തൃശൂര്‍: ശബരിമലയില്‍ പോലീസ് നടപ്പാക്കിയ രീതിയിലുള്ള നിയന്ത്രണങ്ങള്‍ തൃശൂര്‍ പൂരത്തിലും കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം. ഇന്നലെ തെക്കേ ഗോപുരനട തുറക്കുന്ന ചടങ്ങില്‍ കടുത്ത നിയന്ത്രങ്ങളായിരുന്നു അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ ഏര്‍പ്പെടുത്തിയ സുരക്ഷയുടെ മറവില്‍ ബാരിക്കേഡുകളും വടങ്ങളും ഉപയോഗിച്ച് പൂരപ്രേമികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. 10 മീറ്റര്‍ ചുറ്റളവില്‍ സുരക്ഷയൊരുക്കണമെന്ന ഭരണകൂടത്തിന്റെ ഉത്തരവിന്റെ മറവില്‍ 50 മീറ്ററിലധികം ചുറ്റളവില്‍ പോലീസ് ബാരിക്കേഡ് തീര്‍ത്തു. അതിരാവിലെ എത്തിയവര്‍ ഗോപുരത്തിനടുത്ത് ഇടം പിടിച്ചിരുന്നു.
എന്നാല്‍ 8.30 ഓടെയെത്തിയ എസ്ഐ ട്രെയിനിമാരുടെ സംഘം പൂരപ്രേമികളെ ബലം പ്രയോഗിച്ച് നീക്കി. പൂരം ഡ്യൂട്ടിക്കായി അഞ്ച് ഐപിഎസ് ട്രെയിനികള്‍, 30 ഡിവൈഎസ്പിമാര്‍ 60 സിഐമാര്‍ 300 എസ്ഐമാര്‍, 3000 കോണ്‍സ്റ്റബിള്‍മാര്‍, 250 വനിതാ പോലീസ്, 130എസ്ഐ ട്രെയിനികള്‍ എന്നിവരെയാണ് നിയോഗിച്ചിരുന്നത്. തൃശൂര്‍ റേഞ്ച് ഐജി ബല്‍റാംകുമാര്‍ ഉപാധ്യായ, ശബരിമലയിലെ ഡ്യൂട്ടിക്കിടയില്‍ വിവാദമുണ്ടാക്കിയ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര എന്നിവരാണ് മേല്‍നോട്ടം വഹിക്കുന്നത്.
വന്‍ പോലീസ് പടയ്ക്കൊപ്പം 10 ഡോഗ് സ്ക്വാഡുകളും 160 ബോംബ് സ്ക്വാഡും തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോ സംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്. പൂര്‍ണ്ണമായി പോലീസ് നിയന്ത്രണത്തിലാണ് പൂരച്ചടങ്ങുകള്‍ നടക്കുന്നതെന്നാണ് ആക്ഷേപം. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പിന് ശേഷം നിലപാടുതറയിലേക്ക് പോകാനിറങ്ങിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തടഞ്ഞതിനു പിന്നില്‍ മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ നിര്‍ദേശമാണ്. വിവാദ കമ്മീഷണര്‍ യതീഷ്ചന്ദ്രയുടെ നേതൃത്വത്തിലാണ് തിടമ്പ് മറ്റൊരു ആനപ്പുറത്തേക്ക് മാറ്റിയത്. ആചാരങ്ങളില്‍ പോലീസും മന്ത്രിയും ഇടപെട്ടതിനെതിരെ ക്ഷേത്രക്കമ്മിറ്റിക്കും പൂരപ്രേമികള്‍ക്കും അമര്‍ഷമുണ്ട്. ഭക്തര്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ മന്ത്രി പൂരനഗരിയില്‍ നിന്ന് തടിതപ്പി.
ആചാരങ്ങളില്‍ മന്ത്രിയുടെ കൈകടത്തലിനെതിരെ തൃശൂര്‍ ഡിസിസി പ്രസിഡന്റ് ടി.എന്‍. പ്രതാപന് രംഗത്തെത്തി. സുരക്ഷയ്ക്കായി ആളുകളുണ്ടായിട്ടും ഇത്തരത്തിലൊരു നീക്കം നടത്തിയതില്‍ ദുരൂഹതയുണ്ട്. പോലീസിന്റെ കടുത്ത നിയന്ത്രണത്തില്‍ ജനം വലയുകയാണ്. വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ പലയിടങ്ങളും പോലീസ് കൈയേറിക്കഴിഞ്ഞു.
പൂരപ്പറമ്പിനെ അഞ്ചായി വിഭജിച്ചാണ് നിയന്ത്രണങ്ങള്‍. സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ പൂരപ്രേമികള്‍ക്ക് തേക്കിന്‍കാട് മൈതാനിയില്‍ വിലക്കിയതിലും പ്രതിഷേധമുണ്ട്. ബാഗുകള്‍ക്ക് വിലക്കുള്ളതിനാല്‍ ദൂരത്തുനിന്നെത്തുന്നവരും വലയുകയാണ്. കടകള്‍ നടത്തുന്നവര്‍ ഭയം കാരണം ഇവ സൂക്ഷിക്കാന്‍ തയ്യാറല്ല.
കടുത്ത നിയന്ത്രണങ്ങള്‍ക്കിടെ പൂരപ്രേമികളും പോലീസും തമ്മില്‍ തെക്കേഗോപുര നടയില്‍ ഉന്തുംതള്ളുമുണ്ടായി. വടത്തിന് പുറത്തിറങ്ങിയവരെ പോലീസ് മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്. ശബരിമലയില്‍ നടപ്പാക്കിയതുപോലെ ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് പൂരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തന്ത്രമാണെന്ന് പൂരപ്രേമികള്‍ പറയുന്നു.
സുരക്ഷയുടെ പേരില്‍ ശബരിമല തിരുനടയിലും വാവരുനടയിലും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. പൂരത്തിന് സേവാഭാരതിയടക്കമുള്ള സംഘടനകള്‍ വര്‍ഷങ്ങളായി നടത്തിവന്നിരുന്ന സൗജന്യ മെഡിക്കല്‍ സഹായത്തിനും കുടിവെള്ള വിതരണത്തിനും അനുമതി നിഷേധിച്ചതിന് പിന്നില്‍ ദേവസ്വം മന്ത്രിയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഐഎസ് അക്രമഭീഷണിയുടെ മറവില്‍ പൂരത്തിന്റെ നിയന്ത്രണം പോലീസിനെ ഉപയോഗിച്ച് പിടിച്ചെടുക്കാനുള്ള ശ്രമമാണ് ഇടത് സര്‍ക്കാര്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: