മലപ്പുറം: ഇരുകൈകളുമില്ലാതെ കാലുകള്‍ ഉപയോഗിച്ച് പത്താംക്ലാസ് പരീക്ഷ എഴുതി മികച്ച വിജയം നേടിയ ദേവിക എന്ന മിടുക്കിയെ നേരില്‍ കാണാന്‍ സുരേഷ് ഗോപിയെത്തി. വള്ളിക്കുന്നത്തെ വീട്ടിലെത്തിയായിരുന്നു സന്ദര്‍ശനം. ദേവികയുടെ കാലില്‍തൊട്ട് അഭിനന്ദിക്കുന്ന ചിത്രം സുരേഷ് ഗോപി തന്നെ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തു.
വള്ളിക്കുന്ന് സിബിഎച്ച്‌എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ദേവിക എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. മറ്റൊരു കുട്ടിയെ വച്ച് പരീക്ഷയെഴുതാനുള്ള സൗകര്യം വേണ്ടെന്നുവച്ചാണ് ദേവിക മറ്റെല്ലാ ക്ലാസുകളിലെയും പരീക്ഷ പോലെ എസ്‌എസ്‌എല്‍സിയും സ്വയം എഴുതിയത്. രണ്ട് പരീക്ഷയില്‍ മാത്രം അനുവദനീയമായ അധിക സമയം ഉപയോഗിച്ചതല്ലാതെ മറ്റെല്ലാ പരീക്ഷകളും മറ്റുള്ളവര്‍ക്ക് ഒപ്പം എഴുതി തീര്‍ത്താണ് ഈ മിടുക്കി എ പ്ലസ് കരസ്ഥമാക്കിയത്.
പഠിച്ച സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും ദേവികയുടെ വിജയത്തിനായി ഒപ്പം നിന്നു. അതിലുപരി മാതാപിതാക്കളുടെ അളവറ്റ സ്നേഹവും പ്രോത്സാഹനവും ദേവികയുടെ കഠിനാധ്വാനവും ഈ വിജയത്തിന് മാറ്റു കൂട്ടി. ജന്മനാ ഇരുകൈകളുമില്ലാതിരുന്ന ദേവികയെ മാതാപിതാക്കളാണ് കാലുകള്‍ ഉപയോഗിച്ച് എഴുതാന്‍ പഠിപ്പിച്ചത്. പഠനത്തില്‍ മാത്രമല്ല കലയിലും പാട്ടിലും ഒന്നാം സ്ഥാനക്കാരിയാണ് ദേവിക. ചിത്രം വരച്ചും പാട്ടു പാടിയും ദേവിക നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഇനി പ്ലസ് വണിന് ഹ്യുമാനിറ്റീസ് എടുത്ത് ഇവിടെ തന്നെ പഠിക്കാനാണ് ദേവികയുടെ തീരുമാനം. ഭാവിയില്‍ സിവില്‍ സര്‍വീസ് നേടണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം.
















