തിരുവനന്തപുരം: സത്യമേവ ജയതേ എന്നത് സെന്‍കുമാറിന്റെ ഹൃദയത്തില്‍ പതിഞ്ഞ വാക്കുകളാണെന്ന് കവയത്രി സുഗതകുമാരി. ടി.പി. സെന്‍കുമാറിന്റെ ‘എന്റെ പോലീസ് ജീവിതം’ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. സുഗതകുമാരിയുടെ വീടായ നന്ദാവനത്തെ വരദയില്‍ നടന്ന ചടങ്ങില്‍ ജോര്‍ജ് ഓണക്കൂറിന് നല്‍കി സുഗതകുമാരി പുസ്തകം പ്രകാശനം ചെയ്തു. അനീതിയും അധര്‍മവും എവിടെക്കാണുന്നുവോ അതിനെ എതിര്‍ക്കുവാനുള്ള കരുത്തും ദൈവാനുഗ്രഹവും ഉണ്ടാകട്ടെയെന്നും സുഗതകുമാരി പറഞ്ഞു.
ഇടറാത്ത കാലടികളോടെ മുന്നോട്ടുപോയ ഒരു പോലീസ് ഓഫീസറുടെ ശ്രദ്ധേയമായ പുസ്തകമാണിതെന്ന് ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു. ഇതില്‍ ആരേയും ഇകഴ്‌ത്താനോ പുകഴ്‌ത്താനോ ശ്രമിച്ചിട്ടില്ല. എന്നാല്‍, ശക്തമായ വിമര്‍ശനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. നിയമം നടത്താനല്ല നീതി നടപ്പാക്കാനാണ് പോലീസുകാര്‍ ശ്രമിക്കേണ്ടതെന്നും ഈ പുസ്തകം വായിച്ചാല്‍ മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു.
1983 മുതല്‍ കേരളം സജീവമായി ചര്‍ച്ച ചെയ്യുന്ന ഒട്ടേറെ കേസുകളും സംഭവങ്ങളും സെന്‍കുമാറിന്റെ സര്‍വീസ് സ്റ്റോറി അനാവരണം ചെയ്യുന്നു. കണ്ണൂരിലെ രാഷ്‌ട്രീയ കൊലപാതകങ്ങള്‍, മതതീവ്രവാദം, ഇന്റലിജന്‍സിലെ നേട്ടവും കോട്ടവും, അഴിമതിക്കേസുകള്‍, ജയിലുകളുടെ നേര്‍ചിത്രം തുടങ്ങി പുറംലോകം അറിയാത്ത യാഥാര്‍ത്ഥ്യങ്ങള്‍, രാഷ്‌ട്രീയ പ്രേരിതമായി ഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയതിന്റെയും നിയമപരമായി ചോദ്യം ചെയ്ത് തിരികെ വന്നതിന്റെയും അനുഭവങ്ങള്‍ ഈ പുസ്തകത്തിലൂടെ അദ്ദേഹം പങ്കുവയ്‌ക്കുന്നുണ്ട്. മുന്‍ ചീഫ് സെക്രട്ടറിമാരായ സി.പി. നായര്‍, എസ്.എം. വിജയാനന്ദ്, മുന്‍ ഡിജിപി സിബി മാത്യു എന്നിവര്‍ സംസാരിച്ചു.
















