തിരുവനന്തപുരം: ചൂര്‍ണിക്കരയില്‍ തണ്ണീര്‍ത്തടം നികത്തുന്നതിന് വ്യാജരേഖ തയ്യാറാക്കാന്‍ കൂട്ടുനിന്ന ലാന്‍ഡ് റവന്യു കമ്മീഷണറേറ്റിലെ ഓഫീസ് അറ്റന്‍ഡന്റ് കെ. അരുണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഉത്തരവിറക്കി.
തൃശൂര്‍ മതിലകം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആലുവ ചൂര്‍ണിക്കരയിലെ 25 സെന്റ് സ്ഥലമാണ് വ്യാജരേഖകള്‍ ചമച്ച് നികത്തിയത്. സംഭവത്തില്‍ ഇടനിലക്കാരനായ ആലുവ സ്വദേശി അബുവിനെ അന്വേഷണസംഘം നേരത്തെ പിടികൂടിയിരുന്നു.
അരുണ്‍കുമാറാണ് വ്യാജരേഖയില്‍ സീല്‍ പതിപ്പിച്ച് നല്‍കിയതെന്ന് അബു മൊഴി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് അരുണ്‍കുമാറിനെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പിടികൂടിയത്. അറസ്റ്റിലായ അരുണ്‍കുമാര്‍ തിരുവഞ്ചൂര്‍രാധാകൃഷ്ണന്‍ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരനായിരുന്നു.
















