കൊല്ലം: പേരൂര്‍ സ്വദേശി രഞ്ജിത്ത് ജോണ്‍സണിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ ഏഴ് പ്രതികള്‍ക്കും ജീവപര്യന്തം തടവു ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികളായ ഇരവിപുരം സ്വദേശി പാമ്പ് മനോജ് എന്ന മനോജ് (48), നെടുങ്ങോലം സ്വദേശി കാട്ടുണ്ണി എന്ന രഞ്ജിത് (32), പൂതക്കുളം പാണാട്ടുചിറയില്‍ കൈതപ്പുഴ ഉണ്ണി എന്ന ബൈജു (45), ഡീസന്റ് ജങ്ഷന്‍ കോണത്തുകാവിനു സമീപം കുക്കു എന്ന പ്രണവ് (26), ഡീസന്റ് ജങ്ഷന്‍ സ്വദേശി വിഷ്ണു(21), കിളികൊല്ലൂര്‍ പവിത്രം നഗറില്‍ വിനേഷ് (44), വടക്കേവിള സ്വദേശി റിയാസ്(34) എന്നിവരെയാണ് കുറ്റവാളികളായി കണ്ടെത്തിയത്.
അടുത്ത 25 വര്‍ഷത്തേക്ക് പ്രതികള്‍ക്ക് ജാമ്യവും പരോളും നല്‍കരുതെന്ന കര്‍ശന നിര്‍ദേശവും കോടതി നല്‍കി. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, മാരകമായി മുറിവേല്‍പ്പിക്കല്‍, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണു പ്രതികള്‍ക്കു മേല്‍ ചുമത്തിയത്. എട്ടാം പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു.
2018 ഓഗസ്റ്റ് 15നാണ് രഞ്ജിത്ത് ജോണ്‍സണിനെ പ്രതികള്‍ തട്ടിക്കൊണ്ടു പോയി കൊന്ന് കുഴിച്ചുമൂടിയത്. ആദ്യപ്രതി അറസ്റ്റിലായി 82 ദിവസം പിന്നിട്ടപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചു. അഞ്ചംഗ സംഘമാണ് രഞ്ജിത്തിനെ തട്ടിക്കൊണ്ടുപോയത്. മുഖ്യ പ്രതിയായ മനോജ് എന്ന പാമ്പ് മനോജിന്റെ ഭാര്യ വര്‍ഷങ്ങളായി രഞ്ജിത്തിനൊപ്പമായിരുന്നു താമസം. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മകനെ കാണാനില്ലെന്ന് രഞ്ജിത്തിന്റെ അമ്മ ട്രീസ കിളികൊല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം ആരംഭിക്കുന്നത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. വീട്ടില്‍ പ്രാവിനെ വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതികള്‍ രഞ്ജിത്തിനെ കാറില്‍ പരവൂര്‍, നെടുങ്ങോലം എന്നിവിടങ്ങളില്‍ കൊണ്ടുപോയി മര്‍ദ്ദിച്ച് കൊന്നതാണെന്ന് പോലീസ് കണ്ടെത്തി.
കൊലപ്പെടുത്തിയ ശേഷം തിരുനല്‍വേലിക്ക് അടുത്തുള്ള സമുന്ദാപുരത്ത് എത്തിച്ച് ക്വാറി വേസ്റ്റുകള്‍ക്കിടയില്‍ മൃതദേഹം കുഴിച്ചിട്ടു.. പ്രതികള്‍ക്കെതിരെ 225 രേഖകളും 26 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. ശക്തമായ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് കേസിലെ പ്രതികളെല്ലാം. വിചാരണ നടപടികളിലും വിധി പ്രസ്താവ ദിനത്തിലും യാതൊരു കൂസലുമില്ലാതെയാണ് പ്രതികളെല്ലാം കോടതിയില്‍ എത്തിയത്. കോടതിക്ക് പുറത്ത് മാധ്യമങ്ങളേയും പോലീസ് ഉദ്യോഗസ്ഥരേയും നാട്ടുകാരേയും ഇവര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
















