അഹമ്മദാബാദ് : ഗുജറാത്തി വിവാഹം ഏറെ ആഘോഷങ്ങള്‍ നിറഞ്ഞതാണ്. ഷെര്‍വാണിയും സര്‍വ്വാഭരണ വിഭൂഷിതനായി തൊപ്പിയും ധരിച്ച് കുതിരപ്പുറത്താണ് വരന്‍ വിവാഹത്തിനായി പന്തലിലേക്ക് യാത്രയാവുന്നത്. ആചാര പ്രകാരം വിവാഹത്തിന് തലേന്ന് സംഗീത്, മൈലാഞ്ചിയിടല്‍ എന്നീ ചടങ്ങുകളും നടത്താറുണ്ട്.
ഇത്തരത്തില്‍ എല്ലാ ആഘോഷങ്ങളും നടത്തി വിവാഹത്ത് വരന്‍ കുതിരപ്പുറത്ത് മണ്ഡപത്തിലേക്ക് പുറപ്പെടുകയും ചെയ്തു. എന്നാല്‍ വധു മാത്രം ഉണ്ടായില്ല. വടക്കന്‍ ഗുജറാത്തിലെ സബര്‍കാന്ദ ജില്ലയില്‍ ഹിമ്മന്ത്‌നഗറിലാണ് ഇത്തരത്തില്‍ ഒരു വിവാഹം അരങ്ങേറിയത്. ബുദ്ധി വളര്‍ച്ചയില്ലാതിരുന്ന അജയ് ബരോട് (27) എന്ന സ്വന്തം മകന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിനായി ഒരു അച്ഛന്‍ പേരിന് മാത്രമായി ഒരുക്കിയ ഒരു വിവാഹമായിരുന്നു ഇത്.
പ്രദേശത്തെയും ബന്ധുക്കളുടേയും വിവാഹങ്ങളില്‍ അജയ് കൃത്യമായും പങ്കെടുക്കുമായിരുന്നു. തന്റെ പ്രായത്തില്‍ ഉള്ളവരുടെ വിവാഹം കഴിക്കാന്‍ തുടങ്ങിയതോടെ അജയും അതുപോലെ വിവാഹം നടക്കാന്‍ അച്ഛനോട് ആവശ്യപ്പെടുകയായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ അജയ്‌ക്ക് അമ്മ നഷ്ടപ്പെട്ടിരുന്നു. ഒപ്പം വൈകല്യം ഉള്ളതിനാലും അജയ്‌ക്ക് വധുവിനെ ഏറെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ അച്ഛന്‍ വിഷ്ണുഭായി ബരോട്ടിനായില്ല. ഗുജറാത്ത് സര്‍ക്കാരിന്റെ ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷനിലെ കണ്ടക്ടറാണ് വിഷ്ണുഭായി ബരോട്.
വിവാഹത്തെ കുറിച്ചുള്ള മകന്റെ ചോദ്യങ്ങള്‍ കൂടിയതോടെ വിഷ്ണുഭായ് ബന്ധുക്കളുമായി ആലോചിച്ച് വിവാഹം പോലെ ഇത്തരത്തില്‍ ഒന്ന് സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എണ്ണൂറോളം അതിത്ഥികളാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്. ഇതിനായി മൊത്തം രണ്ട് ലക്ഷം രൂപയും ചെലവഴിച്ചു. മകന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാനായ സന്തോഷത്തിലാണ് ഈ അച്ഛൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: