കേരളത്തിലെ എന്നല്ല, രാജ്യത്തെതന്നെ പ്രശസ്തമായ കോളേജുകളുടെ പട്ടികയെടുത്താല്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടും ഹിസ് ഹൈനസ് മഹാരാജാസ് യൂണിവേഴ്സിറ്റി കോളേജ് എന്ന തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ്. പ്രശസ്തരായ നിരവധിപേര്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത വിദ്യാലയമെന്ന മേനിയിലാണ് ഈ കോളേജ് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്. അത്തരമൊരു പാരമ്പര്യം മുമ്പ് ഈ കോളേജിനുണ്ടായിരുന്നു എന്നുപറയുന്നതാണ് വാസ്തവം.
അതിപ്രശസ്തരായ പലരും ഇവിടെ വിദ്യാര്‍ഥികളായിരുന്നു. സി.വി. രാമന്‍പിള്ള, ചെങ്കളത്ത് പി കുഞ്ഞിരാമന് മേനോന്, ബാരിസ്റ്റര്‍ ജി.പി. പിള്ള, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കെ.ആര്. ഇലങ്കത്ത്, കേസരി ബാലകൃഷ്ണപിള്ള, എ.കെ. ദാമോദരമേനോന്‍, സാഹിത്യപഞ്ചാനന്‍ പി.കെ. നാരായണപിള്ള, മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്, ജസ്റ്റിസ് ഫാത്തിമ ബീവി, എസ്. ഗുപ്തന് നായര്‍, കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, സര്‍ദാര്‍ കെ.എം. പണിക്കര്‍, ഡോ. പി.സി. അലക്സാണ്ടര്‍, ഒഎന്‍വി കുറുപ്പ്, മലയാറ്റൂര്‍ രാമകൃഷ്ണന്, എം.പി. അപ്പന്, നിത്യചൈതന്യയതി, സുഗതകുമാരി, ഹൃദയകുമാരി അങ്ങനെ നീളുകയാണ് യൂണിവേഴ്സിറ്റി കോളേജിന് പേരും പെരുമയുമുണ്ടാക്കിയ വിദ്യാര്‍ഥികളുടെ നിര. എ.ആര്. രാജരാജവര്‍മ്മ, മുന്‍ഷി രാമക്കുറുപ്പ്, എസ്. ഗുപ്തന് നായര്‍, ടി.എം. കൃഷ്ണനാചാരി, സി.വി. ചന്ദ്രശേഖരന്, എ. ശ്രീധരമേനോന്, എന്‍. കൃഷ്ണപിള്ള, ഒഎന്‍വി കുറുപ്പ്, പ്രൊഫ. എം. കൃഷ്ണന്‍നായര്‍, ഡോ. അയ്യപ്പപ്പണിക്കര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, പന്മന രാമചന്ദ്രന് നായര്‍, ആര്. നരേന്ദ്രപ്രസാദ്, ബി.ഹൃദയകുമാരി, ഡി. വിനയചന്ദ്രന്, വി.പി. ശിവകുമാര്‍ എന്നിങ്ങനെ നീളുന്നതാണ് യൂണിവേഴ്സിറ്റി കോളേജിനെ മികവിന്റെ ഉന്നതസ്ഥാനങ്ങളിലേക്കെത്തിച്ച അധ്യാപകരുടെ പട്ടിക.
സംസ്കാരത്തിനും കലയ്ക്കും വലിയ സംഭാവനകള്‍ നല്കാന് കഴിയുമെന്ന ഉദ്ദേശ്യത്തോടെ സ്വാതിതിരുന്നാള്‍ മഹാരാജാവിന്റെ കാലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. 1834ല്‍ ഒരു സ്വാകാര്യ സ്ഥാപനമായാണ് തുടങ്ങിയതെങ്കിലും കുട്ടികളുടെ ഫീസ് രാജകൊട്ടാരത്തില്‍ നിന്നാണ് അടച്ചിരുന്നത്. 1866ല്‍ ആയില്യം തിരുനാളിന്റെ കാലത്ത് ഇതിനെ കോളേജ് ആക്കി ഉയര്‍ത്തി. മദ്രാസ് സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തു. മഹാരാജാവ് കോളേജ് എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടത്. ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസം തിരുവിതാംകൂറില്‍ സാര്‍വത്രികമാക്കാനായിരുന്നു ലക്ഷ്യം. പ്രമുഖരായ പല അധ്യാപകരെയും യൂണിവേഴ്സിറ്റി കോളേജിലേക്ക് കൊണ്ടുവന്നു. 18 ബിരുദവകുപ്പുകളും 20 ബിരുദാനന്തരബിരുദ വകുപ്പുകളും 12 വിഭാഗങ്ങളില്‍ എംഫില്‍ കോഴ്സുകളുമുള്ള ഈ കലാലയം ഇന്ന് കേരളത്തിന്റെ വിദ്യാഭ്യാസ മണ്ഡലത്തില്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കേണ്ട സ്ഥാപനമായിരുന്നു. എന്നാല്‍ മികവിന്റെ ഈ മഹാ കേന്ദ്രത്തെ ഗുണ്ടകളുടെ വിഹാരകേന്ദ്രമാക്കി അധഃപ്പതിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. കേരളത്തിന്റെ ഭരണസിരാകേന്ദ്രത്തിന് വിളിപ്പാടകലെ സ്ഥിതിചെയ്യുന്ന ഈ കോളേജ് ഇന്ന് സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ആജ്ഞാനുവര്‍ത്തികളായ ഗുണ്ടകള്‍ക്ക് സുരക്ഷിത ജീവിതത്തിന് വഴിയൊരുക്കുന്ന ക്രിമിനല്‍ കേന്ദ്രമായി മാറി.
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കിന്റെ ദേശീയ റാങ്കിങ്ങില്‍ യൂണിവേഴ്സിറ്റി കോളേജ് 18-ാം സ്ഥാനത്തെത്തിയത് അടുത്തിടെയാണ്. ആ വാര്‍ത്തയ്ക്കു പിന്നാലെ തന്നെയെത്തി, മറ്റൊരു വാര്‍ത്തയും.! ഈ കോളേജ് അടക്കിവാഴുന്ന എസ്എഫ്ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ പീഡനത്തെ തുടര്‍ന്ന് പഠിക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെട്ട ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം മികവിന്റെ കലാലയത്തെ ഒട്ടൊന്നുമല്ല ക്ഷീണിപ്പിച്ചത്. പുറത്തുവന്ന ഒരു സംഭവം മാത്രമാണിത്. തങ്ങളുടെ ഇംഗിതത്തിനും ആജ്ഞയ്ക്കും വഴങ്ങാത്തവരെ സിപിഎമ്മിന്റെ ശക്തിയും അധികാരവും ഉപയോഗിച്ച് അടിച്ചൊതുക്കുന്ന ശൈലിയാണ് അവര്‍ സ്വീകരിച്ചുവരുന്നത്.
കേരളത്തിലെ സിപിഎമ്മിന്റെ കേന്ദ്രമായ എകെജി സെന്ററിലേക്ക് കൈപ്പാടകലം മാത്രമാണ് ഈ കോളേജില്‍ നിന്നുള്ളത്. കോളേജിന്റെ പിറകിലെ മതില്‍ചാടിയിറങ്ങിയാല്‍ എകെജി സെന്ററിനുമുന്നിലെത്തും. തലസ്ഥാന നഗരത്തിലെ മുഴുവന്‍ അക്രമസംഭവങ്ങളുടെയും കേന്ദ്രമാകുന്നത് യൂണിവേഴ്സിറ്റി കോളേജാണ്. അക്രമസമരങ്ങള്‍ക്ക് നേതൃത്വം നല്കാന് കഴിവുള്ള ഗുണ്ടകളെ ഈ കോളേജില്‍നിന്ന് പരിശീലിപ്പിച്ചിറക്കുന്നു. ക്ലാസ്മുറികളില്‍ അവര്‍ ആയുധങ്ങള്‍ സംഭരിക്കുന്നു. പേനയും പുസ്തകവുമായെത്തേണ്ടവര്‍ ബോംബും വടിവാളുമേന്തുന്നു. കോളേജ് അടക്കിഭരിക്കുന്ന പാര്‍ട്ടിഗുണ്ടകളുടെ ഭീഷണിക്കുമുന്നില്‍ പഠനം ലക്ഷ്യമാക്കിയെത്തുന്ന വിദ്യാര്‍ത്ഥികള്‍ നിസ്സഹായരാകുന്നു. ഗുണ്ടകള്‍ക്ക് സഹായം നല്‍കുന്നത് പാര്‍ട്ടി അനുഭാവികളായ അധ്യാപകര്‍ കൂടിയാകുമ്പോള്‍ മികവിന്റെ കേന്ദ്രമായി കൊട്ടിഘോഷിക്കുന്ന വിദ്യാലയത്തില്‍ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മഹത്യയല്ലാതെ മറ്റ് വഴികളില്ലാതെയാകുന്നു. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തനങ്ങളെ കുറിച്ച് അവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ എസ്എഫ്ഐ സഹയാത്രിക അരുന്ധതി.ബി ഫേസ്ബുക്കില്‍ എഴുതിയതിങ്ങനെ:
”വലത്തേക്ക് നടന്നാല്‍ സെക്രട്ടേറിയറ്റ്. ഇടത്തേക്ക് തിരിഞ്ഞാല്‍ നിയമസഭ. ആഞ്ഞുപിടിച്ച് പതിനഞ്ച് മിനിറ്റ് നടന്നാല്‍ രാജ്ഭവന്. സിപിഎം പ്രതിപക്ഷത്തിരിക്കുന്ന കാലത്ത് മിനിറ്റുകള്‍ക്കുള്ളില്‍ മിനിമം ആയിരം വിദ്യാര്‍ഥികളെയെങ്കിലും സംഘടിപ്പിച്ച് മേല്‍പ്പറഞ്ഞ ഇടങ്ങളിലെല്ലാം സമരം നടത്താന്‍ കഴിയുമെന്നതുകൊണ്ടാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നിലവിലെ നിലയില്‍ പ്രവര്‍ത്തിക്കുന്നത്. മുഴുവന്‍ വിദ്യാര്‍ഥികളെയും സമരത്തൊഴിലാളികളായി കയ്യില്‍കിട്ടേണ്ടതുകൊണ്ട് മറ്റെല്ലാ പാര്‍ടികളുടെയും പ്രവര്‍ത്തനസ്വാതന്ത്ര്യം കയ്യൂക്കുകൊണ്ട് അവര്‍ തടയുന്നു. അടിച്ചേല്‍പ്പിക്കപ്പെടുന്ന സംഘടനാ മെമ്പര്‍ഷിപ്പ്. അടിച്ചേല്‍പ്പിക്കപ്പെടുന്ന ആയിരം പിരിവുകള്‍. ക്ലാസില്‍ കയറി ചോദ്യവുമുത്തരവുമില്ലാതെ വിദ്യാര്‍ഥികളെ വലിച്ചിറക്കാനാണ് സംഘടനയുടെ കമ്മിറ്റികള്‍. ഡിപാര്‍ട്ട്മെന്റ് കമ്മിറ്റിയിലേക്കും യൂണിറ്റ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത പ്രത്യയശാസ്ത്ര ബോധമോ, സംഘടനാബോധമോ അല്ല, തിണ്ണമിടുക്ക് മാത്രമാണ്. ഭീഷണിപ്പെടുത്തിയും തല്ലിയും കഴിവുതെളിയിക്കുന്ന മുറയ്ക്ക് കമ്മിറ്റികളില്‍ സ്ഥാനക്കയറ്റം ലഭിക്കും.
ഇതൊക്കെ ചേട്ടന്മാരുടെ കാര്യം. ചേട്ടന്മാരെ അനുസരിച്ചും അനുകരിച്ചും നില്ക്കുന്ന ചേച്ചിമാര് മേല്‍ക്കമ്മിറ്റികളിലേക്ക് വളരുന്നു. ശേഷിക്കുന്ന പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും നിശ്ശബ്ദത പാലിക്കുന്നു. ഒച്ചയിടുന്ന പെണ്ണുങ്ങള് വേശ്യകളായി മുദ്രകുത്തപ്പെടുന്നു….” സ്വാതന്ത്ര്യവും ജനാധിപത്യവുമുള്ളൊരു യൂണിവേഴ്സിറ്റി കോളേജിനെ തിരിച്ചുപിടിക്കാന്‍ സംഘടിതനീക്കം അനിവാര്യമാണെന്ന് പറഞ്ഞാണ് അരുന്ധതി ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഒരുകാലത്ത് കേരളത്തിലെ ഏത് വിദ്യാര്‍ത്ഥിയും പഠിക്കണമെന്ന് ആഗ്രഹിച്ച ഈ കലാലയത്തിലേക്ക് ഇന്ന് മാനാഭിമാനമുള്ള ഒരുവിദ്യാര്‍ത്ഥിയും പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നില്ല.
മികവിന്റെ കേന്ദ്രമെന്ന് വിളംബരം ചെയ്യപ്പെടുമ്പോഴും യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ഓരോ വര്‍ഷവും കൊഴിഞ്ഞുപോകുന്നത് നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ്. 2015-16 ല്‍ ബിരുദത്തിന് ചേര്‍ന്നവരില്‍ 106 പേര് മൂന്നാം വര്‍ഷത്തിലെത്തിയപ്പോള്‍ മാറിപ്പോയി. തൊട്ടടുത്ത വര്‍ഷം പ്രവേശനം നേടിയവരില്‍ 108 പേരാണ് കൊഴിഞ്ഞുപോയത്. ചിലര്‍ മറ്റ് കോളേജുകളിലെത്തി. മറ്റുചിലര്‍ പഠനം മതിയാക്കി. ഓരോവര്‍ഷവും എണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ ബിരുദത്തിന് പ്രവേശനം നേടുന്നു. എന്നാല്‍ നൂറിലധികം പേര് കൊഴിഞ്ഞുപോകുകയും ചെയ്യുന്നു. എസ്എഫ്ഐയുടെ കയ്യൂക്കിനെ എതിര്‍ക്കുന്നവരും വഴങ്ങാത്തവരുമാണ് ഇങ്ങനെ പഠനം നിര്‍ത്തുന്നതെന്ന് പരിശോധനകളില്‍നിന്ന് ബോധ്യമാകും.
പഠിക്കാനുള്ള അവസരം ഇല്ലാതാക്കുന്നതില്‍ മനംനൊന്താണ് ഏറ്റവുമൊടുവില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യക്കൊരുങ്ങിയത്. നിര്‍ബന്ധിച്ച് പാര്‍ട്ടിപരിപാടിക്ക് കൊണ്ടുപോകുന്നതും പഠിക്കാനനുവദിക്കാത്തതുമെല്ലാം അവര്‍ എഴുതിവെച്ച ശേഷമായിരുന്നു ജീവനൊടുക്കാന്‍ ശ്രമിച്ചത്. സംഭവം പുറത്തുവന്നപ്പോള്‍ സര്‍ക്കാര്‍ അതിനോട് പ്രതികരിച്ചത് പെണ്‍കുട്ടിക്ക് അനുകൂലമായിട്ടായിരുന്നില്ല. എന്നാല്‍ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ സിപിഎം തന്നെ രംഗത്തെത്തി. പോലീസിന്റെയും പാര്‍ട്ടിക്കാരുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി, കേസുമായി മുന്നോട്ടു പോകുന്നില്ലെന്ന് അവര്‍ക്കു പറയേണ്ടിവന്നു. പോലീസില്‍നിന്നോ സര്‍ക്കാരില്‍നിന്നോ ഒരു സഹായവും ആ വിദ്യാര്‍ത്ഥിനിക്ക് ലഭിച്ചില്ല. തുടര്‍ന്നും ആ കോളേജില്‍ പഠിക്കാന്‍ കഴിയില്ലെന്ന് ബോധ്യമുള്ളതിനാല്‍ ആ പാവം വിദ്യാര്‍ത്ഥിനിയും യൂണിവേഴ്സിറ്റി കോളേജിലെ പഠനം ഉപേക്ഷിച്ചു.
1989ല്‍ ഈ കോളേജിന്റെ ചുവരുകളില്‍ മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും വലിയ ചിത്രങ്ങള്‍ വരച്ചുവച്ചിരുന്നു. പാര്‍ട്ടി ആസ്ഥാനം പോലെ. സഹികെട്ട ചിലര്‍ കോളേജിനുള്ളില്‍ കടന്ന് കരിയോയില്‍ ഒഴിച്ച് ആ ചിത്രങ്ങള്‍ മാറ്റി. അന്നത്തെ അതേ അവസ്ഥ തന്നെയാണ് കോളേജില്‍ ഇന്നും നിലനില്‍ക്കുന്നത്. ഏകെജി സെന്റര്‍ കഴിഞ്ഞാല്‍ സിപിഎം പാര്‍ട്ടിയുടെ ആസ്ഥാനമായി യൂണിവേഴ്സിറ്റി കോളേജ് മാറ്റപ്പെട്ടിരിക്കുന്നു. തലസ്ഥാന ജനതയുടെ സ്വസ്ഥത നശിപ്പിക്കാന്‍, ഗുണ്ടകളുടെ ആയുധപ്പുരയായി ഇത്തരത്തിലൊരു സ്ഥാപനം തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ആവശ്യമുണ്ടോയെന്നത് ചിന്തിക്കണം. ഈ കോളേജിലെ കോഴ്സുകള്‍ ഘട്ടംഘട്ടമായി മറ്റിടങ്ങളിലേക്ക് മാറ്റി, മികവിന്റെ കേന്ദ്രത്തെ സംരക്ഷിത സ്മാരകമാക്കണം. അതുമല്ലെങ്കില്‍ ഇടിച്ചു നിരത്തുക തന്നെ വേണം. അക്രമികള്‍ക്ക്, ഗുണ്ടകള്‍ക്ക്, ക്രിമിനലുകള്‍ക്ക് സു രക്ഷിത താവളം നഗരഹൃദയത്തില്‍ ആവശ്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: