല്‍ കുമാരന്റെ സിനിമാ ജീവിതത്തിനൊപ്പമുണ്ട്. മൂത്ത മകന് മനു കുമാരന് സംവിധായകനും സിനിമാ നിര്‍മാതാവുമാണ്. രണ്ടാമത്തെ മകന് ശംഭു കുമാരന് നയതന്ത്രരംഗത്തും. മകള്‍ മനീഷ.
അംഗീകാരങ്ങള്‍ അകലെ
നാല് പതിറ്റാണ്ട് പിന്നിടുന്ന സിനിമാ ജീവിതത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം കെ.പി. കുമാരന് ലഭിച്ചിട്ടുണ്ടെന്ന് പറയാനാവില്ല. വിജയത്തോടെയായിരുന്നു തുടക്കം. 1974-ല്‍ പൂര്‍ത്തിയാക്കിയ അതിഥിക്കു മുന്‍പ് ‘റോക്ക്’ എന്നൊരു ലഘുചിത്രമെടുത്തിരുന്നു. 100 സെക്കന്റ് മാത്രമുള്ള ഈ ചിത്രം ഏഷ്യ 72 ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡ് മെഡല്‍ നേടി. 2017-ല്‍ തിരുവനന്തപുരത്തു നടന്ന ഇരുപത്തിരണ്ടാമത് ചലച്ചിത്രോത്സവത്തില്‍ സ്മൃതിചിത്ര വിഭാഗത്തില്‍ കുമാരന്റെ നാല് ചിത്രങ്ങള്‍- അതിഥി, രുഗ്മിണി, തോറ്റം, ആകാശഗോപുരം-പ്രദര്‍ശിപ്പിക്കുകയുണ്ടായി.
അസാധാരണ ചിത്രമായിരുന്നു അതിഥിയെങ്കിലും പ്രേക്ഷകര്‍ അകന്നുനിന്നു. ”പ്രേക്ഷകരെ ലഭിക്കുകയെന്നതാണ് കേരളത്തില്‍ പ്രശ്നം. സ്വന്തം പ്രേക്ഷകരെ ചലച്ചിത്രകാരന് തന്നെ ഉണ്ടാക്കേണ്ടിയിരിക്കുന്നു” എന്നാണ് കുമാരന് പറയുന്നത്. സംവിധായകന് വളരെയധികം സംതൃപ്തി നല്കിയ ചിത്രമായിരുന്നു രുഗ്മിണി. മലയാള ചരിത്രത്തിലെ അസാധാരണമായ ചിത്രം. ദേശീയതലത്തില്‍ പ്രാദേശിക ചിത്രത്തിനുള്ള പുരസ്കാരവും, സംസ്ഥാനത്ത് മികച്ച സംവിധാനത്തിനടക്കം മൂന്ന് പുരസ്കാരങ്ങളും രുഗ്മിണിക്ക് ലഭിച്ചു. എന്നാല്‍ ദേശീയ-സംസ്ഥാന പുരസ്കാര പ്രഖ്യാപനങ്ങള്‍ക്ക് ഏതാനും മാസം മുന്‍പായിരുന്നു ഇന്ത്യന്‍ പനോരമ നിര്‍ണയം. ദക്ഷിണമേഖലാ സെലക്ഷനില്‍ ഉള്‍പ്പെട്ട ‘രുഗ്മിണി’ പനോരമയില്‍നിന്ന് എങ്ങനെയോ ഒഴിവാക്കപ്പെട്ടു.
”ചലച്ചിത്രോത്സവങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ട ചിത്രമാണ് രുഗ്മിണി. എനിക്ക് മൊത്തിക്കുടിക്കാവുന്ന ചായയല്ല സിനിമയെന്ന് പൂര്‍ണബോധ്യമായി” എന്ന സംവിധായകന്റെ വാക്കുകളില്‍ എല്ലാമുണ്ട്. കേരളത്തിലെ അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ‘തോറ്റം’ തിരക്കഥയ്ക്കുള്ള സുവര്‍ണ ചകോരം നേടി. ഇറാനിയന്‍ സംവിധായകന് മക്മല്‍ ബഫ് ഉള്‍പ്പെടുന്ന ജൂറിക്ക് ഈ കൊച്ചുചിത്രത്തിന്റെ മര്‍മം പിടികിട്ടി. പതിവുപോലെ സ്റ്റേറ്റ് അവാര്‍ഡ് ജൂറിയും ദേശീയ ജൂറിയും ചിത്രത്തെ നിസ്സാരവല്‍ക്കരിച്ചു. ചലച്ചിത്ര ജീവിതം ‘തോറ്റ’ത്തോടെ അവസാനിച്ചമട്ടായിരുന്നുവെന്ന് കുമാരന് പറയുമ്പോള്‍ ആ വാക്കുകളില്‍ ഒരു ചലച്ചിത്രകാരന്റെ വേദന നിറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: