തിരുവനന്തപുരം: സ്വകാര്യവത്കരണവും കച്ചവടവും സംസ്ഥാനത്തെ ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം നഷ്ടപ്പെടുത്തുന്നു. സ്വാശ്രയ കോളേജുകളിലെ എംബിബിഎസിന് ഉള്‍പ്പെടെ പലയിടത്തും അധ്യാപകരോ പഠന വിധേയമാക്കാന്‍ രോഗികളോ ഇല്ല. നഴ്സിങ് കോളേജുകളിലും പാരാമെഡിക്കല്‍ കോഴ്സുകളിലും പ്രാക്ടിക്കല്‍ നല്കാന് നെട്ടോട്ടം. വിദഗ്ദ്ധരായ അധ്യാപകര്‍ ഇല്ലാത്തതും കോളേജുകളുടെ പ്രവര്‍ത്തനത്തിന് കൃത്യമായ പരിശോധനകള്‍ ഇല്ലാത്തതും ഈ രംഗത്തെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നഷ്ടപ്പെടുത്തുന്നു.
എംബിബിഎസ്, ദന്തല്‍, ആയുര്‍വേദ, ഹോമിയോ, യുനാനി, നഴ്സിങ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ അടക്കം 1260 കോഴ്സുകളിലായി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ആരോഗ്യമേഖലയില്‍ പഠിക്കുന്നത്. ഈ രംഗത്തുള്ളതില്‍ 90 ശതമാനത്തിലധികവും സ്വകാര്യ കോളജുകളാണ്. പാലക്കാട് കേരള മെഡിക്കല്‍ കോളേജില്‍ 2016 ല്‍ എംബിബിഎസിന് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ മറ്റ് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റാനുള്ള നെട്ടോട്ടത്തിലാണ് രക്ഷിതാക്കള്‍.
കേരള മെഡിക്കല്‍ കോളേജില്‍ ഒപിപോലും പ്രര്‍ത്തിക്കുന്നില്ല. വിദ്യാര്‍ത്ഥികളും രക്ഷാകര്‍തൃസമിതിയും നല്കിയ ഹര്‍ജികളില്‍ ഈ മാസം 21ന് വിധി പറയും. വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഷോക്കോസ് നോട്ടീസ് നല്കിയിരിക്കുന്നു. ഇവിടെ ക്ലാസ്സുകള്‍ നടക്കുന്നില്ലെന്ന് ഹൈക്കോടതിക്കും ബോദ്ധ്യമായി. 350 കിടക്കകളും 170 അധ്യാപകരും ഉള്‍പ്പെടെ വിപുലമായ സൗകര്യമാണ് മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കേണ്ടത്.
ഇവിടെ ഒരു രോഗിപോലും ഒപിയില്‍ എത്താറില്ലെന്നും സര്ജന്മാരോ വിദഗ്ദ്ധ അധ്യാപകരോ ഡിപ്പാര്‍ട്ട്മെന്റുകളോ പ്രവര്‍ത്തിക്കുന്നില്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയില്‍ കണ്ടെത്തി. മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കേണ്ട സര്‍ജറി റൂമുകള്‍ പൊടി പിടിച്ച് കിടക്കുന്നുവെന്നാണ് നിരീക്ഷണ സമിതി റിപ്പോര്‍ട്ടിലുള്ളത്. ഇതാണ് പല സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെയും സ്ഥിതി.
മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനാവേളയില്‍ പലയിടത്തും രോഗികളെ നിറയ്ക്കാനുള്ള നെട്ടോട്ടത്തിലായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. തലനാരിഴയ്ക്ക് മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയില്‍ നിന്ന് രക്ഷനേടിയവരാണ് അധികവും. ഇത്തരം കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നാഡിമിടിപ്പ് പോലും രേഖപ്പെടുത്താന്‍ അറിയില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. എന്നിട്ടും ഇത്തരം കോളേജുകളില്‍ 95ശതമാനത്തിലേറെ വിജയം ഉണ്ടാകുന്നത് ദുരൂഹമാണ്.
ബിഎസ്സി നഴ്സിങ്ങിന് 122 കോളേജുകളുണ്ട്. 90 ശതമാനവും സ്വകാര്യ മേഖലയിലാണ്. പലകോളേജുകള്ക്കും സ്വന്തമായി ആശുപത്രികളില്ല. മറ്റ് ആശുപത്രികളുടെ കനിവിലാണ് ഇവിടത്തെ വിദ്യാര്‍ത്ഥികളുടെ നഴ്സിങ് പരിശീലനം. നേരത്തെ വിദഗ്ദ്ധരായ അധ്യാപകരുടെ പേരുകള്‍ പലകോളേജുകള് ഉപയോഗിച്ചിരുന്നു. അത് കാണിച്ചാണ് ഇവര്‍ പ്രവേശനം നടത്തിയിരുന്നത്.
എന്നാല്‍ അധ്യാപകര്‍ക്ക് ആരോഗ്യ സര്‍വ്വകലാശാല രജിസ്ട്രേഷന് നിര്‍ബന്ധമാക്കിയതോടെ ഒരാള്‍ക്ക് ഒരിടത്ത് മാത്രമേ പഠിപ്പിക്കാനാവൂ. ഇതോടെ വിദഗ്ദ്ധരായ അധ്യാപകരില്ലാതെയാണ് പല നഴ്സിങ് കോളേജുകളും പ്രവര്‍ത്തിക്കുന്നത്. മറ്റ് കോഴ്സുകള്‍ നടത്തുന്ന സ്വകാര്യ കോളേജുകളുടെയും സ്ഥിതി വ്യത്യസ്തമല്ല. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് പോകാമെന്നുവച്ചാല്‍ കോഴ്സിന്റെ മുഴുവന്‍ ഫീസും നല്‍കണം. പ്ലസ്ടു പരീക്ഷാ ഫലം വന്നതോടെ പൊള്ളത്തരങ്ങള്‍ നിറച്ച വെബ്സൈറ്റുകളുമായി രക്ഷിതാക്കളെ ആകര്‍ഷിക്കാന്‍ സ്വകാര്യകോളേജുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: