തിരുവനന്തപുരം: കുട്ടിക്കാലത്ത് തീയേറ്ററില്‍ പോയി സിനിമകള്‍ കാണാന്‍ അധികം ഭാഗ്യം ലഭിച്ചിട്ടില്ലാത്ത മലയാളത്തിന്റെ യുവനടി നിഖില വിമല്‍ ആദ്യമായാണ് ഒരു ചലച്ചിത്രമേളയ്ക്കെത്തുന്നത്. അത് കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയായതില് വളരെയധികം സന്തോഷമുണ്ടെന്ന് താരം പറഞ്ഞു. കൈരളി തീയേറ്ററില്‍ മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിഖില. ഇത്തരം മേളകളിലൂടെ സിനിമയിലെയും ജീവിതത്തിലെയും നല്ലതും ചീത്തയും തിരിച്ചറിയാന്‍ കഴിയുമെന്നും യുവനടി വ്യക്തമാക്കി.
പാപനാശത്തിന് ശേഷം ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയാകുന്നതിന്റെ സന്തോഷവും താരം പങ്കുവെച്ചു. കുഞ്ഞിക്കാന്റെ (ദുല്‍ഖര്‍) കൂടെ ‘ഒരു യമണ്ടന്‍ പ്രണയകഥ’യില്‍ അഭിനയിച്ചല്ലോ, അദ്ദേഹമെങ്ങനെയാണ്? ഒരു കുഞ്ഞിക്കുറുമ്പത്തിക്ക് അറിയാന്‍ മോഹം. ”ദുല്‍ഖര്‍ വളരെ സിംപിളാണ്. ഒരുപാട് ആരാധകരുള്ള ആളാണ്. അതിന്റെ ജാഡകളില്ല” നിഖില പറഞ്ഞു. ”ഫഹദ് ഫാസിലിന്റെ കൂടെ അഭിനയിക്കുമ്പോള്‍ ചെറിയ പേടിയുണ്ട്. മറ്റൊന്നുമല്ല, ഫഹദ് ആദ്യ ടേക്കില്‍ എല്ലാം ഒകെയാക്കും. ഞാനഭിനയിച്ചത് ശരിയായോ എന്ന് സംശയം തോന്നും. അതിനാല്‍ എല്ലാ ഷോട്ടും കഴിയുമ്പോള്‍ സംവിധായകന് സത്യന് അന്തിക്കാടിന്റെ മുഖത്ത് നോക്കുമായിരുന്നു.
വിനീത് ശ്രീനിവാസന്റെ കൂടെയുള്ള അഭിനയം എളുപ്പമാണ്. കാരണം ‘അരവിന്ദന്റെ അതിഥികള്‍’ എന്ന സിനിമയുടെ ലൊക്കേഷന്‍ കുടുംബാന്തരീക്ഷം പോലെയായിരുന്നു. സിനിമ വിജയിച്ച് കഴിഞ്ഞ് 30 ദിവസം തീയേറ്റര്‍ വിസിറ്റും ഉണ്ടായിരുന്നു. ഡിഗ്രി അവസാന വര്‍ഷ പരീക്ഷയ്ക്ക് തയാറെടുക്കുമ്പോഴാണ് ‘ലവ് 24’ ലേക്ക് വിളിക്കുന്നത്. പരീക്ഷവേണോ, സിനിമ വേണോ? ആകെ ടെന്‍ഷനടിച്ച് നില്ക്കുമ്പോള് അധ്യാപകര്‍ പറഞ്ഞു, ധൈര്യമായിട്ട് പോയി അഭിനയിക്കൂ. പരീക്ഷ പിന്നെയാണെങ്കിലും എഴുതാമല്ലോ. അങ്ങനെ പരീക്ഷ ഉപേക്ഷിച്ചു. അടുത്ത വര്‍ഷമാണ് ഡിഗ്രി എഴുതി എടുത്തത്.”
സിനിമയില്‍ വന്നില്ലെങ്കില്‍ ആരാകുമായിരുന്നു എന്ന് ചോദിച്ചപ്പോള്‍, ”അമ്മ നര്‍ത്തകിയാണ് ഞാന്‍ പ്ലസ് ടു വരെ നൃത്തം അഭ്യസിച്ചിരുന്നു. അച്ഛന് എഴുതും. അതുകൊണ്ട് ഒരു ആര്‍ട്ടിസ്റ്റ് ആകുമായിരുന്നു. സിനിമയില്‍ വരുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല. തമിഴില്‍ വിജയ് സേതുപതിക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്.” അപ്പോ ലാലേട്ടന്റെ കൂടെ അഭിനയിക്കില്ലേ? എന്ന് ചോദിച്ച കുട്ടിയോട്, ലാലേട്ടനൊപ്പം അഭിനയിക്കാന്‍ ഇഷ്ടമില്ലാത്ത ആരെങ്കിലുമുണ്ടോ എന്ന് പറഞ്ഞു. പരിപാടിയില്‍ സമിതി ജനറല്‍ സെക്രട്ടറി എസ്.പി. ദീപക്, ട്രഷറര്‍ രാധാകൃഷ്ണന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: